സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ള ടി20 പരമ്പര കഴിഞ്ഞതോടെ ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍, ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ എന്നീ റോളുകള്‍ ഉറപ്പാക്കിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. തുടരെ രണ്ടാമത്തെ പരമ്പരയിലും ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ച അദ്ദേഹം ഇതു ശരിക്കും മുതലാക്കുകയും ചെയ്തു. രണ്ടു കിടിലന്‍ സെഞ്ച്വറികളാണ് പരമ്പരയില്‍ സഞ്ജു കുറിച്ചത്. ശേഷിച്ച രണ്ടു കളിയിലും ഡെക്കായെങ്കിലും രണ്ടും മിന്നും സെഞ്ച്വറികളോടെ അദ്ദേഹം ഇതിനു പ്രായശ്ചിത്തംചെയ്യുകയായിരുന്നു.
സഞ്ജുവിന്റെ പ്രകടനങ്ങള്‍ക്കു നേരത്തേ വേണ്ടത്ര വലിയ വില കല്‍പ്പിക്കാതിരുന്നയാളാണ് മുന്‍ സെലക്ടറും അഗ്രസീവ് ബാറ്ററുമായ കെ ശ്രീകാന്ത്. ബംഗ്ലാദേശുമായുള്ള അവസാന ടി20യില്‍ മലയാളി താരം കന്നി സെഞ്ച്വറി കുറിച്ചപ്പോള്‍ അതിനെ പ്രശംസിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ബംഗ്ലാദേശിന്റെ ബൗളിങ് നിര ദുര്‍ബലമായതിനാല്‍ അതില്‍ വലിയ കാര്യമില്ലെന്ന വിലയിരുത്തലായിരുന്നു ശ്രീകാന്ത് നടത്തിയത്.
എന്നാല്‍ കരുത്തരായ സൗത്താഫ്രിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ രണ്ടു ടി20 സെഞ്ച്വറികള്‍ കുറിച്ചതോടെ സഞ്ജുവിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം മാറ്റിയിരിക്കുകയാണ് ശ്രീകാന്ത്. ഇന്ത്യക്കു വിശ്വസിക്കാന്‍ സാധിക്കാത്ത താരമെന്നായിരുന്നു നേരത്തേ അദ്ദേഹം സഞ്ജുവിനെക്കുറിച്ച് പറഞ്ഞത്. മലയാളി വിക്കറ്റ് കീപ്പറെപ്പറ്റി ശ്രീകാന്ത് എന്താണ് പറഞ്ഞതെന്നു നമുക്കു നോക്കാം.

സഞ്ജു ചേട്ടാ, എന്തൊരടി
ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ സമാപിച്ച ടി20 പരമ്പരയെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലായ ചീക്കി ചീക്കയില്‍ വിശകലനം നടത്തവെ സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് കെ ശ്രീകാന്ത്. മകനും മുന്‍ ക്രിക്കറ്ററുമായ അനിരുദ്ധയ്‌ക്കൊപ്പം സംസാരിക്കവെ മലയാളി താരത്തിന്റെ അഗ്രസീവ് പ്രകടനം ഗംഭീരമായിരുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
സഞ്ജു ചേട്ടാ, എന്തൊരു അടിയാണ് നിങ്ങള്‍ അടിച്ചത്? ബൗളര്‍മാര്‍മാരെ അക്ഷരാര്‍ഥത്തില്‍ തല്ലിച്ചതയ്ക്കുകയായിരുന്നു. 200നടുത്ത് സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു ബാറ്റ് ചെയ്തതെന്നും ശ്രീകാന്ത് ആവേശത്തോടെ പറഞ്ഞു. എന്നാല്‍ രണ്ടു സെഞ്ച്വറികളുണ്ടെങ്കിലും രണ്ടു ഡെക്കുകളും പരമ്പരയില്‍ സഞ്ജു നേടിയതിനെക്കുറിച്ച് തമാശരൂപേണയാണ് അനിരുദ്ധ സംസാരിച്ചത്. അടിച്ചാ നൂറ്, ഇല്ലെങ്കില്‍ മുട്ട (0) എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അനിരുദ്ധയുടെ ഈ തമാശയോടു യോജിക്കാന്‍ ശ്രീകാന്ത് തയ്യാറായില്ല, മാത്രമല്ല അദ്ദേഹം അതിനോടു വളരെ ഗൗരവത്തോടെ തന്നെ പ്രതികരിക്കുകയും ചെയ്തു. രണ്ടു കളിയില്‍ സെഞ്ച്വറിയും മറ്റു രണ്ടെണ്ണത്തില്‍ ഡെക്കുമായതു കൊണ്ടു കുഴപ്പമൊന്നുമില്ല. അതില്‍ തെറ്റൊന്നുമില്ല. നല്ല അഗ്രസീവായാണ് സഞ്ജു ബാറ്റ് വീശിയതെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
റണ്‍വേട്ടയില്‍ രണ്ടാമന്‍
സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ സഞ്ജു സാംസണിനു സാധിച്ചിരുന്നു. നാലു മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറികളടക്കം 280 റണ്‍സെടുത്ത യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയാണ് തലപ്പത്തു ഫിനിഷ് ചെയ്തത്. പരമ്പരയില്‍ 200 പ്ലസ് റണ്‍സ് സ്‌കോര്‍ ചെയ്ത രണ്ടാമത്തെ താരമായി സഞ്ജു മാറിയിരുന്നു.

നാലിന്നിങ്‌സുകളില്‍ നിന്നും 216 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. 194.59 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റോടെയാണിത്. രണ്ടു സെഞ്ച്വറികള്‍ തന്റെ പേരില്‍ കുറിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. ആദ്യ ടി20യില്‍ 50 ബോളില്‍ 107 റണ്‍സാണ് സഞ്ജു വാരിക്കൂട്ടിയത്.
അടുത്ത രണ്ടു കളിയിലും ഡെക്കുകളുമായി അദ്ദേഹം നിരാശപ്പെടുത്തിയെങ്കിലും അവസാന ടി20യില്‍ വീണ്ടുമൊരു സെഞ്ച്വറിയോടെ ഇതിനു പ്രായശ്ചിത്തം ചെയ്തു. 56 ബോളില്‍ പുറത്താവാതെ 109 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. നേരത്തേ ബംഗ്ലാദേശിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു. ഒരു സെഞ്ച്വറിയടക്കം മൂന്നു കളിയില്‍ നിന്നും താരം സ്‌കോര്‍ ചെയ്തത് 150 റണ്‍സാണ്.