മുംബൈ: ക്രിക്കറ്റില്‍ സൂപ്പര്‍ താര പദവിയിലേക്കെത്തുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ ക്രിക്കറ്റില്‍. എല്ലാക്കാലത്തും മികച്ച താരസമ്പത്ത് ഇന്ത്യക്കുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ മികവുകാട്ടി വളരുകയെന്നത് പ്രയാസം തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതിഹാസങ്ങളമായി മാറിയ പല താരങ്ങളും തങ്ങളുടെ മക്കളെയും ക്രിക്കറ്റില്‍ വളര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.
ഇവരില്‍ പലരും ദേശീയ ക്രിക്കറ്റ് ടീമിലേക്കെത്തിയപ്പോള്‍ ചിലരുടെ കരിയര്‍ ആഭ്യന്തര ക്രിക്കറ്റില്‍ത്തന്നെ അവസാനിച്ചു. അച്ഛന്റെ പേരുകളഞ്ഞ മക്കളാണ് മിക്കവരും. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ മക്കളെന്ന നിലയില്‍ പേരെടുക്കുകയും മോശം പ്രകടനം നടത്തി നിരാശപ്പെടുത്തുകയും ചെയ്ത അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം സുനില്‍ ഗവാസ്‌കറിന്റെ മകന്‍ രോഹന്‍ ഗവാസ്‌കറാണ്. സുനില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. സണ്ണിയെന്ന് സ്‌നേഹത്തോടെ ആരാധകര്‍ വിളിക്കുന്ന സുനിലാണ് ടെസ്റ്റില്‍ 10000 റണ്‍സെന്ന കടമ്പ ആദ്യമായി പിന്നിട്ട താരം. 34 ടെസ്റ്റ് സെഞ്ച്വറിയുള്‍പ്പെടെ 13000ലധികം റണ്‍സുമായാണ് സുനില്‍ ഗവാസ്‌കര്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ രോഹന്‍ ഗവാസ്‌കര്‍ക്ക് മികവുകാട്ടാനായില്ല.
ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ രോഹനായെങ്കിലും ഇന്ത്യക്കായി 11 ഏകദിനം കളിച്ച് താരത്തിന്റെ കരിയര്‍ അവസാനിച്ചു. പ്രതീക്ഷിച്ച നിലവാരം കാട്ടാതെ വന്നതോടെയാണ് രോഹനെ ഇന്ത്യ തഴഞ്ഞത്. ഇപ്പോള്‍ അവതാരകനെന്ന നിലയിലും കമന്റേറ്ററെന്ന നിലയിലും രോഹന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ക്രിക്കറ്റില്‍ പ്രതീക്ഷിച്ച ഉയര്‍ച്ചയുണ്ടാക്കാനായില്ല.
രണ്ടാമത്തെ താരം റിച്ചാര്‍ഡ് ഹട്ടനാണ്. പ്രശസ്ത ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സര്‍ ലെന്‍ ഹട്ടന്റെ മകനാണ് റിച്ചാര്‍ഡ്. ലെന്‍ 1950കളില്‍ ഇംഗ്ലണ്ടിന്റെ പ്രധാന താരമായിരുന്നു. ഓസ്‌ട്രേലിയക്കെതിരേ 364 റണ്‍സടിച്ച ലെന്നിന്റെ ഇന്നിങ്‌സ് എന്നെന്നും ഓര്‍മിക്കപ്പെടുന്നതാണ്. പക്ഷെ അദ്ദേഹത്തിന്റെ മകനായ റിച്ചാര്‍ഡിന് ഈ മികവുകാട്ടാനായില്ല. വെറും അഞ്ച് ടെസ്റ്റ് മാത്രം കളിച്ച് റിച്ചാര്‍ഡിന് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നു.

സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് ഇന്നും എതിരാളികളുടെ പേടി സ്വപ്‌നമാണ്. ഭയമില്ലാതെ ബാറ്റുചെയ്യുന്ന റിച്ചാര്‍ഡ്‌സ് പന്തുകൊണ്ടും ടീമിന് ഉപകാരിയായിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും ഒരുപോലെ മികവുകാട്ടിയിരുന്ന റിച്ചാര്‍ഡ്‌സിന്റെ മകനാണ് മാലി റിച്ചാര്‍ഡ്‌സ്. അച്ഛന്റെ പിന്‍ഗാമിയാവുമെന്ന് വിന്‍ഡീസ് ആരാധകര്‍ പ്രതീക്ഷിച്ച താരമാണ് മാലി. ആന്റിഗ്വെയ്ക്കായി അണ്ടര്‍19 ക്രിക്കറ്റില്‍ 319 റണ്‍സടിച്ച താരം പ്രതീക്ഷ നല്‍കിയെങ്കിലും ഉദ്ദേശിച്ച വളര്‍ച്ച കൈവരിക്കാതെ നിരാശപ്പെടുത്തി.
മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമാണ് റോജര്‍ ബെന്നി. നിലവില്‍ ബിസിസി ഐ പ്രസിഡന്റാണ് അദ്ദേഹം. പേസ് ബൗളിങ് ഓള്‍റൗണ്ടറായിരുന്ന റോജര്‍ ബിന്നി 1983ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ മകനെന്ന നിലയില്‍ വലിയ ശ്രദ്ധ നേടിയ താരമാണ് സ്റ്റുവര്‍ട്ട് ബിന്നി. പേസ് ഓള്‍റൗണ്ടറായ സ്റ്റുവര്‍ട്ട് ബിന്നി ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചെങ്കിലും സ്ഥിരതയോടെ കളിക്കാന്‍ സാധിക്കാതെ പോയി.
ഇപ്പോള്‍ അവതാരകനെന്ന നിലയില്‍ സ്റ്റുവര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ ഓള്‍റൗണ്ടറെന്ന നിലയിലെ ക്രിക്കറ്റ് കരിയര്‍ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. ആറ് ടെസ്റ്റില്‍ നിന്ന് 194 റണ്‍സും 3 വിക്കറ്റും 14 ഏകദിനത്തില്‍ നിന്ന് 230 റണ്‍സും 20 വിക്കറ്റും മൂന്ന് ടി20യില്‍ നിന്ന് 35 റണ്‍സും 1 വിക്കറ്റുമാണ് നേടിയത്. ഏകദിനത്തില്‍ 4 റണ്‍സ് വിട്ടുകൊടുത്ത് ബിന്നി ആറ് വിക്കറ്റ് വീഴ്ത്തിയത് ഏകദിനത്തിലെ ഇന്ത്യക്കാരന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ്.
അഞ്ചാമത്തെ താരം അര്‍ജുന്‍ ടെണ്ടുല്‍ക്കറാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന നിലയില്‍ വലിയ പരിഗണന അര്‍ജുന് ലഭിക്കുന്നു. എന്നാല്‍ ഇതിനൊത്ത പ്രകടനം അര്‍ജുന്‍ നടത്തുന്നില്ല. പേസ് ഓള്‍റൗണ്ടറായ അര്‍ജുന്‍ നിലവില്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം അദ്ദേഹം നിരാശപ്പെടുത്തി. സച്ചിന്റെ പേരുകളയുന്ന പ്രകടനമാണ് അര്‍ജുന്‍ കാഴ്ചവെക്കുന്നതെന്ന് പറയാം.