ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ദീര്‍ഘകാലത്തേക്കു അനുയോജ്യനായ താരമല്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്. അടുത്തിടെയാണ് വിരമിച്ച രോഹിത് ശര്‍മയുടെ പകരക്കാരനായി സൂര്യയെ ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സിയേല്‍പ്പിച്ചത്. ഇപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരേ നടക്കുന്ന പരമ്പരയില്‍ അദ്ദേഹമാണ് ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു കളിയും ജയിച്ച ഇന്ത്യ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡും കൈക്കലാക്കി കഴിഞ്ഞു.
ഇന്ത്യാടുഡേയുമായി സംസാരിക്കവെയാണ് സൂര്യയെ ദീര്‍ഘകാലത്തേക്കുള്ള ഓപ്ഷനായി കാണാന്‍ സാധിക്കില്ലെന്നു സ്റ്റൈറിസ് ചൂണ്ടിക്കാണിച്ചത്. ഇതു ചെറിയ കാലത്തേക്കുള്ള ഒരു ഓപ്ഷന്‍ മാത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോഴത്തെ ഇന്ത്യന്‍ ടി20 ടീമില്‍ ഒരു സ്വാഭാവിക ക്യാപ്റ്റനാവാന്‍ കഴിയുന്ന താരം ഗംഭീറിനുണ്ടെന്നു ഞാന്‍ കരുതുന്നില്ല. അടുത്ത ദീര്‍ഘകാലത്തെ ക്യാപ്റ്റന്‍ ആരാവുമെന്നതിനു അദ്ദേഹം സ്വയം സമയം വാങ്ങിയിരിക്കുകയാണെന്നും സ്റ്റൈറിസ് വിശദമാക്കി.

സൂര്യയെ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ച സെലക്ടര്‍മാര്‍ വൈസ് ക്യാപ്റ്റന്റെ റോള്‍ ശുഭ്മന്‍ ഗില്ലിനും നല്‍കിയിരുന്നു. ഭാവി ക്യാപ്റ്റനായി ഗില്ലിനെയാണ് ബിസിസിഐ കാണുന്നതെന്നും ഈ സമയത്തു താരം അതിനു തയ്യാറാല്ലത്തതിനാലാണ് തല്‍ക്കാലം സൂര്യയെ ദൗത്യം ഏല്‍പ്പിച്ചതെന്നും സ്‌റ്റൈറിസ് പറയുന്നു.
ഇന്ത്യയെ അടുത്ത 10 വര്‍ഷത്തേക്കു നയിക്കാന്‍ ഗില്ലിനെ പോലെയൊരാള്‍ക്കു സാധിക്കും. പക്ഷെ ഈ സമയത്തു ഈ റോള്‍ ഏറ്റെടുക്കാന്‍ അവന്‍ പൂര്‍ണമായി സജ്ജനായിട്ടില്ല. അതിനാല്‍ തന്നെ കുറച്ചു കൂടി അനുഭവസമ്പത്തുള്ള സൂര്യയെ ഈ സ്ഥാനത്തേക്കു കൊണ്ടുവന്നത് വളരെ സ്മാര്‍ട്ടായ ഒരു തീരുമാനമായിട്ടാണ് താന്‍ കാണുന്നതെന്നും സ്റ്റൈറിസ് നിരീക്ഷിച്ചു.
ടി20 ക്യാപ്റ്റന്റെ റോളില്‍ നന്നായി മുന്നോട്ടു പോവാന്‍ സാധിച്ചാല്‍ 2026ലെ അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യയെ സൂര്യ നയിച്ചേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നായകനായി തന്റെ ജോലി മോശമല്ലാതെ നിര്‍ഹിക്കുകയാണെങ്കില്‍ അടുത്ത ടി20 ലോകകപ്പിലെ ക്യാപ്റ്റന്‍ സ്‌കൈ ആയിരിക്കും. അതിനു ശേഷം ഗില്ലിനെയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ഓപ്ഷനിലേക്കു ഇന്ത്യക്കു നേക്കാവുന്നതാണ്. ഇന്ത്യ ഇപ്പോള്‍ എടുത്തിരിക്കുന്നത് വളരെ ബുദ്ധിപൂര്‍വ്വമായ തീരുമാനം തന്നെയാണെന്നും സ്റ്റൈറിസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ടി20 ലോകകപ്പിലടക്കം വൈസ് ക്യാപ്റ്റന്റെ റോളിലുണ്ടായിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഒരു സമയത്തു നായകസ്ഥാനത്തേക്കു ഫേവറിറ്റ്. പുതിയ കോച്ചായി ഗൗതം ഗംഭീര്‍ എത്തിയപ്പോള്‍ നായകനായി ഹാര്‍ദിക് തന്നെ വരുമെന്നാണ് ഉറപ്പിച്ചിരുന്നത്. അദ്ദേഹം നേരത്തേ തന്നെ വൈറ്റ് ബോള്‍ ടീമുകളുടെ വൈസ് ക്യാപ്റ്റനാണ്. രോഹിത്തിന്റെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷം പല പരമ്പരകളിലും ടീമിനെ നയിക്കുകയും ചെയ്തിരുന്നു.
പക്ഷെ ഗംഭീറിന്റെ വരവിനു ശേഷം ഹാര്‍ദിക്കിനു വലിയ തിരിച്ചടിയാണുണ്ടായത്. ക്യാപ്റ്റന്‍സി ലഭിച്ചില്ലെന്നു മാത്രല്ല നേരത്തേ വൈസ് ക്യാപ്റ്റന്‍സിയുണ്ടായിരുന്ന അദ്ദേഹത്തെ ആ റോളില്‍ നിന്നും നീക്കുകയും ചെയ്തു. തുടര്‍ന്നാണ് സൂര്യ ക്യാപ്റ്റനും ഗില്‍ വൈസ് ക്യാപ്റ്റനുമായത്. കഴിഞ്ഞ വര്‍ഷം സൂര്യക്കു കീഴില്‍ രണ്ടു ടി20 പരമ്പരകളില്‍ ഇന്ത്യ കളിച്ചിരുന്നു. രണ്ടിലും ടീം പരമ്പര കൈവിടുകയും ചെയ്തില്ല. ഓസ്‌ട്രേലിയയെ 4-1നു തകര്‍ത്തുവിട്ട സൂര്യയുടെ ടീം സൗത്താഫ്രിക്കയെ 1-1നു സമനിലയിലും തളച്ചിരുന്നു.