മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ ടെസ്റ്റില്‍ മികച്ച റെക്കോഡുള്ള താരമാണ്. ടെസ്റ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ല് ആദ്യം പിന്നിട്ടത് ഗവാസ്‌കറായിരുന്നു. ക്ലാസിക് ബാറ്റിങ് ശൈലിയെ പിന്തുടര്‍ന്നിരുന്ന ഗവാസ്‌കര്‍ ക്ഷമയോടെ ഏറെ നേരം ക്രീസില്‍ നില്‍ക്കാന്‍ കെല്‍പ്പുള്ള താരവുമായിരുന്നു. വിരമിച്ച ശേഷം പരിശീലകനെന്ന റോളിലേക്ക് തിരിയാതെ അവതാരകനായും കമന്റേറ്ററുമായാണ് ഗവാസ്‌കര്‍ പ്രവര്‍ത്തിച്ചത്.
പൊതുവേ ടെസ്റ്റ് താരമെന്ന വിശേഷിപ്പിക്കപ്പെടുന്ന ഗവാസ്‌കര്‍ ഇപ്പോള്‍ തന്റെ ആധുനിക ക്രിക്കറ്റ് ഇഷ്ടങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. താന്‍ ടി20 ഫോര്‍മാറ്റിന്റെ വിരോധിയല്ലെന്നും വളരെ ഇഷ്ടമാണെന്നും തുറന്ന് പറഞ്ഞ ഗവാസ്‌കര്‍ ആധുനിക താരങ്ങളില്‍ ബാറ്റ് അനുകരിക്കാന്‍ ആഗ്രഹിക്കുന്ന താരമാരാണെന്നും വെളിപ്പെടുത്തി.
'എന്റെ കാലഘട്ടത്തില്‍ കളിച്ചിരുന്ന പലര്‍ക്കും ടി20 ഫോര്‍മാറ്റ് ഇഷ്ടമല്ലെന്നത് എനിക്കറിയാം.എന്നാല്‍ ശരിക്കും ടി20 ഫോര്‍മാറ്റ് എനിക്കിഷ്ടമാണ്. ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം മൂന്ന് മണിക്കൂര്‍ മാത്രമാണ് മത്സരമുള്ളത്. ഇതിനുള്ളില്‍ മുഴുവന്‍ മത്സരം കാണാനും മത്സരഫലം അറിയാനും സാധിക്കും. ആരെങ്കിലും റിവേഴ്‌സ് സ്വീപും സ്വിച്ച് ഷോട്ടും കളിച്ചാല്‍ കസേരയില്‍നിന്ന് ചാടി എഴുന്നേല്‍ക്കാറുണ്ട്. കാരണം അതെല്ലാം മഹത്തരമായ കളിക്കാന്‍ പ്രയാസമുള്ള ഷോട്ടുകളാണ്. അത്തരം ഷോട്ടുകളിലൂടെ സിക്‌സുകള്‍ നേടാന്‍ ഉയര്‍ന്ന കഴിവ് തന്നെ വേണം'-ഗവാസ്‌കര്‍ പറഞ്ഞു.

ഇപ്പോഴും പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം കമന്റേറ്റര്‍മാരിലൊരാളായി സുനില്‍ ഗവാസ്‌കര്‍ സജീവമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കമന്ററി പറയാന്‍ അദ്ദേഹം പോകുന്നുണ്ട്. ഐപിഎല്ലിലും ആവേശം ഒട്ടും ചോരാതെ കളിപറയാന്‍ ഗവാസ്‌കറിന് സാധിക്കാറുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും കമന്റേറ്റര്‍മാരില്‍ ഒരാള്‍ ഗവാസ്‌കറായിരിക്കുമെന്നതില്‍ സംശയമില്ല.
ആധുനിക ക്രിക്കറ്റില്‍ അവനെപ്പോലെ ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയത് എബി ഡിവില്ലിയേഴ്‌സിനെക്കുറിച്ചാണ്.നിങ്ങള്‍ക്കറിയാമല്ലോ അവന്‍ 360 ഡിഗ്രിയാണ്. എല്ലാ ഷോട്ടും കളിക്കാനാവും.വളരെ അനായാസമായാണ് അവന്‍ കളിക്കുന്നത്. ദീര്‍ഘദൂരം ഷോട്ടുകള്‍ പായിക്കാനും സാധിക്കുന്നു.അവന്റെ ബാറ്റിങ്ങ് ശൈലിയെ പിന്തുടരാറുണ്ട്. വലത് തോളിന് മുകളിലൂടെയുള്ള അവന്റെ ഷോട്ട് വളരെ മനോഹരമാണ്. അത് കാണാന്‍ ഇഷ്ടമാണ്'-ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കായി 125 ടെസ്റ്റില്‍ നിന്ന് 10122 റണ്‍സും 108 ഏകദിനത്തില്‍ നിന്ന് 3092 റണ്‍സുമാണ് ഗവാസ്‌കര്‍ നേടിയത്. ടെസ്റ്റില്‍ 34 സെഞ്ച്വറിയും നാല് ഇരട്ട സെഞ്ച്വറിയും 45 അര്‍ധ സെഞ്ച്വറിയും നേടിയപ്പോള്‍ ഏകദിനത്തില്‍ ഒരു സെഞ്ച്വറിയും 27 അര്‍ധ സെഞ്ച്വറിയുമാണ് ഗവാസ്‌കറിന്റെ പേരിലുള്ളത്.