കൊച്ചിയില്‍ കളിപ്പിച്ചില്ല, അന്ന് ധോണി പറഞ്ഞത് ഒരു കാര്യം! വെളിപ്പെടുത്തലുമായി ശ്രീശാന്ത്
കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വളരുകയും ഗംഭീര പ്രകടനങ്ങളോടെ കൈയടി നേടുകയും ചെയ്ത താരമാണ് എസ് ശ്രീശാന്ത്. പേസ് ബൗളറെന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുകള്‍ നേടിയ ശ്രീശാന്ത് 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയം ഉറപ്പിച്ച ക്യാച്ച് നേടിയത് ശ്രീശാന്തായിരുന്നു.
2005ല്‍ ഇന്ത്യ പാകിസ്താന്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് വേദിയായത് കൊച്ചിയായിരുന്നു. അന്ന് ശ്രീശാന്ത് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. അന്ന് കൊച്ചിയിലെ ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് എംഎസ് ധോണിയുമായുണ്ടായ നിര്‍ണ്ണായക ചര്‍ച്ചയെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീശാന്ത്. 'കൊച്ചിയിലെ ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് ഇന്ത്യന്‍ കോച്ചായിരുന്ന ജോണ്‍ റൈറ്റ് എന്നോട് നെറ്റ്‌സില്‍ പന്തെറിയാന്‍ പറഞ്ഞു.
നിറഞ്ഞ ഗ്യാലറിയായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരും ഇന്ത്യ-ഇന്ത്യ എന്ന് ആര്‍പ്പുവിളിക്കുന്നു. ധോണി ഭായി എന്റെ അടുത്തേക്ക് വന്ന് സംസാരിക്കാന്‍ തുടങ്ങി. ഇതിന് മുമ്പ് ഇക്കാര്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. എന്റെ അടുത്തുവന്ന് ധോണി ഭായി പറഞ്ഞത് ഇതുവരെ തന്റെ ഇഷ്ടത്തിന് പ്രകടനം നടത്താനും തന്റെ മികവ് തുറന്നുകാട്ടാനുള്ള അവസരം ലഭിച്ചിട്ടില്ലെന്നാണ്.
കേരളക്കാരനായ മറ്റൊരു താരവും ഇന്ത്യക്കൊപ്പം ഉണ്ടായിരുന്നു. ഞങ്ങള്‍ പറഞ്ഞു ധോണി ഭായി ഞങ്ങള്‍ ടീമിലെത്തിയിട്ടും 1-2 വര്‍ഷമായി. എന്നിട്ടും തുടര്‍ച്ചയായി അവസരമില്ല. ധോണി ഭായി ചിരിച്ചുകൊണ്ടു പറഞ്ഞത് തീര്‍ച്ചയായും അവസരമുണ്ടാവുമെന്നും അതിനായി കഠിന പ്രയത്‌നം ചെയ്യാനുമാണ്'- ശ്രീശാന്ത് പറഞ്ഞു. ധോണി ആ സമയത്ത് ടീമിലുണ്ടായിരുന്നെങ്കിലും ടീമിലെ നിര്‍ണ്ണായക താരമായി മാറിയിരുന്നില്ല. തുടക്ക സമയത്ത് മധ്യനിരയിലാണ് ധോണി കളിച്ചത്.

പിന്നീട് ടോപ് ഓഡറില്‍ ബാറ്റുചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ പാകിസ്താനെതിരേയും ശ്രീലങ്കയ്‌ക്കെതിരേയും വെടിക്കെട്ട് സെഞ്ച്വറികള്‍ നേടിയാണ് ധോണി ശ്രദ്ധ നേടിയത്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ച നായകനായി ധോണി മാറിയതോടെ അദ്ദേഹത്തിന്റെ തലവര മാറി. നായകനായും ഫിനിഷറായും വിക്കറ്റ് കീപ്പറായുമെല്ലാം പിന്നീടങ്ങോട്ട് ധോണി നിറഞ്ഞുനിന്നത് 2019വരെ തുടര്‍ന്നു. 2019ലെ ഏകദിന ലോകകപ്പോടെയാണ് ധോണി ഇന്ത്യന്‍ ജേഴ്‌സി ഊരിയത്.
ധോണിയുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും ശ്രീശാന്ത് പറഞ്ഞു. 2003-2004ലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് സംഭവം. 'ഭക്ഷണത്തിന് കണ്ടുമുട്ടിയപ്പോഴാണ് ധോണിയെ ആദ്യമായി കാണുന്നത്. അന്ന് ധോണിക്ക് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ധോണിയോട് വൈകാതെ അവസരം ലഭിക്കുമെന്നും മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നുമെല്ലാമാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ ധോണിക്ക് അവസരം ലഭിക്കുകയും സെഞ്ച്വറി നേടുകയും ചെയ്തു.
ദുലീപ് ട്രോഫി ഫൈനലിലടക്കം സെഞ്ച്വറി നേടി. ഇന്ത്യ എ ടീമിനൊപ്പവും സെഞ്ച്വറി നേടി. പിന്നീടങ്ങോട്ട് ധോണിയെന്ന പേര് എപ്പോഴും കേള്‍ക്കുന്ന നിലയിലുള്ള പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്' - ശ്രീശാന്ത് പറഞ്ഞു. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ധോണിക്ക് കീഴില്‍ കളിക്കാന്‍ ശ്രീശാന്തിനായിരുന്നു. ധോണിക്ക് കീഴില്‍ വിദേശ ടെസ്റ്റ് പരമ്പരയിലടക്കം ശ്രീശാന്തിന് അവസരം ലഭിച്ചിരുന്നു. തന്നോട് കളത്തില്‍ ആക്രമണോത്സകത കാട്ടാന്‍ ധോണിയാണ് ഉപദേശിച്ചതെന്നും ശ്രീശാന്ത് പറഞ്ഞിട്ടുണ്ട്.
ഇന്ത്യയുടെ ഏറ്റവും മികച്ച നായകനായി മാത്രമല്ല ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരിലൊരാളായാണ് ധോണി കരിയര്‍ അവസാനിപ്പിച്ചത്. 2013ല്‍ ധോണി ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫി നേടിക്കൊടുത്തിരുന്നു. എന്നാല്‍ ഇതിന് ശേഷം മറ്റൊരു ഇന്ത്യന്‍ നായകനും ഐസിസി കിരീടം നേടിക്കൊടുക്കാനായിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications