ക്രിക്കറ്റില്‍ തലവരമാറാന്‍ അധികം സമയം ആവശ്യമില്ല. ഒരു മികച്ച ഇന്നിങ്‌സുകൊണ്ടോ മികച്ച സ്‌പെല്ലുകൊണ്ടോ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ താരങ്ങള്‍ക്ക് സാധിക്കും. ക്രിക്കറ്റിലെ പല താരങ്ങളും തുടങ്ങിയ ബാറ്റിങ് പൊസിഷന്‍ മാറ്റിയപ്പോള്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍മാരായി മാറിയത് ചരിത്രത്തില്‍ നിരവധി കാണാനാവും. സനത് ജയസൂര്യ, രോഹിത് ശര്‍മ, വീരേന്ദര്‍ സെവാഗ് എന്നിവരെല്ലാം ഇതിന് ഉദാഹരണമാണ്.
കരിയറിന്റെ തുടക്കത്തില്‍ ബൗളര്‍മാരാകാന്‍ ആഗ്രഹിക്കുകയും പിന്നീട് ബാറ്റ്‌സ്മാന്‍മാരായി പേരെടുക്കുകയും ചെയ്തവരേയും നിരവധി കാണാനാവും. എന്നാല്‍ ബൗളറായി ടീമിലേക്കെത്തുകയും വാലറ്റത്ത് ബാറ്റു ചെയ്യുകയും ചെയ്ത ശേഷം സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാരായി വിരമിച്ച അപൂര്‍വ്വം ചിലരാണ് ക്രിക്കറ്റ് ലോകത്തുള്ളത്. ഇത്തരത്തില്‍ എല്ലാവരേയും ഞെട്ടിച്ച താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം സ്റ്റീവ് സ്മിത്ത്.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറാണ് സ്റ്റീവ് സ്മിത്തെന്ന് പറഞ്ഞാലും അത് തെറ്റാകില്ല. ക്ലാസിക് ബാറ്റിങ്ങുകൊണ്ടും സ്ഥിരതകൊണ്ടും ഞെട്ടിക്കുന്ന സ്മിത്ത് ഓസ്‌ട്രേലിയന്‍ ടീമിലേക്കെത്തിയത് സ്പിന്നറായാണ്. 2010ല്‍ സ്മിത്തിനെ ഓസ്‌ട്രേലിയ പരിഗണിച്ചത് സ്പിന്നര്‍ റോളിലാണ്. 2012ഓടെയാണ് സ്മിത്തിന്റെ ബാറ്റിങ് പ്രതിഭ ഓസ്‌ട്രേലിയ തിരിച്ചറിയുന്നത്. 2014ലെ ആഷസിലൂടെ സ്മിത്ത് ബാറ്റ്‌സ്മാനെന്ന നിലയില്‍ തന്റെ മികവ് അടയാളപ്പെടുത്തുകയായിരുന്നു.
പിന്നീട് ഡോണ്‍ ബ്രാഡ്മാനുമായി താരതമ്യപ്പെടുത്തുന്ന തലത്തിലേക്ക് സ്മിത്തിന് വളരാന്‍ സാധിച്ചു. ഇന്ന് ലോക ക്രിക്കറ്റിലെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരിലൊരാളെന്ന നിലയിലേക്ക് സ്മിത്ത് വളര്‍ന്നു നില്‍ക്കുകയാണ്. ഈ പട്ടികയിലെ രണ്ടാമന്‍ രവി ശാസ്ത്രിയാണ്. ഉഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് രവി ശാസ്ത്രിയെ ആദ്യമായി പരിഗണിച്ചത് 1981ലാണ്. 10ാം നമ്പറിലാണ് ആദ്യം രവി ശാസ്ത്രി ബാറ്റുചെയ്തത്.

എന്നാല്‍ വാലറ്റത്ത് ശ്രദ്ധേയ ബാറ്റിങ് പ്രകടനം നടത്തിയതോടെ കേവലം ബൗളറെന്നതിലുപരിയായുള്ള ശാസ്ത്രിയുടെ ബാറ്റിങ് മികവ് ടീം മാനേജ്‌മെന്റ് തിരിച്ചറിയുകയായിരുന്നു. ഇടം കൈയന്‍ സ്പിന്നറില്‍ നിന്ന് വിശ്വസ്തനായ ഓള്‍റൗണ്ടറെന്ന നിലയിലേക്ക് അദ്ദേഹം വളര്‍ന്നു. പിന്നീട് ടോപ് ഓഡറിലും മധ്യനിരയിലുമായി ശാസ്ത്രിയുടെ ഗംഭീര ബാറ്റിങ് പ്രകടനങ്ങളാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഭയമില്ലാതെ വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന താരമായിരുന്നു ശാസ്ത്രി.
വിരമിച്ച ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലകനായും ശാസ്ത്രി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ അവതാരകനായും കമന്റേറ്ററായും തിളങ്ങുകയാണ്. മൂന്നാമത്തെ താരം പാകിസ്താന്റെ ഷാദിദ് അഫ്രീദിയാണ്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ബൗളര്‍മാരെ കരയിച്ചിരുന്ന താരമാണ് അഫ്രീദി. ഏത് സാഹചര്യത്തിലും കടന്നാക്രമിക്കുന്ന അഫ്രീദി പാക് ടീമിലേക്കെത്തിയത് ലെഗ് സ്പിന്നറായാണ്. അന്ന് അഫ്രീദിയുടെ ബാറ്റിങ്ങിന് വലിയ പരിഗണന ലഭിച്ചിരുന്നില്ല.
പിന്നീട് വാലറ്റത്തെ അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിങ് കണ്ടാണ് മുന്‍നിരയിലേക്ക് വിളിയെത്തിയത്. പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് ഓപ്പണിങ്ങിലും മധ്യനിരയിലും അഫ്രീദിയുടെ ബാറ്റിങ് വെടിക്കെട്ടാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറുള്ള മൂന്നാമത്തെ താരമാണ് അഫ്രീദി. ശ്രീലങ്കയുടെ മുന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായിരുന്ന സനത് ജയസൂര്യയും സ്പിന്നറായാണ് ടീമിലേക്കെത്തിയത്. സ്പിന്നറെന്ന നിലയില്‍ വാലറ്റത്താണ് ആദ്യം താരത്തിന് ബാറ്റിങ് അവസരം ലഭിച്ചത്.
എന്നാല്‍ പിന്നീട് താരത്തിന്റെ ബാറ്റിങ് മികവ് തിരിച്ചറിഞ്ഞ് ഓപ്പണിങ്ങില്‍ കളിപ്പിക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ചാണ് ജയസൂര്യ പടിയിറങ്ങിയത്. 440 അന്താരാഷ്ട്ര വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. പാകിസ്താന്റെ ഷുഹൈബ് മാലിക്കാണ് ഈ പട്ടികയിലെ മറ്റൊരാള്‍. മുന്‍ പാക് നായകനായ മാലിക്കിനെ ടീമിലേക്ക് പരിഗണിച്ചത് സ്പിന്നറെന്ന നിലയിലാണ്. പിന്നീടാണ് ബാറ്റിങ് കരുത്തുകാട്ടി മാലിക് വളരുന്നത്.
പിന്നീട് ബൗളിങ് കുറച്ച് ബാറ്റ്‌സ്മാനെന്ന നിലയിലാണ് മാലിക് കസറിയത്. മികച്ച ബാറ്റിങ് റെക്കോഡോടെയാണ് മാലിക് പാക് ടീമിനോട് വിടപറഞ്ഞത്. ഇപ്പോള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലടക്കം സജീവമാണ് മാലിക്.