പിങ്ക് ബോള്‍ ടെസ്റ്റ്: കൈയടിക്കേണ്ടത് തങ്ങള്‍ക്കല്ല, ദാദയുടെ ടീമിന്!! ഇതാണ് കാരണം, പറഞ്ഞത് കോലി
കൊല്‍ക്കത്ത: ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് വിജയത്തിലേക്കു നയിച്ചതിന്റെ ആഹ്ലാദത്തിലാണ് നായകന്‍ വിരാട് കോലി. കൊല്‍ക്കത്തയില്‍ നടന്ന ഐതിഹാസിക പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെ ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യ തുരത്തിയത്. ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ഇന്നിങ്‌സ് വിജയം കൂടിയാണിത്. ഇത് ലോക റെക്കോര്‍ഡ് കൂടിയാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഈ സ്വപ്‌നതുല്യമായ കുതിപ്പിന് മുന്‍ നായകനും ഇപ്പോള്‍ ബിസിസിഐയുടെ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കു നന്ദി പറഞ്ഞിരിക്കുകയാണ് കോലി. മല്‍സരശേഷം സംസാരിക്കവെയാണ് ദാദയ്ക്കു കൂടി ഈ ജയത്തിന്റെ ക്രെഡിറ്റ് അദ്ദേഹം നല്‍കിയത്.

അടിത്തറയിട്ടത് ദാദ
ടെസ്റ്റില്‍ ഇന്ത്യക്കു ഇത്രയും മികച്ചൊരു അടിത്തറയിട്ടത് ഗാംഗുലിയാണെന്നു കോലി ചൂണ്ടിക്കാട്ടി. 2000ത്തിന്റെ തുടക്കകാലത്താണ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റിനെ കൈപിടിച്ചുയര്‍ത്തിയത്. എല്ലാത്തിനും തുടക്കമിട്ടത് ദാദയുടെ അന്നത്തെ സംഘമാണ്. തങ്ങള്‍ അത് മുന്നോട്ട് കൊണ്ടു പോവുന്നുവെന്ന് മാത്രം. കഴിഞ്ഞ മൂന്നു- നാലു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ഇന്ത്യക്കു ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒത്തുകളി വിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പകച്ചുനില്‍ക്കവെയാണ് ഗാംഗുലി ഇന്ത്യന്‍ നായകനായെത്തുന്നത്. നാട്ടിലും വിദേശത്തും ജയിക്കാന്‍ ശേഷിയുള്ള കൂടുതല്‍ അഗ്രസീവായ ടീമായി ഇന്ത്യ മാറുന്നത് ദാദയ്ക്കു കീഴിലാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, വീരേന്ദര്‍ സെവാഗ്, അനില്‍ കുംബ്ലെ തുടങ്ങി ഒരുപിടി ഇതിഹാസ താരങ്ങളുള്‍പ്പെട്ട ശക്തമായ ടീമിനെ വാര്‍ത്തെടുത്തതും അദ്ദേഹമാണ്.

ഇത്രയും കാണികളെ പ്രതീക്ഷിച്ചില്ല
കൊല്‍ക്കത്ത ടെസ്റ്റില്‍ ഇത്രയുമേറെ കാണികള്‍ മല്‍സരം കാണാന്‍ സ്റ്റേഡിയത്തിലേക്കു ഒഴുകിയെത്തുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു കോലി പറഞ്ഞു. ഈഡന്‍ ഗാര്‍ഡന്‍സില്‍ കാണികള്‍ ഓരോ ദിവസം കൂടിക്കൊണ്ടിരുന്നത് ശരിക്കും അദ്ഭുതപ്പെടുത്തി.
ഇത്രയുമധികം പേര്‍ ടെസ്റ്റിനായി ഇവിടെയെത്തുമെന്ന് കരുതിയിരുന്നില്ല. ടെസ്റ്റിനു മാത്രമായി പ്രത്യേകം വേദികളെന്ന തന്റെ മുന്‍ നിര്‍ദേശം ശരിയാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണമാണിതെന്നും കോലി വിശദമാക്കി.

പേസര്‍മാരുടെ പ്രകടനം
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്പിന്നര്‍മാരെ കടത്തി വെട്ടി ഇന്ത്യന്‍ വിജയത്തിന്റെ അമരക്കാരായി മാറിയ പേസ് നിരയെ കോലി പ്രശംസിച്ചു. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരുള്‍പ്പെട്ട പേസ് ത്രയം പിങ്ക് ബോള്‍ ടെസ്റ്റില്‍ 19 വിക്കറ്റുകളും കൈക്കലാക്കിയിരുന്നു. രണ്ടു ടെസ്റ്റുകളിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് ഒരു വിക്കറ്റ് പോലും ലഭിച്ചിരുന്നില്ല.
വിജയത്തിനായുള്ള അതിയായ ദാഹമാണ് ഈ പേസ് നിരയെ കൂടുതല്‍ അപകടകാരികളാക്കുന്നത്. ഈ ടീമിനൊപ്പം കളിക്കുന്നത് ഓരോ താരവും ശരിക്കും ആസ്വദിക്കുന്നതായും കോലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications