Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്ത് ഇന്ത്യയുടെ ടെസ്റ്റ് നായകനാവേണ്ട, വരേണ്ടത് 'അവന്‍', നിര്‍ദേശിച്ച് സുനില്‍ ഗവാസ്‌കര്‍

1

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് വിരാട് കോലി പടിയിറങ്ങിയതിന്റെ ഞെട്ടല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇനിയും വിട്ടുമാറിയിട്ടില്ല. ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയുടെ തോല്‍വിക്ക് പിന്നാലെയാണ് കോലി ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. ഇതോടെ ക്യാപ്റ്റന്‍ കോലിയെന്ന വിശേഷണമില്ലാതെ ഇനി കോലിക്ക് കളിക്കേണ്ടി വരും. രവി ശാസ്ത്രിയുടെ പടിയിറക്കവും പിന്നാലെ സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായ ഭിന്നതയുമെല്ലാം കോലിയുടെ പടിയിറക്കത്തിന്റെ കാരണമായി പറയാം.

2021ലെ ടി20 ലോകകപ്പിന് പിന്നാലെ നായകസ്ഥാനം രാജിവെച്ച കോലിക്ക് വൈകാതെ ഏകദിന നായകസ്ഥാനവും നഷ്ടമായി. പരിമിത ഓവറില്‍ ഒരു നായകന്‍ മതിയെന്ന ബിസിസിഐയുടെ നിലപാടാണ് ഏകദിന നായകസ്ഥാനത്ത് നിന്ന് കോലിയെ മാറ്റാനുള്ള കാരണം. പിന്നീട് ടെസ്റ്റ് നായകനായി മാത്രം കോലി ഒതുങ്ങി. ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെന്ന വിശേഷണം കോലിക്ക് അവകാശപ്പെട്ടതായതിനാല്‍ ഇനിയും ഏറെ നാള്‍ അദ്ദേഹം മുന്നോട്ട് പോകുമെന്ന് കരുതി. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് അദ്ദേഹം ടെസ്റ്റ് നായക പദവിയും ഒഴിഞ്ഞിരിക്കുകയാണ്.

1

കോലി നായകസ്ഥാനം ഒഴിഞ്ഞതോടെ പകരം ആരെന്നത് വലിയ ചോദ്യമാണ്. നിലവിലെ സാഹചര്യത്തില്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മക്ക് തന്നെയാണ് മുന്‍തൂക്കം. കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ പേരും സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകന്‍ ആരാവണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരം റിഷഭ് പന്തിനെയാണ് നായകനാക്കേണ്ടത്.

'ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നതാരാണെന്നത് സംബന്ധിച്ച് സെലക്ഷന്‍ കമ്മിറ്റി പല വാദങ്ങളും ഉയരാന്‍ സാധ്യതയുണ്ട്. മൂന്ന് ഫോര്‍മാറ്റിലേക്കും സ്വാഭാവിക നായകനായി ഒരാള്‍ കടന്നുവരാനാണ് സാധ്യത. എന്നാല്‍ എന്നോട് അടുത്ത നായകന്‍ ആരാവണമെന്ന് ചോദിച്ചാല്‍ റിഷഭ് പന്തിനെയാവും അടുത്ത നായകനായി ഞാന്‍ പറയുക. അതിനുള്ള പ്രധാന കാരണം അവന്റെ ബാറ്റിങ് മെച്ചപ്പെടുമെന്നതാണ്.
റിക്കി പോണ്ടിങ് മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഒഴിഞ്ഞശേഷം രോഹിത് ശര്‍മക്ക് നായകസ്ഥാനം ലഭിച്ചു. അതിന് ശേഷം അവനിലുണ്ടായ മാറ്റങ്ങള്‍ നോക്കുക. നായകനെന്ന ഉത്തരവാദിത്തം ലഭിച്ചപ്പോഴാണ് 30, 40, 50 എന്ന സ്‌കോറില്‍ നിന്ന് 100, 150, 200 എന്ന സ്‌കോറിലേക്ക് രോഹിത്തിന് എത്താന്‍ സാധിച്ചത്. റിഷഭിന് ഉത്തരവാദിത്തം ലഭിച്ചാല്‍ കേപ്ടൗണില്‍ നേടിയപോലെ മനോഹരമായ നിരവധി സെഞ്ച്വറികള്‍ നേടാന്‍ അവനാവും'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

2

റിഷഭ് നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ്. സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടാത്ത താരമാണ് അദ്ദേഹം. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഏക ഏഷ്യന്‍ വിക്കറ്റ് കീപ്പറാണ് അദ്ദേഹം. റിഷഭിനെ സംബന്ധിച്ചുള്ള പ്രധാന സവിശേഷത തന്നെ സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള മിടുക്കാണ്. കേപ്ടൗണില്‍ ഇന്ത്യയുടെ 10 താരങ്ങള്‍ ചേര്‍ന്ന് 70 റണ്‍സെടുത്ത സമയത്താണ് റിഷഭ് 100 റണ്‍സ് നേടി പുറത്താവാതെ നിന്നത്. ഇത്തരം അത്ഭുത ഇന്നിങ്‌സ് കളിക്കാന്‍ മിടുക്കനാണ് അദ്ദേഹം.

3

കെ എല്‍ രാഹുല്‍ നായകനെന്ന നിലയില്‍ വലിയ മിടുക്കില്ലാത്ത താരമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ ഫീല്‍ഡിങ് വിന്യാസങ്ങളില്‍ നിന്ന് തന്നെ ഇത് വ്യക്തം. പഞ്ചാബ് കിങ്‌സിന്റെ നായകനെന്ന നിലയിലും അദ്ദേഹം പരാജയമായിരുന്നു. രോഹിത് നിലവില്‍ പരിമിത ഓവര്‍ നായകനാണ്. 35കാരനായ രോഹിത്തിനെ ടെസ്റ്റ് നായകനാക്കിയാല്‍ കൂടിയാല്‍ രണ്ട് വര്‍ഷം അതിന് ശേഷം പുതിയ നായകനെ കണ്ടെത്തേണ്ടതായി വരും. അതുകൊണ്ട് തന്നെ യുവതാരമായ റിഷഭിനെ നായകനാക്കുന്നതാണ് ഇന്ത്യക്ക് ഏറ്റവും നല്ലത്.

' ടൈഗര്‍ പട്ടൗഡി 21ാം വയസിലാണ് നായകസ്ഥാനത്തേക്കെത്തുന്നത്. നാരി കോണ്‍ട്രാക്ടര്‍ പരിക്കേറ്റതിന് പകരക്കാരനായാണ് പട്ടൗഡി വന്നത്. റിഷഭ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനെന്ന നിലയില്‍ മികവ് കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവ് അവനുണ്ട്' -ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, January 16, 2022, 10:29 [IST]
Other articles published on Jan 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+