ഗല്ലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ സ്റ്റീവ് സ്മിത്ത്. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും മുഖ്യ കോച്ചുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ പേരിലായിരുന്ന ടെസ്റ്റ് റെക്കോര്‍ഡാണ് സ്മിത്ത് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന റിക്കി പോണ്ടിങിനൊപ്പം എലൈറ്റ് ക്ലബ്ബില്‍ അദ്ദേഹം അംഗമാവുകയും ചെയ്തിരിക്കുകയാണ്. പോണ്ടിങിനു ശേഷം ആ നേട്ടത്തിലെത്തിയ രണ്ടാമത്തെ ഓസീസ് താരമെന്ന അപൂര്‍വ്വനേട്ടവും സ്മിത്തിനെ തേടിയെത്തുകയും ചെയ്തു. റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം സ്വന്തമാക്കിയ ഈ റെക്കോര്‍ഡ് എന്താണെന്നു നോക്കാം.

10,000 റണ്‍സ് ക്ലബ്ബില്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സെന്ന മാന്ത്രികസംഖ്യ പിന്നിട്ട ആറാമത്തെ താരമായി സ്റ്റീവ് സ്മിത്ത് മാറിയിരിക്കുകയാണ്. നേരത്തേ മൂന്നാമതുണ്ടായിരുന്നത് രാഹുല്‍ ദ്രാവിഡായിരുന്നു. എന്നാല്‍ ഇന്ത്യന്‍ വന്‍ മതിയിലിനെ ഒരു സ്ഥാനം താഴേക്കു ഇറക്കിയാണ് സ്മിത്ത് ഇവിടെ തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുന്നത്.
നേരത്തേ 206 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു ദ്രാവിഡിന്റെ നേട്ടം. ഇതാണ് ഒരു ഇന്നിങ്‌സ് കുറച്ചു കളിച്ച് ഓസീസ് സൂപ്പര്‍ താരം തിരുത്തിയത്. 205 ഇന്നിങ്‌സുകളില്‍ നിന്നാണ് സ്മിത്ത് 10,000 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഈ ലിസ്റ്റില്‍ ഒന്നാംസ്ഥാനം മൂന്നു മുന്‍ ബാറ്റിങ് ഇതിഹാസങ്ങള്‍ ചേര്‍ന്നു പങ്കിടുകയാണ്.
വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറ, ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര എന്നിവരുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. മൂന്നു ഇതിഹാസ താരങ്ങളും 195 വീതം ഇന്നിങ്‌സുകളില്‍ നിന്നാണ് 10,000 റണ്‍സ് തികച്ചിട്ടുള്ളത്. ഇവര്‍ക്കു ശേഷം രണ്ടാമന്‍ പോണ്ടിങാണ്. 196 ഇന്നിങ്‌സുകളാണ് അദ്ദേഹത്തിനു വേണ്ടി വന്നത്. പോണ്ടിങിനു താഴെയാണ് ഇപ്പോള്‍ സ്മിത്ത് ഇടം പിടിച്ചത്. ദ്രാവിഡ് തൊട്ടുതാഴെയും നില്‍ക്കുന്നു.
ഒരു റണ്‍സ് മാത്രം
ശ്രീലങ്കയ്‌ക്കെതിരേയുള്ള ഗല്ലെയിലെ ആദ്യ ടെസ്റ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വെറും ഒരു റണ്‍സ് മാത്രമാണ് സ്റ്റീവ് സ്മിത്തിനു വേണ്ടിയിരുന്നത്. നേരിട്ട ആദ്യ ബോളില്‍ തന്നെ സിംഗിളെടുത്ത് അദ്ദേഹം അതു നേടിയെടുക്കുകയും ചെയ്തു. ലഞ്ച് ബ്രേക്കിനു മുമ്പ് ആദ്യ സെഷനിലെ 30ാം ഓവറില്‍ മാര്‍നസ് ലബ്യുഷെയ്‌ന്റെ (20) പുറത്താവലിനു ശേഷമാണ് നാലാമനായി സ്മിത്ത് ക്രീസിലെത്തിയത്.
സ്പിന്നര്‍ പ്രഭാത് ജയസൂര്യയാണ് അടുത്ത ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. ആദ്യ ബോളില്‍ ഉസ്മാന്‍ ഖാവജ സിംഗിളെടുത്തു. ഇതോടെ സ്മിത്തിന് സ്‌ട്രൈക്ക്. മിഡ്ഓണിലേക്കു ബോള്‍ ഫ്‌ളിക്ക് ചെയ്ത് സിംഗിള്‍ നേടിയ അദ്ദേഹം ചരിത്രനേട്ടത്തിനു അവകാശിയായി മാറുകയും ചെയ്തു.
ദാദ- ധവാന്‍ ഓപ്പണിങ്, മൂന്നില്‍ ഗംഭീര്‍!! പിന്നാലെ യുവി; ഇന്ത്യന്‍ ഇടംകൈയന്‍മാരുടെ സൂപ്പര്‍ 11

സ്മിത്തിന്റെ കരിയര്‍
സ്റ്റീവ് സ്മിത്തിന്റെ അന്താരാഷ്ട്ര കരിയറിലേക്കു വന്നാല്‍ 2010ല്‍ പാകിസ്താനെതിരേ ലോര്‍ഡ്‌സിലായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. 115 ടെസ്റ്റുകളിലാണ് അദ്ദേഹം ഇതിനകം കളിച്ചിട്ടുള്ളത്.
ഇവയില്‍ 205 ഇന്നിങ്‌സുകളില്‍ നിന്നും 55.95 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 10,000 റണ്‍സാണ് സമ്പാദ്യം. നാലു ഡബിള്‍ സെഞ്ച്വറികളും 34 സെഞ്ച്വറികളും 41 ഫിഫ്റ്റികളുമുള്‍പ്പെടുന്ന ഗംഭീര കരിയറാണ് അദ്ദേഹത്തിന്റേത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ സ്മിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 239 റണ്‍സുമാണ്.