അന്താരാഷ്ട്ര കരിയറില്‍ ഒരോവറിലെ ആറു ബോളുകളിലും സിക്‌സര്‍ വഴങ്ങുകയെന്ന അപൂര്‍വ്വ നാണക്കേടിനു അവകാശിയാവേണ്ടി വന്നയാളാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കൂടിയായ യുവരാജ് സിങായിരുന്നു ബ്രോഡിന്റെ ഓവറിലെ മുഴുവന്‍ ബോളും സിക്‌സറിലേക്കു പറത്തി ലോക റെക്കോര്‍ഡിട്ടത്. പക്ഷെ കരിയറില്‍ താന്‍ ബൗള്‍ ചെയ്യാന്‍ വെറുത്ത ബാറ്റര്‍ യുവിയല്ലെന്നും അതു മറ്റൊരാളാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രോഡ്.
സൗത്താഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായിരുന്ന ഗ്രേയം സ്മിത്താണ് ബൗള്‍ ചെയ്യാന്‍ ഏറ്റവുമധികം വെറുത്തിരുന്ന ബാറ്ററായി ബ്രോഡ് തുറന്നു പറഞ്ഞിരിക്കുന്നത്. ഇന്നു (ഫെബ്രുവരി 1) സ്മിത്തിന്റെ പിറന്നാള്‍ ദിനം കൂടിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ ഒരു പോസ്റ്റുമിട്ടിരുന്നു.

100 ടെസ്റ്റുകളില്‍ ടീമിനെ നയിച്ച ആദ്യത്തെ ക്യാപ്റ്റന്‍. അദ്ദേഹത്തിനു കീഴില്‍ പാകിസ്താന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നിവരെ സൗത്താഫ്രിക്ക കീഴടക്കി, ഓസ്‌ട്രേലിയയില്‍ ആദ്യത്തെ ടെസ്റ്റ് പരമ്പരയും ജയിച്ചു. 2007 മുതല്‍ 2013 വരെ എട്ടു എവേ പരമ്പരകളില്‍ അവര്‍ ജയിച്ചു, ഒന്നില്‍പ്പോലും തോറ്റതുമില്ല.
2006 ഏപ്രില്‍ മുതല്‍ 2008 ഡിസംബര്‍ വരെ 11 പരമ്പരകള്‍ അപരാജിതരായി പൂര്‍ത്തിയാക്കുകയും ചെയ്തു. സൗത്താഫ്രിക്കയ്ക്കു വേണ്ടി അദ്ദേഹം 17,000ത്തിനു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തു. പിറന്നാള്‍ ആശംസകള്‍ ഗ്രേയം സ്മിത്ത്. എന്നായിരുന്നു അദ്ദേഹത്തിന്റെ ഫോട്ടോയ്‌ക്കൊപ്പമുള്ള ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ എക്‌സിലെ പോസ്റ്റ്.
ഇതിനു താഴെയായിരുന്നു ബ്രോഡിന്റെ രസകരമായ കമന്റ്. യുവിയേക്കാള്‍ കൂടുതല്‍ ബൗള്‍ ചെയ്യാന്‍ താന്‍ വെറുത്തത് അദ്ദേഹത്തിനെതിരേയാണ് എന്നായിരുന്നു പൊട്ടിച്ചിരിക്കുന്ന ഇമോജിയോടൊപ്പം സ്മിത്തിനെക്കുറിച്ച് ബ്രോഡ് കുറിച്ചത്. ഈ കമന്റിനോടു വൈകാതെ സ്മിത്ത് പ്രതികരിക്കുകയും ചെയ്തു. നമ്മുടെ പോരാട്ടങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നു ബിഗ് മാന്‍ എന്നായിരുന്നു സ്മിത്ത് എക്‌സില്‍ പ്രതികരിച്ചത്.
അതേസമയം, 2007ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ഐസിസിയുടെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു ബ്രോഡിനെതിരേ യുവരാജ് സംഹാര താണ്ഡവമാടിയത്. ഇതിനു വഴിയൊരുക്കിയതാവട്ടെ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ ഓള്‍റൗണ്ടറുമായിരുന്ന ആന്‍ഡ്രു ഫ്‌ളിന്റോഫുമായിരുന്നു. ക്യാപ്റ്റന്‍ എംഎസ് ധോണിയോടൊപ്പം ബാറ്റ് ചെയ്യവെ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഫ്‌ളിന്റോഫ് യുവിയോടു മോശമായി പെരുമാറുകയായിരുന്നു.
യുവിയുടെ അടുത്തേക്ക് വന്ന് ഫ്‌ളിന്റോഫ് പ്രകോപിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചതോടെ യുവി തിരിച്ചടിക്കുകയും ചെയ്തു. തുടര്‍ന്നാണ് അടുത്ത ഓവര്‍ ബൗള്‍ ചെയ്യാന്‍ ബ്രോഡ് എത്തിയത്. ഫ്‌ളിന്റോഫിനോടുള്ള ദേഷ്യം മുഴുവന്‍ തുടരെ ആറു സിക്‌സറുകള്‍ വാരിക്കൂട്ടി യുവി ഈ ഓവറില്‍ തീര്‍ക്കുകയും ചെയ്തു.

ഇംഗ്ലണ്ടും സൗത്താഫ്രിക്കയും തമ്മില്‍ നേരത്തേ മുഖാമുഖം വന്നപ്പോഴെല്ലാം സ്മിത്തും ബ്രോഡും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തീപാറിയിരുന്നു. ഇംഗ്ലണ്ടിനെതിരേ വളരെ മികച്ച റെക്കോര്‍ഡ് കൂടിയാണ് സ്മിത്തിനുണ്ടായിരുന്നത്. അവര്‍ക്കെതിരേ 21 ടെസ്റ്റുകളില്‍ നിന്നും സ്മിത്ത് അടിച്ചെടുത്തത് ഏഴു സെഞ്ച്വറികളാണ്. കൂടാതെ തുടര്‍ച്ചയായി രണ്ടു ഡബിള്‍ സെഞ്ച്വറികളും ഇംഗ്ലണ്ടിനെതിരേ അദ്ദേഹം നേടിയിട്ടുണ്ട്.
സൗത്താഫ്രിക്കയ്‌ക്കെതിരേ ബ്രോഡിന്റെ റെക്കോര്‍ഡും വളരെ മികച്ചതായിരുന്നുവെന്നു കണക്കുകള്‍ പറയുന്നു. 25 മല്‍സരങ്ങളിലാണ് അവര്‍ക്കെതിരേ അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും 89 വിക്കറ്റുകള്‍ വാരിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. വെറും 27 ശരാശരിയില്‍ രണ്ടു ഫൈഫറുകള്‍ നേടാനും ബ്രോഡിനു കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റ് പരമ്പരയ്ക്കു ശേഷമാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിട്ടാണ് ബ്രോഡ് പടിയിറങ്ങിയത്. 167 ടെസ്റ്റുകളില്‍ നിന്നും 604 വിക്കറ്റുകളാണ് അദ്ദേഹം കൊയ്തത്. മൂന്നു തവണ പത്ത് വിക്കറ്റ് നേട്ടവും 20 തവണ അഞ്ചു വിക്കറ്റ് നേട്ടവും കൈവരിക്കാന്‍ ബ്രോഡിനു സാധിക്കുകയും ചെയ്തു.