Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീമിനു ഒത്തിണക്കമില്ല, രോഹിത്തില്‍ നിന്നും ഏറെ പ്രതീക്ഷിച്ചു! ആഞ്ഞടിച്ച് ഗവാസ്‌കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി അവസാനവട്ട പടയൊരുക്കം നടത്തവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തില്‍ നിന്നും താന്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നതായും പക്ഷെ അതിനൊത്തുയരാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐപിഎല്ലില്‍ ദീര്‍ഘകാലം മുംബൈ ഇന്ത്യന്‍സ് ടീമിനെ നയിച്ചിട്ടും അതിന്റെ ഗുണമൊന്നും നായകനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിനൊപ്പം രോഹിത്തില്‍ തനിക്കു കാണാന്‍ സാധിച്ചിട്ടില്ലെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

SUNIL GAVASKAR

കഴിഞ്ഞ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടേറ്റ പരാജയവും ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു 10 വിക്കറ്റിനു തോറ്റതുമെല്ലാം രോഹിത്തിന്റെ പോരായ്മ തന്നെയാണ് തുറന്നു കാണിക്കുന്നതെന്നു ഗവാസ്‌കര്‍ വിമര്‍ശിച്ചു.

ഞാന്‍ രോഹിത്തില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു. ഇന്ത്യയില്‍ കളിക്കുന്നത് വ്യത്യസ്തമാണ്. പക്ഷെ നിങ്ങള്‍ വിദേശത്തു പെര്‍ഫോം ചെയ്യുമ്പോള്‍ അതാണ് യഥാര്‍ഥ പരീക്ഷണം. അവിടെയാണ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് നിരാശപ്പെടുത്തുന്നത്.

ടി20 ഫോര്‍മാറ്റിലും അദ്ദേഹം ക്യാപ്റ്റന്റെ റോളില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. ഐപിഎല്ലില്‍ ഒരുപാട് മല്‍സരങ്ങളില്‍ നയിച്ചതിന്റെ വലിയ അനുഭവസമ്പത്തുണ്ടായിട്ടും ഇന്ത്യന്‍ ടീമിനെ മികവിലേക്കുയര്‍ത്താന്‍ രോഹിത്തിനായില്ല . ടീമിനെ കാണുമ്പോള്‍ നിരാശയാണ് തോന്നുന്നത്. മികച്ച ഐപിഎല്‍ താരങ്ങളുണ്ടായിട്ടും നമുക്ക് ടി20 ലോകകപ്പിന്റെ ഫൈനലിലെത്താന്‍ സാധിച്ചില്ലെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

രോഹിത്തിനു കീഴില്‍ ഒരു ടീമെന്ന നിലയില്‍ ഇന്ത്യക്കു ഒത്തിണക്കം കുറവാണെന്നും ഇതാവാം നിര്‍ണായക മല്‍സരങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ ടീമിനു സാധിക്കാതെ പോവുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ഇതു വളരെ സങ്കടകരമായ കാര്യമാണ്. കാരണം മല്‍സരം കഴിഞ്ഞാലും ടീമിലെ കളിക്കാര്‍ ഒരുമിച്ചുണ്ടാവണം.

ഗെയിമിനെക്കുറിച്ച് തന്നെ സംസാരിക്കണമെന്നില്ല. പക്ഷെ സംഗീതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും ബഹിരാകാശത്തെക്കുറിച്ചുള്ള നിങ്ങളുടെ താല്‍പര്യത്തെക്കുറിച്ചുമെല്ലാം കളിക്കാര്‍ക്കു പരസ്പരം സംസാരിക്കാം. പക്ഷെ അങ്ങനെയല്ല സംഭവിക്കുന്നതെങ്കില്‍ അതു നിരാശാജനകം തന്നെയാണ്. 20 വര്‍ഷം മുമ്പോ മറ്റോയാണ് ഓരോ കളിക്കാരനും ഓരോ മുറി വീതം ലഭിക്കാന്‍ തുടങ്ങിയത്, അതും കളിക്കാര്‍ക്കിടയിലെ ഒത്തിണക്കം നഷ്ടപ്പെടാന്‍ ഒരു കാരണമായിരിക്കാമെന്നും ഗവാസ്‌കര്‍ വിലയിരുത്തി.

ROHIT SHARMA

രോഹിത്തിനോടും കോച്ച് രാഹുല്‍ ദ്രാവിഡിനോടും കളിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിസിസിഐ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കണമെന്നും വിശദീകരണം തേടണമെന്നും ഗവാസ്‌കര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഒരുപാട് പിഴവുകള്‍ ഇന്ത്യ വരുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ബിസിസിഐ ഇനി രോഹിത്തിനോടും ദ്രാവിഡിനോടും ചോദ്യങ്ങള്‍ ചോദിക്കണം. ഉദാഹരണം പറഞ്ഞാല്‍ നിങ്ങള്‍ എന്തുകൊണ്ടാണ് ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്തതെന്നു ചോദിക്കാം.

ട്രാവിസ് ഹെഡിന്റെ വീക്ക്‌നെസ് ഷോര്‍ട്ട് ബോളുകളാണെന്നു നിങ്ങള്‍ക്ക് അറിയാമോ? എന്നിട്ടും എന്തുകൊണ്ടായിരുന്നു അദ്ദേഹം 80 റണ്‍സ് നേടിയതിനു ശേഷം മാത്രം ബൗണ്‍സര്‍ പ്രയോഗിച്ചത്? ഹെഡ് ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വന്നപ്പോള്‍ ബൗണ്‍സര്‍ എറിയൂുവെന്ന് കമന്ററി ബോക്‌സില്‍ നിന്നും റിക്കി പോണ്ടിങ് പറയുന്നുണ്ടായിരുന്നു. ഹെഡിന്റെ ദൗര്‍ബല്യം അതാണെന്നു എല്ലാവര്‍ക്കുമറിയാം, പക്ഷെ നമ്മള്‍ അതു പരീക്ഷിച്ചില്ലെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലില്‍ നിന്നും ഇന്ത്യന്‍ ടീം എന്തെങ്കിലും പാഠം പഠിച്ചിട്ടുണ്ടോയന്നും അദ്ദേഹം ചോദിക്കുന്നു. വിന്‍ഡീസ് പര്യടനത്തിനു മുമ്പുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ജോലിഭാരത്തെക്കുറിച്ചുമെല്ലാം രോഹിത് നേരത്തേ സംസാരിച്ചിരുന്നു. ഇവയെയും ഗവാസ്‌കര്‍ വിമര്‍ശിച്ചു. എന്തു തരത്തിലുള്ള തയ്യാറെടുപ്പിനെപ്പറ്റിയാണ് രോഹിത് സംസാരിക്കുന്നത്? ഇപ്പോള്‍ വിന്‍ഡീസിലേക്കാണ് ഇന്ത്യന്‍ ടീം പോയിരിക്കുന്നത്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഉദാഹരണമായി നിങ്ങളുടെ മുന്നിലുണ്ട്. നിങ്ങള്‍ ഏതെങ്കിലും മല്‍സരങ്ങളില്‍ ഇപ്പോള്‍ കളിക്കുന്നുണ്ടോ?പിന്നെ എന്തിനാണ് 20-25 ദിവസങ്ങളെപ്പറ്റി സംസാരിക്കുന്നത്. തയ്യാറെടുപ്പുകളെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുമ്പോള്‍ അതില്‍ ആത്മാര്‍ഥത പുലര്‍ത്തണം. 15 ദിവസങ്ങള്‍ക്കു മുമ്പ് പോയി രണ്ടു സന്നാഹ മല്‍സരങ്ങള്‍ കളിക്കണം.

പ്രധാന താരങ്ങള്‍ക്കു വിശ്രമിക്കാം, പക്ഷെ നന്നായി പെര്‍ഫോം ചെയ്യാത്ത താരങ്ങള്‍ക്കു അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാം. തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം അവര്‍ക്കു ലഭിക്കുന്നില്ലെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

സത്യമെന്താണെന്നു വച്ചാല്‍ പ്രധാനപ്പെട്ട കളിക്കാര്‍ നേരത്തേ പോവാന്‍ ആഗ്രഹിക്കുന്നില്ല. കാരണം എന്തു സംഭവിച്ചാലും ടീമില്‍ ഇടം ലഭിക്കുമെന്ന് അവര്‍ക്കറിയാം. നേരത്തേ പോവുകയാണെങ്കില്‍ അവര്‍ ജോലി ഭാരത്തെക്കുറിച്ച് സംസാരിക്കും.

ലോകത്തിലെ ഏറ്റവും ഫിറ്റ്‌നസുള്ള ടീമെന്നോ, മുന്‍ തലമുറയേക്കാള്‍ ഫിറ്റായ ടീമെന്നോയൊക്കെയാണ് നിങ്ങള്‍ അവകാശപ്പെടുന്നത്. അതുകൊണ്ടു തന്നെ നിങ്ങള്‍ എങ്ങനെയാണ് അത്ര എളുപ്പത്തില്‍ തകരുന്നത്? 20 ഓവര്‍ ഗെയിം കളിക്കുമ്പോള്‍ നിങ്ങള്‍ക്കു എങ്ങനെയാണ് ജോലിഭാരമുണ്ടാവുന്നതെന്നും ഗവാസ്‌കര്‍ തുറന്നടിച്ചു.

Story first published: Monday, July 10, 2023, 7:06 [IST]
Other articles published on Jul 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+