ഇവരാണ് ബെസ്റ്റ്- ടെസ്റ്റിലെ അഞ്ചു മികച്ച ക്യാപ്റ്റന്‍മാര്‍, കോലി മൂന്നാമന്‍
ക്രിക്കറ്റിലെ ഏറ്റവും പഴക്കമേറിയ ഫോര്‍മാറ്റായ ടെസ്റ്റിന്റെ ചരിത്രമെടുത്താല്‍ ഒരുപിടി ഐതിഹാസി ക്യാപ്റ്റന്‍മാരെ നമുക്കു കാണാന്‍ സാധിക്കും. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നേട്ടങ്ങള്‍ കൊയ്ത പല ക്യാപ്റ്റന്‍മാര്‍ക്കും ടെസ്റ്റില്‍ പക്ഷെ ഇതാവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു കണക്കുകള്‍ പറയുന്നു. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലും ടെസ്റ്റിലും മിടുക്ക് തെളിയിച്ച നായകന്‍മാരുമുണ്ട്.
ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ചു ക്യാപ്റ്റന്മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. വിജയശരാശരിയുടെ അടിസ്ഥാനത്തിലാണ് ക്യാപ്റ്റന്‍മാര്‍ക്കു ഇവിടെ റാങ്കിങ് നല്‍കിയിരിക്കുന്നത്.

സ്റ്റീവ് വോ (1999-2004, ഓസ്‌ട്രേലിയ)
ടെസ്റ്റിലെ ഓള്‍ടൈം ബെസ്റ്റ് ക്യാപ്റ്റനെന്നു വിശേഷിപ്പിക്കാവുന്നത് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം സ്റ്റീവ് വോയെയാണ്. ഓസീസിനായി 168 ടെസ്റ്റുകളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ വോയുടെ വിജയശരാശരി 71.92 ആയിരുന്നു.
1999ലെ ലോകകപ്പ് വിജയിയായ ക്യാപ്റ്റന്‍ കൂടിയായ വോ 57 ടെസ്റ്റുകളിലാണ് ടീമിനെ നയിച്ചത്. ഇവയില്‍ 41ലും ടീമിനു വിജയം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. വെറും ഒമ്പത് ടെസ്റ്റുകള്‍ മാത്രമേ വോയ്ക്കു കീഴില്‍ ഓസീസ് തോറ്റിട്ടുള്ളൂ. അഞ്ചു വര്‍ഷമാണ് അദ്ദേഹം ടീമിന്റെ നായകസ്ഥാനത്തുണ്ടായിരുന്നത്.

റിക്കി പോണ്ടിങ് (2004-10, ഓസ്‌ട്രേലിയ)
ഓസ്‌ട്രേലിയയുടെ തന്നെ മറ്റൊരു ഐതിഹാസിക നായകന്‍ റിക്കി പോണ്ടിങാണ് മികച്ച രണ്ടാമത്തെ ക്യാപ്റ്റന്‍. വോയുടെ പിന്‍ഗാമിയായി നായകസ്ഥാനത്തേക്കു വന്ന അദ്ദേഹം 2004 മുതല്‍ 10 വരെ ആറു വര്‍ഷം ഓസീസ് നായകനായിരുന്നു.
62.33 ആണ് ടെസ്റ്റില്‍ പോണ്ടിങിന്റെ വിജയശരാശരി. 77 ടെസ്റ്റുകളില്‍ 48ലും ഓസീസ് വെന്നിക്കൊടി പാറിച്ചു. 16 ടെസ്റ്റുകളിലാണ് പോണ്ടിങിനു തോല്‍വി രുചിക്കേണ്ടി വന്നത്.

വിരാട് കോലി (2014 മുതല്‍, ഇന്ത്യ)
എംഎസ് ധോണിയുടെ പിന്‍ഗാമിയായി 2014ല്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്കുവന്ന വിരാട് കോലി നിലവില്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന നിലയിലേക്കു അതിവേഗം വളരുകയാണ്. ടെസ്റ്റില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ നായകനായി അദ്ദേഹം മാറിക്കഴിഞ്ഞു.
ഇന്ത്യയെ 60 ടെസ്റ്റുകളിലാണ് കോലി നയിച്ചിട്ടുള്ളത്. ഇവയില്‍ 36 എണ്ണത്തില്‍ ജയം നേടിയപ്പോള്‍ 14 ടെസ്റ്റുകളില്‍ തോല്‍വിയേറ്റുവാങ്ങി. 10 ടെസ്റ്റുകള്‍ സമനിലയില്‍ പിരിഞ്ഞു. 60 ആണ് കോലിയുടെ വിജയശരാശരി. 2018-19ല്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയെ പരമ്പര നേടത്തിലേക്കു നയിച്ചത് അദ്ദേഹമായിരുന്നു. നിലവില്‍ ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാനൊരുങ്ങുകയാണ് കോലിപ്പട.

കെയ്ന്‍ വില്ല്യംസണ്‍ (2014 മുതല്‍, ന്യൂസിലാന്‍ഡ്)
കോലിയെക്കൂടാതെ ടോപ്പ് ഫൈവില്‍ നിലവില്‍ മല്‍സരരംഗത്തുള്ള മറ്റൊരു ക്യാപ്റ്റനാണ് ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍. 2014ലായിരുന്നു വില്ല്യംസണ്‍ ടീമിന്റെ നായകസ്ഥാനമേറ്റെടുത്തത്. 35 ടെസ്റ്റുകളില്‍ ടീമിനെ നയിച്ച അദ്ദേഹം 21 എണ്ണത്തില്‍ വിജയം കൊയ്തു. എട്ടു ടെസ്റ്റുകളില്‍ തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ ആറെണ്ണം സമനിലയില്‍ കലാശിക്കുകയായിരുന്നു.
60 ആണ് ടെസ്റ്റില്‍ വില്ല്യംസണിന്റെ വിജയശരാശരി. പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കു ടീമിനെ നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യയുമായി ഈ മാസം 18നാണ് കിവീസ് ഫൈനലില്‍ ഏറ്റുമുട്ടുക.

മൈക്ക് ബ്രെയര്‍ലി (1977-1981, ഇംഗ്ലണ്ട്)
ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്ക് ബ്രെയര്‍ലിയാണ് ലിസ്റ്റിലെ അഞ്ചാമന്‍ 1977 മുതല്‍ 81 വരെ നാലു വര്‍ഷങ്ങളാണ് അദ്ദേഹം ടെസ്റ്റില്‍ ഇംഗ്ലീഷ് ടീമിനെ നയിച്ചത്. 31 ടെസ്റ്റുകളില്‍ 18 ജയങ്ങള്‍ ബ്രെയര്‍ലി ടീമിനു നേടിക്കൊടുത്തു. വെറും നാലു ടെസ്റ്റുകളില്‍ മാത്രമേ ടീം പരാജയപ്പെട്ടുള്ളൂ. ഒമ്പത് മല്‍സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. 58.06 ആയിരുന്നു ബ്രെയര്‍ലിയുടെ വിജയശരാശരി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications