ധോണിയുടെ ഫേവറ്റിറ്റ് താരം തന്നെ!! യുവരാജിനു റെയ്‌നയുടെ മറുപടി... ഇതിന്റെ കാരണവും തുറന്നുപറഞ്ഞു
മുംബൈ: എംഎസ് ധോണി ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരനായ താരങ്ങളിലൊരാള്‍ സുരേഷ് റെയ്‌നയായിരുന്നുവെന്ന് അടുത്തിടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് തുറന്നടിച്ചിരുന്നു. തന്നേക്കാള്‍ റെയ്‌നയോടായിരുന്നു ധോണിക്കു താല്‍പ്പര്യമെന്നും എന്നാല്‍ മികച്ച ഫോമിലായിരുന്നതിനാല്‍ മാത്രമാണ് തന്നെ കളിപ്പിക്കാന്‍ ധോണി നിര്‍ബന്ധിതനായതെന്നും യുവി വെളിപ്പെടുത്തിയിരുന്നു.
യുവിയുടെ ഈ പരാതിയോടു ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ് ഐപിഎല്ലില്‍ ധോണിയുടെ സഹതാരവും ടീമിന്റെ വൈസ് ക്യാപ്റ്റനുമായ റെയ്‌ന. ഇന്ത്യന്‍ ടീമില്‍ മാത്രമല്ല സിഎസ്‌കെയിലും ധോണിയില്‍ നിന്നും വലിയ പിന്തുണയാണ് തനിക്കു ലഭിച്ചതെന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്‍ അതിനുള്ള കാരണവും വ്യക്തമാക്കിയിരിക്കുകയാണ് റെയ്‌ന.

യുവരാജിന്റെ പരാതി
ഇന്ത്യന്‍ ടീമില്‍ അന്നു ഏറ്റവുമധികം പിന്തുണയുണ്ടായിരുന്ന താരം റെയ്‌നയായിരുന്നു. ധോണിക്കു അദ്ദേഹത്തോടുള്ള പ്രിയം തന്നെയായിരുന്നു കാരണം. എല്ലാ ക്യാപ്റ്റനും ടീമില്‍ ഒരു ഫേവറിറ്റ് താരമുണ്ടായിരിക്കും. ടീം ഇന്ത്യയില്‍ ധോണിയുടെ ഈ ഫേവറിറ്റ് താരം റെയ്‌നയായിരുന്നു.
യൂസുഫ് പഠാന്‍ അന്നു മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്. താനും നല്ല ഫോമിലായിരുന്നു. എന്നാല്‍ റെയ്‌നയാവട്ടെ അത്ര നല്ല ഫോമില്‍ ആയിരുന്നില്ല. വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ഇടംകൈയന്‍ സ്പിന്നര്‍ അന്നു ഇന്ത്യക്കില്ലായിരുന്നു. ഇതേ തുടര്‍ന്ന് തന്നെ ടീമിലെടുക്കുകയല്ലാതെ ധോണിക്കു മറ്റു വഴികളില്ലെന്നായിരുന്നു യുവരാജിന്റെ പരാതി.

ധോണിയുടെ പിന്തുണ
യുവരാജ് പറഞ്ഞത് പോലെ ധോണിയില്‍ നിന്നും തനിക്കു മികച്ച പിന്തുണ തന്നെ ലഭിച്ചിരുന്നുവെന്ന കാര്യം റെയ്‌നയും സമ്മതിക്കുന്നു. എംഎസ് തീര്‍ച്ചയായും തന്നെ പിന്തുണച്ചിരുന്നുവെന്ന് ഉറപ്പായിട്ടും പറയാം. അദ്ദേഹം പിന്തുണച്ചത് തന്റെ പ്രതിഭ തിരിച്ചറിഞ്ഞത് കൊണ്ടു തന്നെയാണ്. ധോണിയുടെ പ്രതീക്ഷ തെറ്റിച്ചിട്ടുമില്ല. സിഎസ്‌കെയ്ക്കു വേണ്ടിയും ഇന്ത്യക്കു വേണ്ടിയുമെല്ലാം ധോണി പിന്തുണച്ചപ്പോഴെല്ലാം മികച്ച പ്രകടനങ്ങള്‍ താന്‍ നടത്തിയിട്ടുണ്ട്.
എന്നാല്‍ ധോണിയില്‍ കണ്ട ഏറ്റവും നല്ല കാര്യം ഇതായിരുന്നു. രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞാല്‍ അദ്ദേഹം തന്നോട് പറയാറുള്ളത് ഇങ്ങനെയായിരുന്നു- നീ സ്‌കോര്‍ ചെയ്തില്ലെങ്കില്‍ എനിക്കു വലിയൊരു തീരുമാനം എടുക്കേണ്ടിവരും.
അപ്പോള്‍ ധോണിക്കു മറുപടി നല്‍കിയിരുന്നത് രണ്ടോ, മൂന്നോ മല്‍സരങ്ങളില്‍ അവസരം നല്‍കൂ, തെറ്റ് ആവര്‍ത്തിക്കില്ലെന്ന് താന്‍ ഉറപ്പ് തരാമെന്നായിരുന്നുവെന്നും റെയ്‌ന വിശദമാക്കി.

മധ്യനിരയില്‍ എളുപ്പമല്ല
മധ്യനിരയില്‍ ബാറ്റ് ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ മല്‍സരത്തിലും ഒരുപോലെ അവസരങ്ങള്‍ ലഭിച്ചെന്നു വരില്ല. ചില കളികളില്‍ 10-15 ഓവര്‍ മാത്രമേ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കൂ. എന്നാല്‍ ചില മല്‍സരങ്ങളില്‍ 30 ഓവര്‍ വരെ ബാറ്റ് ചെയ്യാന്‍ സാധിച്ചേക്കും. വ്യത്യസ്തമായ ബാറ്റിങ് പൊസിഷനുകള്‍ ആയതിനാല്‍ തന്നെ അവസരം ലഭിക്കുമ്പോഴെല്ലം റണ്‍സെടുത്തേ തീരൂ. മാത്രമല്ല ബൗളിങില്‍ രണ്ടോ മൂന്നോ വിക്കറ്റുകളെടുക്കുന്നതിനൊപ്പം 10-15 റണ്‍സ് സേവ് ചെയ്യേണ്ടതും പ്രധാനമായിരുന്നു. മധ്യനിരയെന്നത് എല്ലായ്‌പ്പോഴും തനിക്കു വെല്ലുവിളി തന്നെയായിരുന്നു. എന്നാല്‍ ഇവയെ പോസിറ്റീവായി മാത്രമേ താന്‍ എടുത്തിട്ടുള്ളൂവെന്ന് റെയ്‌ന വിശദമാക്കി.

ധോണിയോട് നന്ദി
സൗരവ് ഗാംഗുലിക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാണ് ധോണിയെന്നു റെയ്‌ന അഭിപ്രായപ്പെട്ടു. ധോണിയോട് തനിക്കു നന്ദിയുണ്ട്. കാരണം തന്റെ കഴിവ് തിരിച്ചറിയുകയും അതിനെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കുകയും ചെയ്ത ക്യാപ്റ്റനാണ് അദ്ദേഹം. ദാദയ്ക്കു ശേഷം നമുക്ക് ലഭിച്ച ഏറ്റവും മികച്ച ക്യാപ്റ്റന്‍ ധോണി തന്നെയാണ്.
ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലെല്ലാം ദൈവം തന്നോടു ദയ കാണിച്ചിട്ടുണ്ട്. തനിക്കു കുറച്ചാണോ, കൂടുതലാണോ അവസരം ലഭിച്ചതെന്നു പറയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞുവെന്നതില്‍ താന്‍ സന്തോഷവാനാണ്. ധോണി പിന്തുണച്ചു, താന്‍ കളിക്കളത്തില്‍ അതു തിരികെ നല്‍കുകയും ചെയ്തു. ഇതില്‍ക്കൂടുതല്‍ തനിക്കൊന്നും ചോദിക്കാനാവില്ലെന്നാണ് കരുതുന്നതെന്നും റെയ്‌ന പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications