ഐസിസി ടി20 ലോകകപ്പ് തൊട്ടരികെയെത്തി നില്‍ക്കവെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ വെട്ടിലാക്കുന്ന ആരോപണവുമയി ബോളിവുഡ് നടി രംഗത്ത്. നടിയും മോഡലുമായ ഖുശി മുഖര്‍ജിയാണ് സൂര്യയുടെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
ലോകകപ്പിനു മുമ്പ് ബാറ്റിങിലെ മോശം ഫോം കാരണം വലയവെയാണ് സൂര്യ ഇപ്പോള്‍ ഒരു അനാവശ്യ വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. ഇതിനോടു ഇനി അദ്ദേഹത്തിന്റെ മറുപടി എന്തായിരിക്കുമെന്നാണ് ആരാധകരടക്കം ഉറ്റുനോക്കുന്നത്.
നിലവില്‍ ക്രിക്കറ്റില്‍ ചെറിയൊരു ബ്രേക്കിലാണ് സൂര്യ. ന്യൂസിലാന്‍ഡിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന അഞ്ചു ടി20കളുടെ പരമ്പരയിലാണ് ഇനി അദ്ദേഹം ഇന്ത്യക്കു വേണ്ടി കളിക്കാനിറങ്ങുക. അതിനു പിന്നാലെ നാട്ടിലും ശ്രീലങ്കയിലുമായി ടി20 ലോകകപ്പും ആരംഭിക്കും.

നടിയുടെ ആരോപണമെന്ത്?
ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ കുറിച്ച് ഖുശി മുഖര്‍ജി സംസാരിച്ചത്. പല ക്രിക്കറ്റര്‍മാരും തന്നോടു താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ആരെയും ഡേറ്റ് ചെയ്യാന്‍ ആഗ്രഹമില്ലെന്നുണ് കിഡ്ഡന്‍ ഡോട്ട് കോമുമായി (Kiddan.com) സംസാരിക്കവെ നടി പറഞ്ഞത്.
ഒരു ക്രിക്കറ്ററുമായും ഡേറ്റിങിന് എനിക്കു താല്‍പ്പര്യമില്ല. ഒരുപാട് ക്രിക്കറ്റര്‍മാര്‍ എനിക്കു പിന്നാലെയുണ്ട്. സൂര്യകുമാര്‍ യാദവ് എനിക്കു ഒരുപാട് മെസേജുകള്‍ അയക്കാറുണ്ടായിരുന്നു. പക്ഷെ എനിക്കു ഒരു തരത്തിലുള്ള ബന്ധമുണ്ടാക്കാനും ആഗ്രഹമില്ല. ആരുമായും ബന്ധമുണ്ടാക്കാന്‍ ഇഷ്ടമില്ലെന്നുമാണ് സൂര്യയുടെ മാത്രം പേരെടുത്ത് പറഞ്ഞ് ഖുശിയുടെ വാക്കുകള്‍.
ഇത്ര മോശം പരാമര്‍ശം നടി നടത്തിയ സാഹചര്യത്തില്‍ ഇനി സൂര്യയുടെ വിശദീകരണം കൂടി വന്നാല്‍ മാത്രമേ യാഥാര്‍ഥ്യം വ്യക്തമാവുകയുള്ളൂ. ഖുശിയുടെ ആരോപണത്തില്‍ കഴമ്പുണ്ടോയെന്നു അതിനു ശേഷം മാത്രമേ ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ. സൂര്യയെ സംബന്ധിച്ച് വലിയ നാണക്കേണ്ടാകുന്നതാണ് ഈ സംഭവമെന്നതില്‍ സംശയമില്ല.
കാരണം കൂടുംബസ്ഥന്‍ കൂടിയായ അദ്ദേഹത്തിനു വളരെ മികച്ച ഇമേജാണുള്ളത്. അതുകൊണ്ടു തന്നെ അതിനു കോട്ടം തട്ടുന്ന തരത്തിലുള്ള നടിയുടെ ആരോപണത്തിനെതിരേ സൂര്യ പ്രതികരിക്കുമെന്നതും ഉറപ്പാണ്. മാത്രമല്ല, ഖുശിക്കെതിരേ നിയമ നടപടികളുമായി അദ്ദേഹം മുന്നോട്ടു പോവാനും സാധ്യതയുണ്ട്.

ഫോം വീണ്ടെടുക്കാന്‍ സൂര്യ
ഇന്ത്യയുടെ ടി20 ക്യാപ്റ്റനെന്ന നിലയില്‍ മികച്ച വിജയങ്ങളുമായി മുന്നേറുകയാണെങ്കിലും സ്വന്തം ബാറ്റിങ് ഫോം സൂര്യകുമാര്‍ യാദവിനെ വലയ്ക്കുകയാണ്. ഈ വര്‍ഷം ടി20യില്‍ ഒരു ഫിഫ്റ്റി പോലും കുറിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.
ദേശീയ ടീമിനു വേണ്ടി അവസാനമായി കളിച്ചിട്ടുള്ള 19 ടി20 ഇന്നിങ്‌സുകളെടുത്താല്‍ സൂര്യയുടെ ബാറ്റിങ് ശരാശരി 15ല്‍ താഴെയാണ്. മാത്രമല്ല ഒരു ഫിഫ്റ്റി പോലുമില്ലാതെ ഈ വര്‍ഷം ആകെ നേടാനായത് വെറും 218 റണ്‍സുമാണ്.
സൗത്താഫ്രിക്കയുമായി അവസാനം കളിച്ച അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ അദ്ദേഹം ഫോം വീണ്ടെടുക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. 12, 5, 12, 5 എന്നിങ്ങനെയായിരുന്നു നാലു മല്‍സരങ്ങളിലെ സ്‌കോറുകള്‍. ഒരു മല്‍സരം മൂടല്‍ മഞ്ഞ് കാരണം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
ന്യസിലാന്‍ഡിനെതിരേ അടുത്ത മാസം 21ന് തുടങ്ങുന്ന ടി20 പരമ്പരയ്ക്കു മുമ്പ് വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി രണ്ടു മല്‍സരങ്ങളില്‍ സൂര്യ കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം 6, 8 തിയ്യതികളിലായി നടക്കുന്ന മല്‍സരങ്ങളിലാണ് സ്‌കൈ കളിച്ചേക്കുകയെന്നാണ് വിവരം.