കേരളാ ക്രിക്കറ്റ് അസോസിയേഷനും ഇന്ത്യയുടെ മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തും തമ്മിലുള്ള ഏറ്റുമുട്ടല്‍ മുറുകുകയാണ്. നേരത്തേ സഞ്ജു സാംസണിനെ പിന്തുണച്ച് സംസാരിച്ചതിന്റെ പേരില്‍ ശ്രീക്ക് കെസിഎ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം വീണ്ടും കെസിഎക്കെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. സഞ്ജുവല്ല, കേരളത്തിന്റെ ഏതു താരമായാലും താന്‍ അവര്‍ക്കൊപ്പാണ് ഉണ്ടാവുകയെന്നു ശ്രീ വ്യക്തമാക്കി. മനോരമ ഓണ്‍ലൈനാണ് (Manorama Online) ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
നേരത്തേ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള കേരളാ ടീമില്‍ നിന്നും സഞ്ജുവിനെ കെസിഎ ഒഴിവാക്കിയതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ടൂര്‍ണമെന്റിനു മുന്നോടിയായുള്ള പരിശീലന ക്യാംപില്‍ നിന്നും അദ്ദേഹം വിട്ടുനിന്നതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ക്യാംപിനുണ്ടാവില്ലെന്നു അറിയിച്ച് സഞ്ജു ഇമെയില്‍ അയച്ചിരുന്നെങ്കിലും കെസിഎ ഇതു അവഗണിച്ചു.
വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ കഴിയാതെ പോയതു കാരണം ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലും മലയാളി താരത്തിനു അവസരം കിട്ടിയില്ല. ഇതിനു ശേഷമായിരുന്നു കെസിയെ ശ്രീശാന്ത് വിമര്‍ശിച്ചത്. ദേശീയ ടീമിന്റെ ഭാഗമായ കേരളത്തില്‍ നിന്നുള്ള ഏക താരം സഞ്ജുവാണെന്നും അദ്ദേഹത്തെ തകര്‍ക്കരുതെന്നുമെല്ലാം ശ്രീ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു ശേഷമാണ് പേസര്‍ക്കു ഇപ്പോള്‍ കെസിഎ നോട്ടീസയച്ചത്.

ആരായാലും പിന്തുണയ്ക്കും
കെസിഎ തനിക്കു അയച്ച കാരണം കാണിക്കല്‍ നോട്ടീസിനെക്കുറിച്ച് എന്താണ് പ്രതികരിക്കേണ്ടതെന്നു പോലും അറിയില്ലെന്നാണ് ശ്രീശാന്ത് വ്യക്തമാക്കിയത്. എന്താണ് പറയേണ്ടതെന്നു പോലും അറിയില്ല. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ സഹതാരങ്ങള്‍ക്കൊപ്പം മാത്രമേ ഞാന്‍ എല്ലായ്‌പ്പോഴും നില്‍ക്കുകയുള്ളൂ. സഞ്ജുവായാലും നിധീഷായാലും സച്ചിന്‍ ബേബിയായാലും താന്‍ കൂടെയുണ്ടാവുമെന്നും ശ്രീ പറഞ്ഞു.
കേരളത്തില്‍ മികച്ച കളിക്കാരുണ്ട്. സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, എംഡി നിധീഷ് തുടങ്ങിയവരെല്ലാം കഴിവുറ്റ താരങ്ങളാണ്. പക്ഷെ സഞ്ജു സാംസണിനു ശേഷം ഒരു രാജ്യാന്തര താരത്തെപ്പോലും സൃഷ്ടിക്കാന്‍ കെസിഎയ്ക്കായിട്ടില്ല. കേരളത്തില്‍ നിന്നുള്ള കഴിവുറ്റ താരങ്ങളെ ഇന്ത്യന്‍ ടീമിലെത്തിക്കാന്‍ കെസിഎ എന്താണ് ചെയ്യുന്നത്? അവര്‍ക്കായി സംസാരിക്കന്‍ പോലും കെസിഎ തയ്യാറല്ലെന്നും ശ്രീ ആഞ്ഞടിക്കുന്നു.
മറ്റു താരങ്ങള്‍ എന്തിന്?
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെ കൊണ്ടു വന്ന് കേരളത്തിനായി കളിപ്പിക്കുന്ന കെസിഎയുടെ നീക്കത്തെയും ശ്രീശാന്ത് ചോദ്യം ചെയ്യുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരങ്ങളില്‍ സച്ചിന്‍ ബേബി രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. എന്നിട്ടു പോലും ദുലീപ് ട്രോഫി ടീമില്‍ സച്ചിനു അവസരം കിട്ടിയില്ല. കെസിഎ അപ്പോള്‍ എവിടെയായിരുന്നുവെന്നും ശ്രീശാന്ത് ചോദിക്കുന്നു.
മറ്റു സംസ്ഥാനങ്ങളിലെ താരങ്ങളെ കൊണ്ടു വന്ന് അവരെ കേരളത്തിനായി കളിപ്പിക്കുകയാണ് കെസിഎ ചെയ്യുന്നത്. ഇതു എന്തിനു വേണ്ടിയാണ്? ഇന്ത്യന്‍ ടീമിലെത്താന്‍ ആഗ്രഹിക്കുന്ന മലയാളി താരങ്ങളോടുള്ള അനാദരവാണ് ഇതെന്നും ശ്രീ കുറ്റപ്പെടുത്തി.

സംസാരിക്കാന്‍ അവകാശമുണ്ട്
കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അവര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നു ശ്രീശാന്ത് ചൂണ്ടിക്കാട്ടി. എനിക്കും സംസാരിക്കാന്‍ അവകാശമുണ്ട്. സത്യം പുറത്തെത്തിക്കാന്‍ മടിയുമില്ല. കാര്യങ്ങള്‍ തുറന്നു പറഞ്ഞതു കാരണം തനിക്കും മറ്റു കേരളാ താരങ്ങള്‍ക്കുമെതിരേ കെസിഎ നടപടി സ്വീകരിക്കുമോയെന്നും ചോദിച്ചിരിക്കുകയാണ് അദ്ദേഹം.
കഴിഞ്ഞ സീസണിലെ കേരളാ ക്രിക്കറ്റ് ലീഗ് ടി20 ടൂര്‍ണമെന്റില്‍ പങ്കെടുത്ത കൊല്ലം സെയിലേഴ്‌സ് ടീമിന്റെ സഹ ഉടമകളിലൊരാളാണ് ശ്രീശാന്ത്. ഇതിനാല്‍ തന്നെ കെസിഎയുമായി അദ്ദേഹത്തിനു കരാറുമുണ്ട്.
എന്നാല്‍ ഇതു ലംഘിച്ചെന്നൂ ചൂണ്ടിക്കാണിച്ചാണ് ശ്രീക്കു കെസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏഴു ദിവസത്തിനകം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കുമെന്നും കെസിഎ മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു.