ക്രിക്കറ്റിലെ വന്‍ ശക്തികളാണ് ഇന്ത്യ. എല്ലാക്കാലത്തും സൂപ്പര്‍ താരങ്ങളുടെ വലിയ നിര ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ആധുനിക ഇന്ത്യന്‍ ടീമിലേക്ക് നോക്കുമ്പോഴും വലിയ താരനിരയെ കാണാനാവും. എന്നാല്‍ 2013ന് ശേഷം ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല. എംഎസ് ധോണിയെന്ന നായകന്‍ പടിയിറങ്ങിയ ശേഷം മറ്റൊരു നായകനും ഇന്ത്യയെ ഐസിസി കിരീട നേട്ടത്തിലേക്കെത്തിക്കാനായിട്ടില്ല. അവസാന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ തോറ്റു.
ഇന്ത്യ തുടര്‍ച്ചയായ രണ്ട് തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയെങ്കിലും തോല്‍ക്കാനായിരുന്നു വിധി. സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കിരീടം നേടി കാത്തിരിപ്പ് അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്. ഇപ്പോഴിതാ ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയെക്കുറിച്ച് സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.
ഇന്ത്യന്‍ ടീമിന്റെ ചില രീതികളാണ് ടീമിനെ ഐസിസി കിരീടം നേടുന്നതില്‍ നിന്ന് തടുത്തുനിര്‍ത്തുന്നതെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ഇന്ത്യന്‍ ടീമിലെ നായകന്മാര്‍ക്ക് എത്ര തോറ്റാലും സ്ഥാനം നഷ്ടമാവുന്നില്ല. സൂപ്പര്‍ താരങ്ങള്‍ക്ക് എപ്പോഴും ടീമില്‍ സീറ്റുറപ്പാണെന്നും പറഞ്ഞ ഗവാസ്‌കര്‍ എംഎസ് ധോണിയെയാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ധോണിക്ക് കീഴില്‍ ഇന്ത്യ തുടര്‍ച്ചയായി തോറ്റപ്പോഴും നായകനെ മാറ്റാന്‍ തയ്യാറായില്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
'ടീം തോറ്റാലും ജയിച്ചാലും ക്യാപ്റ്റന്റെ സീറ്റ് നഷ്ടമാവില്ല. ഇത് സമീപകാലത്തായി ഇന്ത്യന്‍ ടീമിലെ പതിവാണ്. 2011 മുതലാണ് ഈ രീതി ഇന്ത്യന്‍ ടീമില്‍ കാണുന്നത്. ഇംഗ്ലണ്ടിനോടും ഓസ്‌ട്രേലിയയോടും 4-0ന് ഇന്ത്യ തോറ്റപ്പോഴും ക്യാപ്റ്റനെ മാറ്റാന്‍ തയ്യാറായില്ല'- ഗവാസ്‌കര്‍ പറഞ്ഞു. എംഎസ് ധോണിയെ പരോക്ഷമായി ഗവാസ്‌കര്‍ വിമര്‍ശിക്കുകയാണ് ചെയ്തിരിക്കുന്നത്. ധോണി നേരത്തെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയണമായിരുന്നുവെന്ന് അദ്ദേഹം പറയാതെ പറഞ്ഞിരിക്കുകയാണ്.

2011-12ലാണ് ധോണിക്ക് കീഴില്‍ ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ടത്. 2014ലാണ് ധോണി ടെസ്റ്റ് നായകസ്ഥാനമൊഴിയുന്നത്. പകരം വിരാട് കോലി ഇന്ത്യയുടെ നായകനാവുകയും ചെയ്തു. വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയയില്‍ നേടി. കോലിക്ക് കീഴില്‍ ഇംഗ്ലണ്ടിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിച്ചു. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ടീമിനെയെത്തിക്കാനും കോലിക്ക് സാധിച്ചു.
എന്നാല്‍ അന്ന് ന്യൂസീലന്‍ഡിനോട് തോറ്റു. രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് തുടങ്ങിയത്. പിന്നീട് രോഹിത് ക്യാപ്റ്റനായി. ഫൈനലില്‍ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ തോറ്റത്. ഇത്തവണത്തെ ഇന്ത്യയുടെ തോല്‍വിക്ക് പരിക്കിന്റെ തിരിച്ചടികള്‍ കാരണമായെന്ന് പറയാം. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരൊന്നും ഫൈനലിനില്ലായിരുന്നു. പരിക്കുമൂലം ഇവരെല്ലാം ടീമിന് പുറത്തായിരുന്നു. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു.
ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയുടെ പ്രധാന തലവേദന പരിക്കാണ്. റിഷഭ് പന്ത് ഏകദിന ലോകകപ്പ് കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍, ശ്രേയസ്, ബുംറ എന്നിവര്‍ പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് ടീമിലേക്ക് മടങ്ങിയെത്താനൊരുങ്ങുന്നത്. അതുകൊണ്ടുതന്നെ ഇവരുടെയെല്ലാം പ്രകടനം കണ്ടറിയണം. സ്വന്തം മണ്ണില്‍ ലോകകപ്പ് നേടാനാവാതെ പോയാല്‍ ഇന്ത്യക്കത് വലിയ ക്ഷീണമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
മൂന്നാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്നത്. ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം നേടിയ ഇന്ത്യ ഡബ്ല്യുറ്റിസി പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. രണ്ടാം മത്സരവും ജയിച്ച് പരമ്പര ഇന്ത്യ തൂത്തുവാരാന്‍ സാധ്യതയുണ്ട്. എന്നാല്‍ കിരീടത്തിലേക്കെത്താന്‍ ടീമിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.