ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഇപ്പോഴും മറക്കാന്‍ സാധിക്കാത്ത സംഭവങ്ങളിലൊന്നാണ് 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനനലില്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ റണ്ണൗട്ട്. ന്യൂസിലാന്‍ഡിനെതിരേ റണ്‍ ചേസില്‍ തുടക്കത്തില്‍ പതറിയ ശേഷം കളിയിലേക്കു തിരിച്ചുവന്ന ഇന്ത്യയെ ധോണി ജയിപ്പിക്കുമെന്നു ഉറപ്പിച്ചിരിക്കെയായിരുന്നു അപ്രതീക്ഷിത ട്വിസ്റ്റ്. കിവി ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയില്‍ ധോണി റണ്ണൗട്ടാവുകയായിരുന്നു.
ഇതോടെ മല്‍സരഗതി തന്നെ മാറുകയും ജയം സ്വപ്‌നം കണ്ട ഇന്ത്യ തോല്‍വിയിലേക്കു കൂപ്പുകുത്തുകയും ചെയ്തു. അതിനു ശേഷം ഇന്ത്യന്‍ ആരാധകരുടെ കണ്ണിലെ കരടായി ഗപ്റ്റില്‍ മാറിയിരുന്നു. സെമിയില്‍ ധോണിയുടെ റണ്ണൗട്ടിനെക്കുറിച്ചും തനിക്കു ഇപ്പോഴും ഇന്ത്യന്‍ ആരാധകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്വേഷ സന്ദേശങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഗപ്റ്റില്‍.

മഴയെ തുടര്‍ന്നു രണ്ടു ദിവസങ്ങളിലായി നടന്ന സെമി ഫൈനലില്‍ 240 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു കിവീസ് നല്‍കിയത്. അഞ്ചു റണ്‍സാവുമ്പോഴേക്കും മൂന്നു വിക്കറ്റ് കൈവിട്ട ഇന്ത്യയെ ഏഴാം വിക്കറ്റില്‍ ധോണി- രവീന്ദ്ര ജഡേജ സഖ്യം കളിയിലേക്കു തിരികെ കൊണ്ടുവരികയായിരുന്നു. 116 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തിരുന്നു.
ജഡ്ഡുവിനെ ഒരു സ്ലോ ബോളില്‍ ട്രെന്റ് ബോള്‍ട്ട് വീഴ്ത്തിയതോടെ ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ ധോണിയിലാവുകയായിരുന്നു. 10 ബോളില്‍ ജയിക്കാന്‍ 25 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു ധോണിയുടെ അപ്രതീക്ഷിത പുറത്താവല്‍. സ്‌ക്വയറിനു പിന്നിലേക്കു ഷോട്ട് കളിച്ച ധോണി ഡബിളിനായി ഓടുകയായിരുന്നു. അപ്പോള്‍ അവിടെ ഫീല്‍ഡറുമില്ലായിരുന്നു. ഫൈന്‍ ലെഗില്‍ നിന്നും കുതിച്ചെത്തിയ ഗപ്റ്റില്‍ ഇതു വളരെ ഓടിയെടുത്ത് ദുഷ്‌കരമായ ആംഗിളില്‍ നിന്നും സ്റ്റംപിലേക്കു എറിയുകയും ചെയ്തു.
ധോണി ക്രീസിന് തൊട്ടരികിലെത്തിയപ്പോഴേക്കും ത്രോ സ്റ്റംപുകളില്‍ പതിച്ചിരുന്നു. അദ്ദേഹം ഡൈവ് ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ രക്ഷപ്പെടുമായിരുന്നു. ധോണിയുടെ പുറത്താവലോടെ വാലറ്റത്തെ പെട്ടെന്നു ചുരുട്ടിക്കെട്ടി 14 റണ്‍സ് ജയവുമായി ന്യൂസിലാന്‍ഡ് സെമിയിലേക്കു മുന്നേറുകയും ചെയ്തു.
ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ധോണിയുടെ റണ്ണൗട്ടിനെക്കുറിച്ച് ഗപ്റ്റില്‍ മനസ്സ്തുറന്നത്. ആ സന്ദര്‍ഭത്തില്‍ വളരെ പെട്ടെന്നു സംഭവിച്ച കാര്യങ്ങളിലൊന്നായിരുന്നു അത്. ധോണിയുടെ ആ ഷോട്ട് കണ്ടയുടന്‍ ഞാന്‍ ബോളനിരികിലേക്കു ഓടിയെത്തി.അവിടെ നിന്നും സ്റ്റംപുകളിലേക്കു എറിയുന്നതില്‍ കാര്യമില്ലെന്നു എനിക്കു അറിയമായിരുന്നു.

പക്ഷെ ഞാന്‍ ഒന്നു ശ്രമിച്ചു നോക്കുകയായിരുന്നു. ഒന്നര സ്റ്റംപുകള്‍ മാത്രമേ എനിക്കു അവിടെ നിന്നും ഉന്നം വയ്ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഭാഗ്യം കൊണ്ട് ആ ത്രോ സ്റ്റംപുകളില്‍ പതിക്കുകയും ചെയ്തു. വളരെ പെഫെക്ടായ ത്രോയായിരുന്നു അതെന്നും ഗപ്റ്റില്‍ വ്യക്തമാക്കി. ആറു ബോളുകള്‍ക്കിടെ ബാക്കിയുള്ള രണ്ടു വിക്കറ്റുകള്‍ കൂടി കൈവിട്ട് ഇന്ത്യ പരാജയത്തിലേക്കും വീഴുകയായിരുന്നു.
ധോണിയുടെ അന്താരാഷ്ട്ര കരിയറിലെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു അത്. സെമി ഫൈനലിലെ പരാജയത്തിനു ശേഷം ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി ബ്രേക്കെടുത്ത അദ്ദേഹം ഒരു വര്‍ഷത്തിനു ശേഷം 2020 ആഗസ്റ്റില്‍ വിരമിക്കലും പ്രഖ്യാപിക്കുകയുമായിരുന്നു.
ഇന്ത്യയുടെ പുറത്താവലില്‍ ആരാധകര്‍ തന്നോടു ക്ഷമിച്ചിട്ടില്ലെന്നും വിദ്വേഷ സന്ദേശങ്ങള്‍ ഇപ്പോഴും ലഭിക്കാറുണ്ടെന്നും ഗപ്റ്റില്‍ വെളിപ്പെടുത്തി. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ ഇന്ത്യ മുഴുവന്‍ ഇപ്പോള്‍ എന്നെ ഇഷ്ടപ്പെടുന്നില്ല. അതിനു ശേഷം ഒരുപാട് വിദ്വേഷ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇപ്പോഴും അതു തുടരുകയാണെന്നും മുന്‍ കിവി താരം കൂട്ടിച്ചേര്‍ത്തു.