മുംബൈ: ക്രിക്കറ്റ് താരമാവുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചെറുപ്പം മുതലേ പരിശീലനം നടത്തുകയും മികച്ച പ്രകടനം നടത്തുകയും ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുകയും ചെയ്യാതെ മികച്ച കരിയര്‍ സൃഷ്ടിക്കുകയെന്നത് അസാധ്യമാണ്. കഠിനാധ്വാനമില്ലാതെ ഒരാള്‍ക്കും മികച്ച കരിയറിലേക്കെത്താനാവില്ലെന്ന് പറയാം. പല മുന്‍ താരങ്ങളുടെ മക്കളും ക്രിക്കറ്റിലേക്ക് വന്നിട്ടുണ്ടെങ്കിലും മികച്ച കരിയറിലേക്കെത്താതെ പോയതിന് കാരണം ഈ കഠിനാധ്വാനമില്ലാതെ പോയതാണ്.
അര്‍ഹതയുണ്ടായിട്ടും ടീമിലേക്കെത്താന്‍ വൈകിയെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് സൂപ്പര്‍ താരങ്ങളായി മാറിയ ചില താരങ്ങളുണ്ട്. ഇത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാം. ഒന്നാമത്തെ താരം സൂര്യകുമാര്‍ യാദവാണ്. നിലവില്‍ ഇന്ത്യയുടെ ടി20 നായകനായ സൂര്യകുമാര്‍ യാദവ് ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്തുണ്ടായിരുന്ന താരമാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിലേക്കെത്തിയത് വളരെ വൈകിയാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മധ്യനിരയില്‍ തിളങ്ങിയ സൂര്യകുമാര്‍ മുംബൈ ഇന്ത്യന്‍സിലെത്തി ഓപ്പണറായതോടെയാണ് കരിയര്‍ മാറി മറിഞ്ഞത്. തകര്‍പ്പന്‍ ഫിനിഷറായിരുന്നിട്ടും ഇന്ത്യന്‍ ടീമിലേക്ക് സൂര്യകുമാറിനെ പരിഗണിച്ചിരുന്നില്ല. പിന്നീട് മുംബൈ ടീമിലേക്കെത്തിയതോടെയാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. അല്‍പ്പം കൂടി നേരത്തെ ഇന്ത്യന്‍ ടീമില്‍ സൂര്യ ഇടം അര്‍ഹിച്ചിരുന്നു. എന്നാല്‍ വൈകിയാണ് വന്നതെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് സൂപ്പര്‍ താരമാകാന്‍ അദ്ദേഹത്തിനായി.
രണ്ടാമത്തെ താരം മൈക്കല്‍ ഹസിയാണ്. ക്ലാസിക് ബാറ്റ്‌സ്മാനെന്ന നിലയില്‍ പേരെടുത്ത കളിക്കാരനാണ് മൈക്കല്‍ ഹസി. മിസ്റ്റര്‍ ക്രിക്കറ്റ് എന്ന വിശേഷണം നേടിയ കളിക്കാരനാണ് ഹസി. ഓസ്‌ട്രേലിയക്കായി മൂന്ന് ഫോര്‍മാറ്റിലും തകര്‍പ്പന്‍ പ്രകടനവും നടത്തിയിട്ടുള്ള താരമാണ് ഹസി. എന്നാല്‍ ഓസീസ് ടീമിലേക്ക് ഹസിയെത്തിയത് അല്‍പ്പം വൈകിയാണ്. ചുരുങ്ങിയ കാലം കൊണ്ട് ഹസി സൂപ്പര്‍ താരമായി മാറി.

എന്നാല്‍ അല്‍പ്പം കൂടി നേരത്തെ എത്തിയിരുന്നെങ്കില്‍ ഓസ്‌ട്രേലിയയുടെ പല വമ്പന്‍ റെക്കോഡുകളും ഹസി സ്വന്തം പേരിലാക്കുമായിരുന്നു. ക്ലാസിക് ശൈലികൊണ്ട് വിസ്മയിപ്പിച്ചിരുന്ന താരമാണ് ഹസി. പാകിസ്താന്റെ സൂപ്പര്‍ സ്പിന്നര്‍മാരിലൊരാളാണ് സായീദ് അജ്മല്‍. ഗൂഗ്ലികൊണ്ട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ പല പ്രമുഖ ബാറ്റ്‌സ്മാന്‍മാരേയും വിറപ്പിച്ച സ്പിന്നറാണ് സായീദ് അജ്മല്‍. 31ാം വയസിലാണ് അദ്ദേഹം പാകിസ്താന്‍ ടീമില്‍ അരങ്ങേറ്റം നടത്തുന്നത്.
ചുരുങ്ങിയ കാലംകൊണ്ട് സൂപ്പര്‍ താര പദവിയിലേക്കെത്താന്‍ സായീദ് അജ്മലിനായി. എന്നാല്‍ പിന്നീട് ബൗളിങ് ആക്ഷന്റെ പേരില്‍ സംശയമുനയിലായ സായീദ് അജ്മലിന് വിലക്ക് നേരിടുകയും ചെയ്തു. എന്തായാലും വൈകിയാണ് വന്നതെങ്കിലും സൂപ്പര്‍ താരമായി ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധ നേടാന്‍ സായീദ് അജ്മലിനായി. ഓസ്‌ട്രേലിയന്‍ ബൗളര്‍ റിയാന്‍ ഹാരിസാണ് മറ്റൊരാള്‍. എക്കാലത്തും പേസ് ബൗളര്‍മാരാല്‍ സമ്പന്നമായ ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം വളരെ വൈകിയാണ് റിയാന്‍ ഹാരീസെത്തിയത്.
29ാം വയസിലാണ് അദ്ദേഹം ഓസീസ് ടീമിലേക്കെത്തിയത്. 2013ലെ ആഷസ് ടെസ്റ്റില്‍ മികച്ച പ്രകടനം നടത്താന്‍ റിയാന്‍ ഹാരീസിനായി. ചുരുങ്ങിയ കാലംകൊണ്ട് മികവ് കാട്ടി പെട്ടെന്ന് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന താരമാണ് ഹാരീസ്. പരിക്ക് താരത്തെ കരിയറിലുടെനീളം വേട്ടയാടിയിരുന്നു. ക്രിസ് റോജസാണ് മറ്റൊരു താരം. ഓസ്‌ട്രേലിയക്കാരനായ റോജസ് 31ാം വയസിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരവറിയിക്കുന്നത്.
എന്നാല്‍ ചെറിയ കാലംകൊണ്ട് എല്ലാവരുടേയും ശ്രദ്ധ നേടിയെടുക്കാന്‍ റോജസിനായി. അല്‍പ്പം കൂടി നേരത്തെ അരങ്ങേറിയിരുന്നെങ്കില്‍ ഓസീസ് ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് റോജസ് മാറുമായിരുന്നു. എന്തായാലും ചുരുങ്ങിയ കാലംകൊണ്ട് റോജസ് കൈയടി നേടി. പ്രതിഭകളായ താരങ്ങളാണെങ്കില്‍ വൈകിയെത്തിയാലും ചെറിയ കാലംകൊണ്ട് ആരാധക മനസില്‍ ഇടം നേടാമെന്ന് തെളിയിച്ചവരാണ് ഈ താരങ്ങളെല്ലാം.