ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാൻ ടീം ഇന്ത്യ ഒരുങ്ങുമ്പോൾ, വലിയ ചർച്ചകൾക്ക് വഴിവെച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഫോമില്ലായ്മ. മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയാണ് സൂര്യയുടെ ലോകകപ്പ് റെക്കോർഡുകളെ പരിഹസിച്ച് രംഗത്തെത്തിയത്. വലിയ ടീമുകൾക്കെതിരെ സൂര്യകുമാർ സ്ഥിരമായി പരാജയപ്പെടുകയാണെന്നും താരത്തെ 'മിന്നോ ബാഷർ' (ചെറിയ ടീമുകൾക്കെതിരെ മാത്രം റൺസ് നേടുന്നവൻ) എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനമാണ് നടത്തുന്നതെന്നും ചോപ്ര നിരീക്ഷിച്ചു.
വലിയ ടീമുകൾക്കെതിരെ പതറുന്ന 'സ്കൈ'
സൂര്യകുമാർ യാദവിന്റെ അഞ്ചാം ലോകകപ്പാണിത്. എന്നാൽ മികച്ച 10 ടീമുകൾക്കെതിരെ വെറും രണ്ട് അർദ്ധ സെഞ്ചുറികൾ മാത്രമാണ് താരത്തിന് നേടാനായതെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. "അദ്ദേഹം യുഎസ്എയ്‌ക്കെതിരെ 84 റൺസ് നേടി മികച്ച തുടക്കം നൽകി. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരെ 11-ഉം ഇംഗ്ലണ്ടിനെതിരായ സെമിയിൽ 18-ഉം റൺസിനാണ് പുറത്തായത്. പാകിസ്ഥാനെതിരായ 32 റൺസാണ് ടൂർണമെന്റിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സായി എനിക്ക് തോന്നുന്നത്, കാരണം ആ സമയത്ത് അത് അത്യാവശ്യമായിരുന്നു," ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ബാറ്റിംഗ് ഓർഡറിൽ മാറ്റത്തിന് സാധ്യത?
ഫൈനലിൽ ന്യൂസിലൻഡിന്റെ സ്പിൻ നിരയെ നേരിടാൻ സൂര്യകുമാർ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് ഇറങ്ങാൻ സാധ്യതയുണ്ടെന്നും ചോപ്ര പ്രവചിക്കുന്നു. സെമി ഫൈനലിൽ ചെയ്തതുപോലെ അഞ്ചാം നമ്പറിലേക്ക് സൂര്യ മാറുകയും, പകരം സ്പിന്നിനെ നന്നായി നേരിടുന്ന ശിവം ദുബെയെ നേരത്തെ ഇറക്കുകയും ചെയ്തേക്കാം. മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര എന്നിവരെ നേരിടാൻ ദുബെയെ ഉപയോഗിക്കുന്നത് ടീമിന് ഗുണകരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫൈനലിൽ അദ്ഭുതം സംഭവിക്കുമോ?
നായകൻ എന്ന നിലയിൽ മികച്ച രീതിയിൽ ടീമിനെ നയിക്കുന്നുണ്ടെങ്കിലും ബാറ്റിംഗിൽ സൂര്യകുമാറിന്റെ ഒരു വലിയ ഇന്നിംഗ്‌സ് ഫൈനലിൽ ഇന്ത്യക്ക് അനിവാര്യമാണ്. 70 റൺസൊന്നും വേണ്ടെങ്കിലും മത്സരഗതി മാറ്റുന്ന ഒരു ഇന്നിംഗ്‌സ് നായകനിൽ നിന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് ചോപ്ര അവസാനിപ്പിച്ചത്. സഞ്ജു സാംസൺ മിന്നും ഫോമിൽ തുടരുമ്പോൾ മറുഭാഗത്ത് നായകൻ പരാജയപ്പെടുന്നത് ആരാധകർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.
ടൂർണമെന്റിലുടനീളം ബാറ്റിംഗിൽ സ്ഥിരത കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സൂര്യകുമാർ, പ്രധാനമായും വലിയ ടീമുകൾക്കെതിരെയും നോക്കൗട്ട് മത്സരങ്ങളിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വെറും 11 റൺസിനാണ് താരം പുറത്തായത്. ഈ ലോകകപ്പിൽ യുഎസ്എയ്‌ക്കെതിരെ നേടിയ 84 റൺസ് മാറ്റിനിർത്തിയാൽ മറ്റ് മത്സരങ്ങളിലൊന്നും 'സ്കൈ' എന്നറിയപ്പെടുന്ന താരത്തിന്റെ സ്വാഭാവികമായ വെടിക്കെട്ട് ബാറ്റിംഗ് ആരാധകർക്ക് കാണാനായിട്ടില്ല. നിർണ്ണായകമായ ഫൈനൽ പോരാട്ടത്തിൽ നായകനിൽ നിന്നൊരു മികച്ച ഇന്നിംഗ്സ് പിറന്നില്ലെങ്കിൽ അത് ഇന്ത്യയുടെ കിരീട സ്വപ്നങ്ങളെ ബാധിച്ചേക്കാം എന്നാണ് വിദഗ്ദർ പറയുന്നത്.