ദില്ലി: ബി സി സി ഐയുടെ ഇടക്കാല പ്രസിഡണ്ടായി ഇതിഹാസ താരം സുനില്‍ ഗവാസ്കറെ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കോഴക്കേസില്‍ ഉള്‍പ്പെട്ടതായി ആരോപണമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന് റോയല്‍സ് എന്നീ ടീമുകളെ ഐ പി എല്ലില്‍ നിന്നും പുറത്താക്കണമെന്നും കോടതി. ഇത് സംബന്ധിച്ച് സുപ്രീം കോടതി വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.
കോഴക്കേസില്‍ സുപ്രീം കോടതി നിലപാട് കര്ക്കശപ്പെടുത്തിയതിനെ തുടര്‍ന്ന്, എന്‍ ശ്രീനിവാസന് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ഉപാധികളോടെ ഒഴിയാന്‍ തയ്യാറാണ് എന്ന് ബി സി സി ഐ അറിയിച്ചു. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടികള്‍ എടുക്കാന്‍ തയ്യാറാണ് എന്നും അന്വേഷണം കഴിയുന്നത് വരെ ശ്രീനിവാസന് അധ്യക്ഷ സ്ഥാനം ഒഴിയുമെന്നും ബോര്‍ഡ് കോടതിയില്‍ പറഞ്ഞു.
കോളിളക്കം സൃഷ്ടിച്ച ഐ പി എല്‍ കോഴക്കേസില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം എസ് ധോണിക്കും പങ്കെന്ന് പരാതിക്കാരുടെ വക്കീലായ ഹരീഷ് സാല്‍വെ സുപ്രീം കോടതിയില്‍ പറഞ്ഞു. മുദ്ഗല്‍ കമ്മീഷന് ധോണി തെറ്റായ മൊഴിയാണ് നല്‍കിയത്. ചെന്നൈ ടീം ഉടമയായ ഇന്ത്യ സിമന്റ്സിന് വേണ്ടിയാണ് ധോണി ജോലി ചെയ്യുന്നതെന്നും ഇത് കോഴക്കേസിനെ ബാധിച്ചു.
ഗുരുനാഥ് മെയ്യപ്പനെ സംരക്ഷിക്കുന്ന തരത്തിലുള്ള മൊഴിയാണ് ധോണി കമ്മീഷന് മുമ്പാകെ നല്‍കിയത്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഐ പി എല്ലില്‍ നിന്നും സസ്പെന്‍ഡ് ചെയ്യണമെന്നും വാദിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച, ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ശ്രീനിവാസന് സ്ഥാനമൊഴിയണമെന്ന് കോടതി പറഞ്ഞിരുന്നു.