Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പഴം കഴിച്ചാല്‍ വിക്കറ്റ്! ശ്രീശാന്ത് അതു തന്നെ ചെയ്തു, വീഴ്ത്തിയത് അഞ്ചു വിക്കറ്റുകള്‍

ഏതൊരു സാധാരണക്കാരനെയും പോലെ ക്രിക്കറ്റര്‍മാരില്‍ ഭൂരിഭാഗം പേര്‍ക്കും പല അന്ധവിശ്വാസങ്ങളുമുണ്ട്. ചില അവസരങ്ങളില്‍ അവരുടെ ഈ വിശ്വാസം ശരിയായി വരുകയും ചെയ്യുന്നതോടെ കരിയറിന്റെ തുടക്കം മുതല്‍ അവസാനം വരെ അവര്‍ അതു പിന്തുടരകയും ചെയ്തുപോരുന്നു. ഇത്തരമൊരു രസകരമായ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍.

മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറും മലയാളി താരവുമായ ശ്രീശാന്തിന്റെ അന്ധവിശ്വാസത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്. അതേസമയം, 40 കാരനായ ശ്രീ ഇപ്പോള്‍ സിംബാബ്‌വെ ആഫ്രോ ടി10 ലീഗില്‍ ഹരാരെ ഹറിക്കെയ്ന്‍സിനായി കളിച്ചുകൊണ്ടിരിക്കുകയാണ്.

SREESANTH

അരങ്ങേറ്റ മല്‍സരത്തില്‍ ഹറിക്കെയ്ന്‍സ് ടീമിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കാനും ശ്രീശാന്തിനു കഴിഞ്ഞു. കേപ്ടൗണ്‍ സാംപ് ആര്‍മിക്കെതിരായ കളിയില്‍ ടീമിനു വേണ്ടി അവസാന ഓവറില്‍ ആറു റണ്‍സ് പ്രതിരോധിച്ച് അദ്ദേഹം ഹീറോയായി മാറുകയായിരുന്നു.

ഈ ഓവറില്‍ കരീം ജന്നത്ത്, സീന്‍ വില്ല്യംസ് എന്നിവരുടെ വിക്കറ്റുകള്‍ ശ്രീ വീഴ്ത്തുകയും ചെയ്തു. ഇതോടെ കളി ടൈയാവുകയും വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ വേണ്ടി വരികയുമായിരുന്നു. സൂപ്പര്‍ ഓവറില്‍ ശ്രീയുടെ ടീം ത്രില്ലിങ് ജയവും സ്വന്തമാക്കി.

ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെയായിരുന്നു താരങ്ങളുടെ അന്ധവിശ്വാസങ്ങളെക്കുറിച്ച് വസീം ജാഫറും മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനും സംസാരിച്ചത്. 2006ല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒരു ടെസ്റ്റില്‍ വിക്കറ്റുകളെടുക്കുന്നതിനായി രണ്ടു ദിവസം സൂക്ഷിച്ച പഴം ശ്രീശാന്ത് കഴിച്ച സംഭവത്തെക്കുറിച്ച് ജാഫര്‍ വെളിപ്പെടുത്തുകയായിരുന്നു. 2006ല്‍ ജമൈക്കയില്‍ നടന്ന ടെസ്റ്റ് മല്‍സരത്തിനു മുമ്പായിരുന്നു സംഭവം.

രമേഷ് മാനെ ആ സമയത്തു ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. പ്രാര്‍ഥനാ ചടങ്ങുകളും അദ്ദേഹം നടത്തിയിരുന്നു. ശ്രീശാന്ത് വലിയ അന്ധവിശ്വാസിയായിരുന്നു. അദ്ദേഹത്തെപ്പോലെ അന്ധവിശ്വാസം പുലര്‍ത്തിയിരുന്ന മറ്റൊരു ഫാസ്റ്റ് ബൗളറെ ഞാന്‍ കണ്ടിട്ടില്ല. പൂജയുടെ സമയത്തു ചന്ദനത്തിരി നേരെ നില്‍ക്കുന്നതിനു വേണ്ടി രമേഷ് മാനെ അവ പഴത്തിനു മുകളിലായിരുന്നു കുത്തിവയ്ക്കാറുണ്ടായിരുന്നതെന്നും 45കാരനായ വസീം ജാഫര്‍ പറഞ്ഞു.

SREESANTH

ഈ പഴം കഴിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കു മല്‍സരത്തില്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കുമെന്നു ശ്രീശാന്തിനോടു ആരോ തമാശയായി പറഞ്ഞു. ഇതു ശ്രീ കാര്യമായി തന്നെ എടുക്കുകയായിരുന്നു. രണ്ടു ദിവസം അവിടെ കിടന്ന പഴമെടുത്ത് ശ്രീശാന്ത് ഭക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിശ്വാസം പോലെ കളിയില്‍ വിക്കറ്റുകള്‍ ലഭിക്കുകയും ചെയ്തതായി വസീം ജാഫര്‍ വ്യക്തമാക്കി.

രണ്ടിന്നിങ്‌സുകളിലായി രണ്ടും മൂന്നും വിക്കറ്റുകളായിരുന്നു ശ്രീ വീഴ്ത്തിയത്. ടെസ്റ്റില്‍ ഇന്ത്യ 49 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു. രണ്ടാമിന്നിങ്‌സില്‍ അപകടകാരികളായ ക്രിസ് ഗെയ്ല്‍, രാംനരേഷ് സര്‍വന്‍, ഡാരെന്‍ ഗംഗ എന്നിവരെയാണ് ശ്രീ പുറത്താക്കിയത്.

വസീ ജാഫര്‍ക്കൊപ്പം ഷോയിലുണ്ടായിരുന്ന സഹീര്‍ ഖാനും തന്റെ ചില അന്ധവിശ്വാസങ്ങളെക്കുറിച്ച് വെളിപ്പെടുത്തി. ബൗള്‍ ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ ഇടതു കാലിലാണ് ഞാന്‍ ആദ്യം സ്‌പൈക്ക് ധരിക്കാറുള്ളത്. ലേസുകള്‍ കെട്ടിയ ശേഷം മാത്രമേ വലതു കാലിലേതു ധരിക്കാറുള്ളൂ. ഇപ്പോള്‍ സാധാരണ ഷൂസ് ധരിക്കുമ്പോഴും ഇതു തന്നെയാണ് ചെയ്തു പോരുന്നത്.

അന്ധവിശ്വാസമെന്നത് ക്രിക്കറ്റിന്റെ മറ്റൊരു ഭാഗമാണ്. ഞാന്‍ ഇന്നലെ ഒരു സിനിമ കണ്ടു. അതുകൊണ്ടു എല്ലാ മല്‍സരത്തിനും മുമ്പും ഞാന്‍ അതു കാണും. അടിസ്ഥാനപരമായി ഒരു നല്ല സമയത്തെക്കുറിച്ച് ചിന്തിക്കാനുള്ള മാര്‍ഗം കൂടിയാണിത്. ചിലര്‍ കളിക്കളത്തില്‍ ചുവന്ന തൂവാലകള്‍ പോക്കറ്റില്‍ സൂക്ഷിക്കാറുണ്ടെന്നും സഹീര്‍ വിശദമാക്കി.

ചില കളിക്കാര്‍ അന്ധവിശ്വാസം കാരണം മല്‍സരത്തില്‍ ധരിച്ച വസ്ത്രമോ, അടിവസ്ത്രമോ പോലും കഴുകാറില്ലെന്നും തുടര്‍ന്നും അതു തന്നെയാണ് ഉപയോഗിക്കാറുള്ളതെന്നും സഹീര്‍ പറഞ്ഞു. രഞ്ജി ട്രോഫിയിലോ, ടെസ്റ്റിലോ കളിക്കുമ്പോള്‍ ചില താരങ്ങള്‍ ഒരു സെഷനില്‍ നല്ലൊരു സ്‌പെല്‍ ബൗള്‍ ചെയ്യുകയണെങ്കില്‍ അവര്‍ അപ്പോള്‍ ധരിച്ച വസ്ത്രങ്ങള്‍ പിന്നീട് കഴുകില്ല. ആ വസ്ത്രങ്ങള്‍ ഭാഗ്യമുള്ളതാണെന്നും അതു നിലനിര്‍ത്താന്‍ കഴുകാത്തതാണ് നല്ലതെന്നും ഇവര്‍ വിശ്വസിക്കുന്നതായി സഹീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, July 27, 2023, 9:23 [IST]
Other articles published on Jul 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+