ശ്രീലങ്കയ്‌ക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരകളില്‍ ഇന്ത്യയുടെ വിജയസാധ്യ വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ടി20, ഏകദിന പരമ്പരകളില്‍ ലങ്ക രണ്ടാംനിര ടീമിനെ ഇറക്കിയേക്കുമെന്നാണ് ചില ലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ ടീമിലെ കളിക്കാരുമായുള്ള കരാര്‍ സംബന്ധിച്ച് താരങ്ങളും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ തര്‍ക്കത്തിലാണ്. ഈ സാഹചര്യത്തിലാണ് പുതിയൊരു ടീമിനെ തിരഞ്ഞെടുക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നത്.

ക്രിക്കറ്റ് ബോര്‍ഡ് ലങ്കന്‍ താരങ്ങള്‍ക്കു പുതിയ വാര്‍ഷിക കരാര്‍ ഓഫര്‍ ചെയ്തിരുന്നെങ്കിലും കളിക്കാര്‍ ഇത് അംഗീകരിച്ചിട്ടില്ല. കുറഞ്ഞത് ടൂര്‍ കരാറുകളിലെങ്കിലും ഒപ്പുവയ്ക്കാന്‍ കളിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇന്ത്യക്കെതിരേ ഒരുപാട് മാറ്റങ്ങളുമായി മറ്റൊരു ടീമിനെ തിരഞ്ഞെടുക്കുമെന്ന് ബോര്‍ഡ് സൂചന നല്‍കിക്കഴിഞ്ഞു.
നിലവില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണ് ലങ്കന്‍ ടീം. ഇംഗ്ലണ്ടിലേക്കു തിരിക്കുന്നതിനു മുമ്പ് കളിക്കാര്‍ വോളന്ററി ഡിക്ലയറേഷന്‍ ഫോമുകളില്‍ ഒപ്പിട്ടു നല്‍കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിലെ പരമ്പര കഴിയുന്നതോടെ ബോര്‍ഡും കളിക്കാരും തമ്മില്‍ ധാരണയിലെത്താന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഇതുവരെ ബോര്‍ഡും കളിക്കാരും തമ്മില്‍ യാതൊരു കരാറിലുമെത്തിയിട്ടില്ല. വൊളന്റി ഡിക്ലയറേഷന്‍ ഫോമുകളില്‍ താരങ്ങള്‍ ഒപ്പിട്ടത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യക്കെതിരായ പരമ്പരയ്ക്കു മുമ്പ് ടൂര്‍ കരാറില്‍ ഒപ്പു വച്ചാല്‍ മാത്രമേ ടീം സെലക്ഷന് പരിഗണിക്കുകയുള്ളൂവെന്നാണ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.
ഫിറ്റ്‌നസ് നിലവാരവും കളിക്കളത്തിലെ പ്രകടനവും അനുസരിച്ചായിരിക്കും താരങ്ങള്‍ക്കു പ്രതിഫലം നല്‍കുകയെന്നാണ് പുതിയ വാര്‍ഷിക കരാറില്‍ ലങ്കന്‍ ബോര്‍ഡ് വ്യക്തമാക്കുന്നത്. ഇതാണ് താരങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. അന്യായവും സുതാര്യവുമല്ലാത്ത കരാറുകളില്‍ ഒപ്പിടാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് കളിക്കാരുടെ നിലപാട്. കരാറില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ച് ലങ്കയുടെ അഞ്ചു താരങ്ങള്‍ ഇതിനകം തന്നെ ഇന്ത്യക്കെതിരായ പരമ്പരകളില്‍ നിന്നും പിന്‍മാറിയിരുന്നു. വിശ്വ ഫെര്‍ണാണ്ടോ, ലസിത് എംബുല്‍ദെനിയ, ലഹിരു കുമാര, ആഷെന്‍ ബണ്ഡാര, കസുന്‍ രഞ്ജിത എന്നിവരായിരുന്നു ഈ കളിക്കാര്‍. ഇതേ തുടര്‍ന്നു കൊളംബോയിലോ ദാംബുള്ളയിലോയുള്ള ബയോ ബബ്ള്‍ ക്യാംപിനൊപ്പം ഇവര് ചേര്‍ന്നതുമില്ല.