ചേട്ടാ, അതാണ് എന്റെ ലക്ഷ്യം- പന്ത് പറഞ്ഞ ആഗ്രഹം വെളിപ്പെടുത്തി ഉറ്റ സുഹൃത്ത് റെയ്‌ന
ഓസ്‌ട്രേലിയക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയിലെ ഉജ്ജ്വല ബാറ്റിങ് പ്രകടനത്തിലൂടെ തന്നെ വിമര്‍ശിക്കുകയും ട്രോളുകളും ചെയ്തവര്‍ക്കു ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. രണ്ടു തകര്‍പ്പന്‍ ഫിഫ്റ്റികളുമായി ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ചാണ് താരം മടങ്ങിയെത്തിയിരിക്കുന്നത്. നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്കു റണ്‍ചേസില്‍ ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. പുറത്താവാതെ നിന്ന പന്തായിരുന്നു. 89 റണ്‍സുമായി ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത് അദ്ദേഹമായിരുന്നു.
ഓസീസ് പര്യടനത്തിനു മുമ്പ് പന്ത് തന്നോടു പറഞ്ഞ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് അടുത്ത സുഹൃത്തും ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌ന. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് റെയ്‌നയും പന്തും ഒരുമിച്ചായിരുന്നു റെയ്‌നയുടെ നാട്ടില്‍ പരിശീലനം നടത്തിയിരുന്നത്. ഇതോടെ ഇരുവരും ഉറ്റ സുഹൃത്തുക്കളാവുകയും ചെയ്തിരുന്നു.

മികച്ച വിക്കറ്റ് കീപ്പറാവണം
ചേട്ടാ, എനിക്കു ലോകത്തിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മാറണമെന്നായിരുന്നു ഓസീസ് പര്യനടത്തിനു മുമ്പ് പന്ത് തന്നോടു പറഞ്ഞതെന്നു റെയ്‌ന വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ പക്ഷെ എനിക്കു കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ല. പന്ത് ഒരുപാട് പ്രതിഭയുള്ള യുവതാരമാണ്. ഇന്ത്യയുടെ മഹാനായ താരമായി മാറാനുള്ള കഴിവ് അവനുണ്ടെന്നാണ് എനിക്കു തോന്നിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പന്തിനെ സംബന്ധിച്ച് മോശം സമയമായിരുന്നു. ബാറ്റിങിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ അവന്‍ നേരിട്ടു. എന്നാല്‍ മീഡിയകളുള്‍പ്പെടെ എല്ലാത്തില്‍ നിന്നും ബ്രേക്കെടുക്കാനായികുന്നു അവന്‍ അപ്പോള്‍ ആഗ്രഹിച്ചത്. ഇതില്‍ നിന്നും പുറത്തുവരാന്‍ എന്റെ സഹായമൊന്നും പന്ത് തേടിയിരുന്നില്ല. അവനു പറയാനുള്ളത് ഞാന്‍ കേള്‍ക്കണമെന്നു മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂവെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.

ഒരുമിച്ച് സമയം പങ്കിട്ടു
പരിശീലനം നടത്താതിരുന്ന സമയങ്ങളില്‍ പന്തും താനും തമ്മില്‍ ഒരുപാട് സംസാരിക്കുകയും ചെറിയ യാത്രകള്‍ പോവുകയും ചെയ്തിരുന്നതായി റെയ്‌ന പറയുന്നു. പരിശീലനമില്ലാത്തപ്പോള്‍ പന്ത് ദിവസം മുഴുവന്‍ എന്റെ വീട്ടിലായിരിക്കും. എന്റെ മക്കളോടൊപ്പം കളിക്കുയും ഭാര്യമായി സംസാരിച്ചിരിക്കുകയും ചെയ്യും. നെറ്റ്ഫ്‌ളിക്‌സില്‍ ഞങ്ങള്‍ ഒരുപാട് കോമഡികള്‍ കാണാറുണ്ടായിരുന്നു. ഒത്തിരി നല്ല ഭക്ഷണവും കഴിച്ചു. ഭക്ഷണം കഴിക്കുമ്പോഴും അവന്‍ സംസാരിച്ചു കൊണ്ടേയിരിക്കും. നഗരത്തിലൂടെ ഞങ്ങള്‍ ഇടയ്ക്കു കാറുമായി കറങ്ങാനും പോയിരുന്നു. ചിലപ്പോള്‍ അവന്‍ മഞ്ഞക്കാറിലും മറ്റു ചിലപ്പോള്‍ എന്റെ കാറിലുമായിരുന്നു യാത്രകള്‍. രണ്ടു പേര്‍ക്കും ഒരുപോടെ ആസ്വാദ്യകരമായ സംഗീതവും കേട്ടിരുന്നു. ഡ്രൈവിനിടയില്‍ പോലും വളരെ പോസിറ്റീവായിരുന്നു ഞങ്ങള്‍ സംസാരിച്ചിരുന്നത്. അവന്‍ ഒരുപാട് മനസ്സ് തുറന്നു സംസാരിച്ചിരുന്നു, അവനെ സംസാരിക്കാന്‍ അനുവദിക്കുക മാത്രമായിരുന്നു തനിക്കു ചെയ്യാനുണ്ടായിരുന്നതെന്നും റെയ്‌ന വിശദമാക്കി.

ധോണിയുടെ പിന്‍ഗാമി
മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായാണ് പന്ത് ദേശീയ ടീമിലേക്കു വന്നത്. 2019 ജൂലൈയിലെ ലോകകപ്പിനു ശേഷം ധോണി അനിശ്ചിതമായി ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുത്തതോടെ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു പന്ത്. പക്ഷെ ലഭിച്ച അവസരങ്ങള്‍ വിനിയോഗിക്കാന്‍ അദ്ദേഹത്തിനായില്ല. ഇതിന്റെ ഫലമായി പിന്നീട് നിശ്ചിത ഓവര്‍ ടീമുകളില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. ഇപ്പോള്‍ കെഎല്‍ രാഹുലാണ് ഏകദിനം, ടി20 എന്നിവയില്‍ ഇന്ത്യക്കായി വിക്കറ്റ് കാക്കുന്നത്. പന്തിന് ടെസ്റ്റ് ടീമില്‍ മാത്രമേ ഇടമുള്ളൂ. എങ്കിലും ടെസ്റ്റില്‍ തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ നടത്തിയാല്‍ നിശ്ചിത ഓവര്‍ ടീമില്‍ തിരികെയെത്താന്‍ തനിക്കാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇംഗ്ലണ്ടിനെതിരേ അടുത്ത മാസമാരംഭിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് പന്ത് അടുത്തതായി ഇന്ത്യക്കു വേണ്ടി കളിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications