ഏഷ്യ പിടിക്കാന്‍ ഇന്ത്യന്‍ പെണ്‍പട... ഇവര്‍ കസറിയാല്‍ കിരീടമുറപ്പ്, പ്രതീക്ഷയേകുന്ന 5 സ്റ്റാറുകള്‍
ദില്ലി: ഞായറാഴ്ച മലേഷ്യയില്‍ ആരംഭിക്കുന്ന വനിതകളുടെ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ കിരീടം നേടാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ പെണ്‍പട. ട്വന്റി20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ആതിഥേയരായ മലേഷ്യയടക്കം ആറു ടീമുകള്‍ കിരീടമോഹവുമായി പോര്‍ക്കളത്തിലിറങ്ങും. ഓരോ ടീമും പരസ്പരം ഒരു തവണ വീതം ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരാണ് ഫൈനലിലേക്കു യോഗ്യത നേടുക. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‌ലന്‍ഡ്, മലേഷ്യ എന്നിവരാണ് ഏഷ്യാ കപ്പില്‍ അണിനിരക്കുന്ന ടീമുകള്‍.
പുരുഷ ക്രിക്കറ്റിനോളം ഗ്ലാമര്‍ ഇല്ലെങ്കിലും വീറുറ്റ പ്രകടനത്തിലൂടെ കൂടുതല്‍ ആരാധകരെ ആകര്‍ഷിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടീമുകള്‍. ഏഷ്യാ കപ്പിന്റെ മൂന്നാമത്തെ എഡിഷനാണിത്.
ഇത്തവണത്തെ കിരീട ഫേവറിറ്റുകളിലൊന്നാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം. ചിരവൈരികളായ പാകിസ്താനായിരിക്കും ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുക. അഞ്ചു താരങ്ങളുടെ പ്രകടനം ടൂര്‍ണമെന്റില്‍ ഇന്ത്യക്കു നിര്‍ണായകമാവും. ടീമിന്റെ തുറുപ്പുചീട്ടാവുമെന്നു വിലയിരുത്തപ്പെടുന്ന ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഹര്‍മന്‍പ്രീത് കൗര്‍
അടുത്തിടെ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ ഹര്‍മന്‍പ്രീതില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. ടി20 ചാലഞ്ച് മല്‍സരത്തില്‍ അടുത്തിടെ സൂപ്പര്‍നോവ ടീമിനെ നയിച്ചത് ഹര്‍മന്‍പ്രീതായിരുന്നു. ഈ മല്‍സരത്തില്‍ താരത്തിന്റെ ക്യാപ്റ്റന്‍സി ഏറെ ശ്രദ്ധിക്കപ്പെുകയും ചെയ്തിരുന്നു.
വിദേശത്തു നടക്കുന്ന ട്വന്റി20 ചാംപ്യന്‍ഷിപ്പുകളില്‍ കളിച്ച ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിതാ താരം കൂടിയാണ് ഹര്‍മന്‍പ്രീത്. സിഡ്‌നി തണ്ടര്‍, സറേ സ്റ്റാര്‍സ് എന്നീ ടീമുകള്‍ക്കായി താരം തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല മികച്ച ഫീല്‍ഡറും ഓഫ്‌സ്പിന്നറും കൂടിയാണ് ഹര്‍മന്‍പ്രീത്.

സ്മൃതി മന്ദാന
ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ബാറ്റിങ് സെന്‍സേഷന്‍ കൂടിയായ സ്മൃതി മന്ദാന. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കവെയാണ് താരം ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി ഇറങ്ങുന്നത്. അവസാനത്തെ ഒമ്പത് മല്‍സരങ്ങളില്‍ ഏഴിലും സ്മൃതി ഫിഫ്റ്റി നേടിയിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നു പഴി കേട്ട സ്മൃതി ഏഷ്യാ കപ്പില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ്.
ഐസിസി ട്വന്റി20 റാങ്കിങില്‍ ഏഴാം സ്ഥാനത്ത് ഈ മുംബൈ താരമുണ്ട്. ഏഷ്യാ കപ്പില്‍ ഇന്ത്യക്കു സ്‌ഫോടനാത്മത തുടക്കം നല്‍കാന്‍ ശേഷിയുള്ള താരമാണ് സ്മൃതി.

മിതാലി രാജ്
ഇന്ത്യയുടെ വനിതാ ടെണ്ടുല്‍ക്കറെന്നു വിശേഷിപ്പിക്കപ്പെടുന്ന മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ അനുഭവസമ്പത്ത് ഏഷ്യാ കപ്പില്‍ മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് ടീം. ഏതു പ്രതിസന്ധി ഘട്ടത്തിലും ക്ഷമാപൂര്‍വ്വമുള്ള ഇന്നിങ്‌സുകള്‍ കളിച്ച് ടീമിനെ രക്ഷിക്കാനുള്ള മിടുക്ക് മിതാലിക്കുണ്ട്. പുരുഷ ടീമില്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ റോളാണ് മിതാലിക്കുള്ളത്.
ഹര്‍മന്‍പ്രീതിനും സ്മൃതിക്കുമൊപ്പം ഐസിസി റാങ്കിങില്‍ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം കൂടിയാണ് മിതാലി.

ജെമീമ റോഡ്രിഗസ്
ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ പുത്തന്‍ വാഗ്ദാനമാണ് ജെമീമ റോഡ്രിഗസ്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മറ്റുള്ള ഏതു താരത്തേക്കാളും പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ജെമീമ കാഴ്ചവയ്ക്കുന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരുള്‍പ്പെട്ട പരമ്പരയില്‍ അടുത്തിടെ ഓപ്പണറായി ഇറങ്ങി മിന്നല്‍ ഫിഫ്റ്റി നേടി താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.
കരുത്തിനേക്കാളുപരി ഫീല്‍ഡിങിലെ പിഴവുകള്‍ മനസ്സിലാക്കി ബുദ്ധിപൂര്‍വ്വം ഷോട്ടുകള്‍ കളിക്കുന്ന താരമാണ് ജെമീമ. തന്റെ മികവ് പുറത്തെടുക്കാന്‍ താരത്തിനു ലഭിച്ച സുവര്‍ണാവസരം തന്നെയാണ് ഏഷ്യാ കപ്പ്.

പൂനം യാദവ്
കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സ്പിന്നര്‍ പൂനം യാദവ്. മധ്യ ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ പിഴുത് ടീമിന് ബ്രേക്ത്രൂകള്‍ നല്‍കാന്‍ പ്രത്യേക മിടുക്കുള്ള താരമാണ് പൂനം.
32 മല്‍സരങ്ങളില്‍ നിന്നും താരം 43 വിക്കറ്റെടുത്തിട്ടുണ്ട്. ഓരോ 15 പന്തുകള്‍ക്കിടയിലും ഒരു വിക്കറ്റെന്ന കണക്കിലാണ് താരം ഇത്രയും വിക്കറ്റ് വീഴ്ത്തിയത്. ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ബൗളിങിലെ തുറുപ്പുചീട്ടായിരിക്കും പൂനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications