മുംബൈ: ഇംഗ്ലണ്ടിനെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയ്ക്ക് സെഞ്ച്വറി. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ ആദ്യ ദിവസം കളിനിര്‍ത്തുമ്പോള്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 266 എന്ന നിലയിലാണ്. 279 ബോളില്‍ നിന്ന് 10 ഫോറുകളുടെ പിന്തുണയോടെ 114 റണ്‍സ് നേടിയ പുജാരയും 60 റണ്‍സ് സ്വന്തമാക്കിയ ആര് അശ്വിനുമാണ് ക്രീസിലുള്ളത്.
പ്രമുഖതാരങ്ങള്ക്കൊന്നും തിളങ്ങാന്‍ കഴിയാതെ പോയ ഇന്നിങ്സില്‍ അഞ്ചുവിക്കറ്റിന് 119 എന്ന നിലയില്‍ ഇന്ത്യ പരുങ്ങിയിരുന്നു. നാലുറണ്‍സെടുത്ത ഗൗതം ഗംഭീറിന്റെ വിക്കറ്റാണ് ആദ്യം വീണത്. ആന്ഡേഴ്സണ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. കരിയറിലെ നൂറാം ടെസ്റ്റിനിറങ്ങിയ വീരേന്ദര്‍ സെവാഗ് 43 ബോളില്‍ നിന്ന് 30 റണ്‍സെടുത്ത് പനേസറിനു മുന്നില്‍ ക്ലീന്‍ബൗള്‍ഡായി. ക്രിക്കറ്റ് ഇതിഹാസം സച്ചിനെയും(8) ക്ലീന്‍ബൗള്‍ഡാക്കിയ പനേസര്‍ ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചു.
അപകടകാരിയായി മാറാന്‍ സാധ്യതയുള്ള വിരാട് കോഹ്ലിയിലായിരുന്നു പിന്നീട് ഇന്ത്യന്‍ പ്രതീക്ഷ. ഇത്തവണയും പനേസര്‍ തന്നെയാണ് വില്ലനായത്. യുവരാജ് സിങിനെ ഡക്കാക്കി ഗ്രേയം സ്വാനും കരുത്തറിയിച്ചു. നായകന് മഹേന്ദ്രസിങ് ധോണിയെ(29) സ്വാനിനു സമ്മാനിച്ച പനേസര്‍ നാലാം വിക്കറ്റും സ്വന്തം പേരിലെഴുതി.