തിരുവനന്തപുരം: ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളറും മലയാളി താരവുമായ ശ്രീശാന്തിനെതിരേ ശക്തമായ നടപടിയുമായി കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ). മൂന്നു വര്‍ഷത്തേക്കു അദ്ദേഹത്തെ വിലക്കുമെന്നു കെസിഎ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ സഞ്ജു സാസണിന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥനെതിരേയും ശക്തമായ നടപടി സ്വീകരിച്ചിരിക്കുകയാണ് കെസിഎ.
കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു തഴയപ്പെട്ടതുമായി ബന്ധപ്പെട്ട് കെസിഎയെ രൂക്ഷമായി വിമര്‍ശിച്ചതിനാണ് ശ്രീശാന്ത് കുരുക്കിലായിരിക്കുന്നത്. സഞ്ജുവിനു കെസിഎയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും ഇതു കാരണമാണ് ടീമില്‍ സ്ഥാനം കിട്ടാതെ പോയതെന്നുമെല്ലാം ശ്രീ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ അപമാനകരവും സത്യവിരുദ്ധവുമാണെന്നും കെസിഎ ചൂണ്ടിക്കാട്ടി.

വിവാദങ്ങളുടെ തുടക്കം
ഈ വര്‍ഷം ദുബായില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനു സ്ഥാനം കിട്ടാതെപോയതാണ് ശ്രീശാന്തിനെ ചൊടിപ്പിച്ചത്. അദ്ദേഹം തന്റെ സുഹൃത്തും മുന്‍ ടീമംഗവുമായ സഞ്ജുവിനു വേണ്ടി രംഗത്തു വരികയുമായിരുന്നു.
സഞ്ജു ഒഴിവാക്കപ്പെട്ടതില്‍ കെസിഎയ്ക്കും പങ്കുണ്ടെന്നും സംസ്ഥാനത്തു നിന്നുള്ള ഏക അന്താരാഷ്ട്ര താരമായിട്ടും അദ്ദേഹത്തിനു അവര്‍ പിന്തുണ നല്‍കുന്നില്ലെന്നും ശ്രീശാന്ത് ആഞ്ഞടിച്ചിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിനു കെസിഎ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.
വാതവയ്പ് കേസില്‍ കുറ്റവിമുക്തനായിട്ടില്ലാത്തയാളാണ് ശ്രീശാന്തെന്നു കെസിഎയിലെ കളിക്കാരുടെ സംരക്ഷണം അദ്ദേഹം ഏറ്റെടുക്കേണ്ടെന്നു അവര്‍ ആഞ്ഞടിക്കുകയും ചെയ്തു. നിലവില്‍ കേരളാ ക്രിക്കറ്റ് ലീഗില്‍ കൊല്ലം ടീമിന്റെ സഹ ഉടമ കൂടിയാണ് ശ്രീശാന്ത്. വിലക്ക് വന്നതോടെ കേരളാ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രീശാന്തിനു മാറി നില്‍ക്കേണ്ടതായി വരും.
അതേസമയം, സഞ്ജുവിന്റെ അച്ഛന്‍ സാംസണ്‍ വിശ്വനാഥിനെതിരേയും ശക്തമായ നടപടിയാണ് കെസിഎ സ്വീകരിച്ചത്. അദ്ദേഹത്തിനെതിരേ നഷ്ട പരിഹാരത്തിനു കേസ് നല്‍കാനും തീരുമാനിച്ചതായി കെസിഎ അറിയിച്ചു.
ചില ചാനലുകള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ കെസിഎയിലെ ചിലര്‍ സഞ്ജുവിനെ ഒതുക്കാന്‍ ശ്രമിക്കുന്നതായും മൂത്ത മകനെയും ഈ തരത്തില്‍ ചിലര്‍ ചേര്‍ന്നു ഒതുക്കുകയായിരുന്നെന്നും സാംസണ്‍ വിശ്വനാഥ് ആരോപിച്ചിരുന്നു. അദ്ദേഹത്തിനെതിരേ മാത്രമല്ല റെജി ലൂക്കോസ്, 24 ചാനലിന്റെ അവതാരക എന്നിവര്‍ക്കെതിരേയും കേസുമായി മുന്നോട്ടു പോവാനാണ് കെസിഎയുടെ തീരുമാനം.