ഒരോവറിലെ ആറ് പന്തും സിക്‌സര്‍ വഴങ്ങുക. അതും ടി20 ലോകകപ്പ് പോലൊരു വേദിയില്‍. ഏതൊരു ബൗളറായാലും തളര്‍ന്നുപോകുമെന്നുറപ്പ്. ഇത്തരത്തില്‍ തകര്‍ന്ന് കരിയര്‍ നശിച്ച നിരവധി താരങ്ങളെ കാണാനാവും. എന്നാല്‍ ഈ പ്രതിസന്ധിയെ മറികടന്ന് ഇതിഹാസമായി മാറിയ ഒരേയൊരു ബൗളറയേ കാണാനാവൂ. ആ ബൗളറുടെ പേരാണ് സ്റ്റുവര്‍ട്ട് ബ്രോഡ്.
ഇംഗ്ലണ്ടിന്റെ യുവ പേസറായി ടീമിലെത്തിയ താരത്തെ യുവരാജ് സിങ്ങിന്റെ ബാറ്റ് തുടര്‍ച്ചയായി ആറ് സിക്‌സറുകളിലൂടെ ശിക്ഷിച്ചപ്പോള്‍ ബ്രോഡ് തളര്‍ന്നില്ല. അതിനെ ഊര്‍ജമാക്കി വളര്‍ന്ന ബ്രോഡ് ഇപ്പോള്‍ ഇതിഹാസമായി പടിയിറങ്ങിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിലൂടെയാണ് ബ്രോഡ് കരിയറിന് വിരാമമിട്ടത്. തന്റെ അവസാന മത്സരത്തില്‍ മറ്റൊരു താരത്തിനും നേടാനാവാത്ത റെക്കോഡ് സ്വന്തമാക്കാനും ബ്രോഡിന് സാധിച്ചു.
ബ്രോഡ് കരിയറില്‍ നേരിട്ട അവസാന പന്തില്‍ സിക്‌സര്‍ പറത്തുകയും അവസാനം എറിഞ്ഞ പന്തില്‍ വിക്കറ്റ് നേടുകയും ചെയ്തു. ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ ഏക താരം ബ്രോഡാണ്. ഐതിഹാസിക റെക്കോഡോടെ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ബ്രോഡിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. മറ്റൊരു താരത്തിനും ലഭിക്കാത്ത അപൂര്‍വ്വ നേട്ടത്തോടെ പടിയിറങ്ങാന്‍ ബ്രോഡിന് സാധിച്ചു.
ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമല്ല ലോകത്ത് തോറ്റ് തുടങ്ങുന്ന ഏതൊരാള്‍ക്കും മാതൃകയാക്കാവുന്ന താരമാണ് ബ്രോഡ്. കരിയറിന്റെ തുടക്കത്തില്‍ത്തന്നെ ഒരാളും ആഗ്രഹിക്കാത്ത നാണക്കേട് നേരിടേണ്ടി വന്നിട്ടും തോറ്റുകൊടുത്തില്ല. പൊരുതി നേടി ബ്രോഡ് സ്വന്തമാക്കിയത് രാജകീയമായ കരിയറാണ്. ഇംഗ്ലണ്ടിനായി 167 ടെസ്റ്റില്‍ നിന്ന് 604 വിക്കറ്റും 121 ഏകദിനത്തില്‍ നിന്ന് 178 വിക്കറ്റും 56 ടി20യില്‍ നിന്ന് 65 വിക്കറ്റുമാണ് ബ്രോഡിന്റെ സമ്പാദ്യം. ടെസ്റ്റില്‍ സെഞ്ച്വറി നേടിയിട്ടുള്ള ബാറ്റ്‌സ്മാനാണ് ബ്രോഡ്.

മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡുകള്‍ നേടിയ ബ്രോഡ് 2016ന് ശേഷം ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഐപിഎല്‍ പോലുള്ള ലീഗ് ക്രിക്കറ്റുകളില്‍ നിന്നെല്ലാം വിട്ടുനിന്ന് ഇംഗ്ലണ്ട് ടീമിനായി കരിയര്‍ മാറ്റിവെച്ച താരമാണ് ബൗളറാണ് ബ്രോഡ് എന്ന് പറയാം. ടെസ്റ്റില്‍ ബ്രോഡ്-ജെയിംസ് ആന്‍ഡേഴ്‌സണ്‍ കൂട്ടുകെട്ട് എതിരാളികളുടെ ഉറക്കം കെടുത്തിയിരുന്നു. എന്നാല്‍ ഇനി ആ കൂട്ടുകെട്ടില്ലെന്നത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ്.
അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ജയിപ്പിച്ച് ആഷസ് പരമ്പര സമനിലയാക്കാനും ബ്രോഡിന് സാധിച്ചു. തന്റെ അവസാന പരമ്പരയില്‍ അവിസ്മരണീയ പ്രകടനമാണ് ബ്രോഡ് കാഴ്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 283 റണ്‍സിന് ഓള്‍ഔട്ടായി. ഏഴ് റണ്‍സാണ് ബ്രോഡിന് നേടാനായത്. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 295 റണ്‍സിന് പുറത്തായപ്പോള്‍ ബ്രോഡ് രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്.
ഉസ്മാന്‍ ഖ്വാജ, ട്രവിസ് ഹെഡ് എന്നീ രണ്ട് നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്താന്‍ ബ്രോഡിന് സാധിച്ചു. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് 395 റണ്‍സാണ് അടിച്ചെടുത്തത്. എട്ട് റണ്‍സുമായി ബ്രോഡ് പുറത്താവാതെ നിന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്താണ് ബ്രോഡ് അവസാനമായി നേരിട്ടത്. ഈ പന്ത് സിക്‌സര്‍ പായിക്കാന്‍ അദ്ദേഹത്തിനായി. രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയയുടെ രണ്ട് വിക്കറ്റുകളാണ് ബ്രോഡ് വീഴ്ത്തിയത്.
ടോഡ് മര്‍ഫിയെ ആദ്യം പുറത്താക്കിയ ബ്രോഡ് തന്റെ കരിയറിലെ അവസാന പന്തില്‍ അലക്‌സ് ക്യാരിയേയും മടക്കി. മര്‍ഫിയെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയുടെ കൈയിലെത്തിച്ച ബ്രോഡ് അലക്‌സ് ക്യാരിയേയും വിക്കറ്റ് കീപ്പറുടെ കൈയിലെത്തിച്ചാണ് തന്റെ കരിയറിന് അവസാനമിട്ടത്.
തന്റെ കരിയറിലെ അവസാന പന്തില്‍ വിക്കറ്റോടെ വിടപറയുകയെന്നത് ബ്രോഡിന് കാലം കാത്തുവെച്ച നീതിയാണെന്ന് പറയാം.