
വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസമാദ്യം നടക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പമ്പരയിലൂടെയാണ് രോഹിത് തിരിച്ചെത്തുന്നത്. പുതിയ വൈറ്റ് ബോള്‍ ക്യാപ്റ്റനായ ശേഷം അദ്ദേഹം ടീമിനെ നയിക്കുന്ന ആദ്യത്തെ ഏകദിന പരമ്പരയും കൂടിയാണിത്. അതേസമയം, ഏകദിന ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ ചില ബൗളര്‍മാരാണ് രോഹിത്തിനെ ഏറ്റവുമധികം വെള്ളം കുടിപ്പിച്ചതെന്നു കാണാം. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ഇടംകൈന്‍ ഫാസ്റ്റ് ബൗള്‍മാര്‍ക്കെതിരേ കളിക്കുന്നതില്‍ രോഹിത് ശര്‍മയ്ക്കുള്ള വീക്ക്‌നെസ് പല തവണ തുറന്നു കാണിക്കപ്പെട്ടതാണ്. ഏറ്റവുമ അവസാനമായി കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡിക്കു മുന്നില്‍ അദ്ദേഹം അക്കൗണ്ട് തുറക്കും മുമ്പ് വിക്കറ്റിനു മുന്നില്‍ കുരുങ്ങിയതും നമ്മള്‍ കണ്ടതാണ്. പക്ഷെ രോഹിത്തിനെ ഏറ്റവുമധികം പുറത്താക്കിയിട്ടുള്ളത് ഇടംകൈയന്‍ ഫാസ്റ്റ് ബൗളറല്ല എന്നതാണ് സത്യം. ശ്രീലങ്കയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസിനു മുന്നിലാണ് ഹിറ്റ്മാന് ഏറ്റവുമധികം തവണ പിഴച്ചിട്ടുള്ളത്.

28 ഇന്നിങ്‌സുകളില്‍ നിന്നായി ഏഴു തവണ രോഹിത് ശര്‍മയെ പുറത്താക്കാന്‍ ആഞ്ചലോ മാത്യൂസിനായിട്ടുണ്ട്. ഇതില്‍ നാലെണ്ണം ബൗള്‍ഡായിരുന്നു. രണ്ടു തവണ വിക്കറ്റിനു മുന്നില്‍ കുരുക്കുകയും ഒരു തവണ വിക്കറ്റിനു പിന്നില്‍ ക്യാച്ചൗട്ട് ആക്കുകയും ചെയ്തു. മാത്യൂസ് കഴിഞ്ഞാല്‍ രോഹിത്തിനെ ഏകദിനത്തില്‍ കൂടുതല്‍ തവണ ഔട്ടാക്കിയത് രണ്ടു പേരാണ്. ഒന്ന് ന്യൂസിലാന്‍ഡ് പേസര്‍ ടിം സൗത്തിയാണെങ്കില്‍ മറ്റൊരാള്‍ സൗത്താഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ മോര്‍നെ മോര്‍ക്കലാണ്. അഞ്ചു തവണ വീതം രണ്ടു പേരും രോഹിത്തിന്റെ വിക്കറ്റെടുത്തിട്ടുണ്ട്.

രോഹിത് ശര്‍മയെ കൂടുതല്‍ തവണ ഔട്ടാക്കിയ ബൗളര്‍മാരില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഓസ്ട്രലിയന്‍ ഫാസ്റ്റ് ബൗളര്‍ നതാന്‍ കൂള്‍ട്ടര്‍നൈല്‍, വെസ്റ്റ് ഇന്‍ഡീസ് പേസര്‍ രവി രാംപോള്‍, സൗത്താഫ്രിക്കയുടെ കാഗിസോ റബാഡ എന്നിവരാണ്. ഇവരെല്ലാം നാലു തവണ വീതമാണ് ഹിറ്റ്മാനെ ഏകദിനത്തില്‍ പവലിയനിലേക്കു മടക്കിയത്.

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ, ഒഴുക്കോടെ ബാറ്റ് വീശുന്ന താരങ്ങളിലൊരാളാണ് രോഹിത് ശര്‍മ. പതിഞ്ഞ താളത്തില്‍ തുടങ്ങി പിന്നീട് കത്തിക്കയറുന്നതാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി. ഫിഫ്റ്റിക്കായി ചിലപ്പോള്‍ രോഹിത് 60-70 ബോളുകള്‍ വരെ നേരിട്ടെന്നു വരും. പക്ഷെ അടുത്ത ഫിഫ്റ്റി വെറും 30-35 ബോളില്‍ അദ്ദേഹം തികച്ചേക്കും. സെഞ്ച്വറി പിന്നിട്ടാല്‍ രോഹിത് ടോപ്പ് ഗിയറിലേക്കു കയറും. പിന്നെ റണ്‍മഴ തന്നെ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നു പ്രതീക്ഷിക്കാം.

നിലവില്‍ ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളടിച്ചിട്ടുള്ള ഒരേയൊരു താരമായി രോഹിത് മാറിയതും ഇതു കൊണ്ടാണ്. ഏകദിനത്തില്‍ ഇതുവരെ 227 മല്‍സരങ്ങളില്‍ നിന്നും 48.96 ശരാശരിയില്‍ 9205 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ കൂടാതെ 29 സെഞ്ച്വറികളും 43 ഫിഫ്റ്റികളും ഇക്കൂട്ടത്തിലുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ 2014ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നേടിയ 264 റണ്‍സാണ് രോഹിത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍. നിലവിലെ ലോക റെക്കോര്‍ഡ് കൂടിയാണിത്. അന്നു വെറും 173 ബോളിലായിരുന്നു 33 ബൗണ്ടറികളും ഒമ്പതു സിക്‌സറുമടക്കം ഹിറ്റ്മാന്‍ 264 റണ്‍സ് വാരിക്കൂട്ടിയത്.


Click it and Unblock the Notifications











