ഹാര്‍ദിക്കിനു പിറകെ ജഡേജയും വിരമിക്കുന്നു! ഇന്ത്യക്കു ഞെട്ടല്‍- ഒരു ഫോര്‍മാറ്റ് നിര്‍ത്തിയേക്കും
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനു വേണ്ടി ടെസ്റ്റില്‍ നിന്നും വൈകാതെ വിരമിച്ചേക്കുമെന്ന് ദിവസങ്ങള്‍ക്കു മുമ്പ് റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ഇതു വലിയ ഞെട്ടലുമുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു സമാനമായ റിപ്പോര്‍ട്ട് കൂടി വന്നിരിക്കുകയാണ്. ടീമിലെ മറ്റൊരു സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഹാര്‍ദിക്കിന്റെ വഴിയെ നീങ്ങിയേക്കുമെന്നാണ് സൂചനകള്‍.
നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിലെ അവിഭാജ്യഘടകമാണ് അദ്ദേഹം. മികച്ച ഫിറ്റ്‌നസിലൂടെയും ഫോമിലൂടെയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണ് ജഡ്ഡു. അവസാനമായി ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയിലായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്. ആദ്യ ടെസ്റ്റില്‍ കളിച്ച ജഡേജ പരിക്കു കാരണം രണ്ടാം ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. പരിക്കില്‍ നിന്നും മുക്തനായിട്ടില്ലാത്തതില്‍ വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലും ജഡേജ കളിക്കുന്നില്ല.

ടെസ്റ്റില്‍ നിന്നും വിരമിച്ചേക്കും
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും രവീന്ദ്ര ജഡേജ വൈകാതെ വിരമിക്കല്‍ പ്രഖ്യാപിക്കാനിടയുണ്ടെന്നു ദേശീയ മാധ്യമമായ ജാഗ്രണാണ് (jagran) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദേശീയ ടീമിലെ പേര് വെളിപ്പെടുത്താത്ത ഒരു ടീമംഗത്തെ ഉദ്ധരിച്ചാണ് അവര്‍ ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ജഡ്ഡു ഇക്കാര്യം ആലോചിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ അദ്ദേഹത്തിന്റെ കൈയ്‌ക്കേറ്റ പരിക്ക് ഗൗരവമുള്ളതാണ്. പൂര്‍ണമായി ഇതില്‍ നിന്നും മുക്തനായി ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ ചിലപ്പോള്‍ ആറു മാസങ്ങളെങ്കിലും വേണ്ടി വന്നേക്കും. അങ്ങനെയാണെങ്കില്‍ അടുത്ത സീസണിലെ ഐപിഎല്ലിലും ജഡേജ ഒരുപക്ഷെ കളിച്ചേക്കില്ല.

മടങ്ങിവരവ് വൈകും
സൗത്താഫ്രിക്കയ്‌ക്കെതിരേ ജനുവരിയില്‍ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലൂടെ രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തുമെന്നായിരുന്നു നേരത്തേ കരുതപ്പെട്ടിരുന്നത്. പക്ഷെ ഇപ്പോഴത്തെ പരിക്ക് നിസാരമല്ലെന്നാണ് വിവരം. സൗത്താഫ്രിക്കയ്‌ക്കെതിരേ മാത്രമല്ല അതിനു ശേഷം ശ്രീലങ്കയ്‌ക്കെതിരേ നടക്കുന്ന പരമ്പരയിലും ജഡേജ കളിക്കാന്‍ സാധ്യത കുറവാണ്.
ഏപ്രില്‍ ആദ്യവാരമായിരിക്കും ഐപിഎല്ലിന്റെ 15ാം സീസണിനു തുടക്കമാവുന്നത്. ഈ ടൂര്‍ണമെന്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ജഡ്ഡു കളിക്കുമോയെന്ന കാര്യം ഇപ്പോഴും ഉറപ്പിക്കാനാവില്ല. അദ്ദേഹത്തിനു പിന്‍മാറേണ്ടി വരികയാണെങ്കില്‍ അതു സിഎസ്‌കെയെ സംബന്ധിച്ച് കനത്ത ആഘാതം തന്നെയായിരിക്കും. കാരണം ടീമിലെ നിര്‍ണായക താരമാണ് അദ്ദേഹം. അടുത്ത വര്‍ഷത്തെ മെഗാ ലേലത്തിനു മുമ്പ് സിഎസ്‌കെ ആദ്യം നിലനിര്‍ത്തിയ താരവും ജഡേജയായിരുന്നു.

ടെസ്റ്റില്‍ മികച്ച പ്രകടനം
ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്ററെന്ന നിലയില്‍ രവീന്ദ്ര ജഡേജ ഇപ്പോള്‍ വളരെയേറെ മെച്ചപ്പെട്ടു കഴിഞ്ഞു. നാട്ടിലും വിദേശത്തുമെല്ലാം ടീമിനു വേണ്ടി പല മികച്ച ഇന്നിങ്‌സുകളിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹം കളിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനു ആശ്രയിക്കാവുന്ന താരം കൂടിയാണ് ജഡേജ. ഏറ്റവും അവസാനമായി ന്യൂസിലാന്‍ഡിനെതിരേ കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അദ്ദേഹം ഫിഫ്റ്റിയടിച്ചിരുന്നു.
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ നാലു ടെസ്റ്റുകളില്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ പുറത്തിരുത്തി ഇന്ത്യ ജഡേജയെയാണ് പ്ലെയിങ് ഇലവനില്‍ ഇറക്കിയത്. താരത്തിന്റെ ബാറ്റിങിലെ മികച്ച പ്രകടനം പരിഗണിച്ചായിരുന്നു ഇത്. 33 കാരമായ ജഡേജയുടെ സാന്നിധ്യം ടീമിനു കൂടുതല്‍ ബാലന്‍സ് നല്‍കുകയും ചെയ്യുന്നു.
ജഡേജ ടെസ്റ്റില്‍ നിന്നും വിരമിച്ചാല്‍ ഇന്ത്യയെ സംബന്ധിച്ച് നികത്താനാവാത്ത നഷ്ടമായിരിക്കും അത്. ബാക്കപ്പായി എത്രയും പെട്ടെന്നു മറ്റൊരു താരത്തെ വളര്‍ത്തിക്കൊണ്ടു വരികയെന്നതു മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ള ഏക മാര്‍ഗം.

ഹാര്‍ദിക്കിന്റെ വിരമിക്കല്‍
ഈ മാസം ആദ്യമായിരുന്നു ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു വലയുന്ന അദ്ദേഹം ഇനി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനു വേണ്ടിയായിരുന്നു ടെസ്റ്റ് മതിയാക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്. ടെസ്റ്റില്‍ നിന്നു വിരമിക്കാന്‍ ഹാര്‍ദിക്ക് ആലോചിക്കുന്നുണ്ട്. പക്ഷെ ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പരിക്കുകളെ തുടര്‍ന്നാണ് താരം ഇങ്ങനെയൊരു നീക്കത്തിനു മുതിരുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റ്, ഐപിഎല്‍ എന്നിവയില്‍ തുടര്‍ന്നും കളിക്കണമെന്ന് ടെസ്റ്റ് നിര്‍ത്തേണ്ടത് അനിവാര്യമാണെന്നാണ് ഹാര്‍ദിക് കരുതുന്നത്. ഇപ്പോള്‍ ടെസ്റ്റ് ടീമിന്റെ ഭാഗമല്ലെങ്കിലും അദ്ദേഹം വിരമിച്ചാല്‍ അതു വലിയ നഷ്ടമായിരിക്കുമെന്നും ബിസിസിഐ ഒഫീഷ്യല്‍ ഇന്‍സൈഡ് സ്‌പോര്‍ട്ടിനോടു പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications