മുംബൈയിൽ ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മുന്നറിയിപ്പുമായി മുൻ താരം സുനിൽ ഗവാസ്‌കർ രംഗത്ത് വന്നിരിക്കുകയാണ്. ഇംഗ്ലീഷ് ഓൾറൗണ്ടർ വിൽ ജാക്‌സ് ഇന്ത്യൻ ബാറ്റർമാർക്ക് വലിയ ഭീഷണിയാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ടൂർണമെന്റിൽ നാല് തവണ മാൻ ഓഫ് ദ മാച്ച് ആയി മാറിയ താരമാണ് അദ്ദേഹമെന്നതാണ് ഇതിലെ ശ്രദ്ധിക്കേണ്ട കാര്യം.
ഏഴ് മത്സരങ്ങളിൽ ഒരു അർധ സെഞ്ച്വറി സഹിതം 191 റൺസും ഏഴ് വിക്കറ്റുമാണ് വിൽ ജാക്‌സ് ഇക്കുറി തന്റെ ടീമിനായി നേടിയത്. ഇംഗ്ലണ്ടിന്റെ വിജയങ്ങളിൽ ഈ ഓൾറൗണ്ടർക്ക് നിർണായക പങ്കുണ്ട്. സൂപ്പർ 8 ഘട്ടത്തിൽ ടീമിന് ഒരു തോൽവി പോലും ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് ഇന്ത്യക്ക് വലിയ രീതിയിൽ വെല്ലുവിളി ആവുമെന്ന് തന്നെയാണ് കരുതുന്നത്. അതിനിടയിലാണ് ഗവാസ്‌കർ രംഗത്ത് വരുന്നത്.

ജാക്‌സിന്റെ ഭീഷണി നേരിടാൻ സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരായിരിക്കും പ്രധാനികളെന്ന് ഗവാസ്‌കർ പറഞ്ഞു. 'പിച്ചിന് അൽപ്പം തിരിവുണ്ടെങ്കിൽ, അയാൾ കൈകാര്യം ചെയ്യാൻ പ്രയാസമുള്ള കളിക്കാരനായി മാറും. സാംസൺ, സൂര്യകുമാർ, പാണ്ഡ്യ എന്നിവർ എങ്ങനെ ജാക്‌സിനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ' മുൻ ഇന്ത്യൻ താരം ചൂണ്ടിക്കാണിക്കുന്നു.
'അയാൾ മികച്ച ഫോമിലാണ്. ഏഴാം നമ്പറിലെ അത്തരം ഒരു താരം ടീമിന് വലിയൊരു മുതൽക്കൂട്ടാണ്, ഇന്ത്യയുടെ ശിവം ദുബെയെപ്പോലെ. അഭിഷേക്, തിലക്, ദുബെ പോലുള്ള ഇടങ്കയ്യൻ ബാറ്റർമാർക്ക് അയാൾ അധികം പന്തെറിഞ്ഞെന്ന് വരില്ല. വലങ്കയ്യൻ ബാറ്റർമാരാകും അയാളെ കൂടുതൽ നേരിടേണ്ടി വരിക' ഗവാസ്‌കർ പറഞ്ഞു.
അതേസമയം, നാളെ നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനൽ ഒരു അതിഗംഭീര പോരാട്ടമായിരിക്കുമെന്ന് സുനിൽ ഗവാസ്‌കർ പ്രവചിച്ചു. 'വെസ്‌റ്റ് ഇൻഡീസിനെതിരായ ക്വാർട്ടർ ഫൈനൽ പോലെ ഇതും മറ്റൊരു മികച്ച കളിയാകും. ഇരു ടീമുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്' ഗവാസ്‌കർ കാരണം വെളിപ്പെടുത്തി.
ഇംഗ്ലണ്ട് ടീമിനെ സുനിൽ ഗവാസ്‌കർ പുകഴ്ത്തുകയും ചെയ്‌തു. അവർക്ക് മികച്ച ബാറ്റിംഗും ബൗളിംഗുമുണ്ട്, മധ്യനിരയും ഫിനിഷർമാരുമുണ്ട്. ഇരു ടീമുകൾക്കും വൈവിധ്യവും ധാരാളം ടി20 അനുഭവസമ്പത്തുമുണ്ട് എന്നായിരുന്നു അദ്ദേഹം നിരീക്ഷിച്ചത്. അതുകൊണ്ട് തന്നെ സെമി ഫൈനൽ പോരാട്ടം തീപാറുന്ന ഒന്നാവുമെന്നാണ് അദ്ദേഹം പറയുന്നത്.
കൂടാതെ വിൽ ജാക്‌സിനെ ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെയുമായി ഗവാസ്‌കർ താരതമ്യം ചെയ്യുകയും ചെയ്‌തു. 'ശിവം ദുബെ ടീമിലുള്ളത് പോലെയാണിത്. വെസ്‌റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ മത്സരത്തിൽ കണ്ടതാണ്, ദുബെ ഒരോവറിൽ രണ്ട് ബൗണ്ടറികൾ അടിച്ച് ടീമിന്റെ സമ്മർദ്ദം കുറച്ചു' ഗവാസ്‌കർ കാരണം വിശദീകരിച്ചു.
അതേസമയം, തുടർച്ചയായ കിരീമെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ രണ്ടാം സെമിയിൽ ഇറങ്ങുന്നത്. കഴിഞ്ഞ തവണ രോഹിത് ശർമ്മ, വിരാട് കോലി എന്നീ ഇതിഹാസ താരങ്ങൾക്കൊപ്പം നേടിയ കിരീടനേട്ടം വീണ്ടും ആവർത്തിക്കാൻ സാധിക്കുമോ എന്നാണ് അവർ ഉറ്റുനോക്കുന്നത്. എങ്കിലും അതിന് ആദ്യം സെമിയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തണം.