ദുബായ്: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കവെ ഇന്ത്യക്ക് നിരാശയുണ്ടാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടിക്കറ്റ് കാത്തിരിക്കുന്ന ഇന്ത്യയെ നിരാശപ്പെടുത്തി ദക്ഷിണാഫ്രിക്ക ഫൈനല്‍ ടിക്കറ്റ് നേടിയിരിക്കുകയാണ്. രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക പാകിസ്താനെ തോല്‍പ്പിച്ചതോടെയാണ് ടെംബ ബാവുമയും സംഘവും ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.
11 മത്സരത്തില്‍ നിന്ന് ഏഴ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമടക്കം 66.67 റേറ്റിങ് പോയിന്റോടെയാണ് തലപ്പത്ത് നില്‍ക്കുന്നത്. ഇതോടെ ഇനി ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ എതിരാളി ആരാണെന്ന് മാത്രമാണ് അറിയേണ്ടത്. ഫൈനല്‍ സീറ്റിനായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണ് പോരടിക്കുന്നത്. 15 മത്സരത്തില്‍ നിന്ന് 58.89 റേറ്റിങ് പോയിന്റുള്ള ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും 17 മത്സരത്തില്‍ നിന്ന് 55.88 പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുമാണുള്ളത്.
ഇന്ത്യക്ക് ഫൈനല്‍ സാധ്യതയുണ്ടോ?
57.29 റേറ്റിങ് പോയിന്റില്‍ നിന്നാണ് 55.88ലേക്ക് ഇന്ത്യ വീണിരിക്കുന്നത്. നിലവില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ എട്ട് റേറ്റിങ് പോയിന്റെ വ്യത്യാസമുണ്ട്. നടന്നുകൊണ്ടിരിക്കുന്ന മെല്‍ബണ്‍ ടെസ്റ്റ് കൂട്ടാതെ ഒരു ടെസ്റ്റുകൂടിയാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയക്ക് മൂന്ന് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരേ ഒരു മത്സരവും ശ്രീലങ്കയ്‌ക്കെതിരേ രണ്ട് മത്സരവുമാണ് ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയക്ക് മുന്‍തൂക്കമുണ്ട്.
നടന്നുകൊണ്ടിരിക്കുന്ന മെല്‍ബണ്‍ ടെസ്റ്റ് സമനിലയില്‍ കലാശിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മുന്നില്‍ ഇനി ഫൈനല്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. മെല്‍ബണിലും അടുത്ത മത്സരത്തിലും ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും ശ്രീലങ്ക രണ്ട് മത്സരത്തില്‍ ഓസ്‌ട്രേലിയയെ അട്ടിമറിക്കുകയും ചെയ്താലെ ഇന്ത്യക്ക് എന്തെങ്കിലും പ്രതീക്ഷവെക്കാനാവു. എന്നാല്‍ ഇതിന് സാധ്യത വളരെ കുറവായതിനാല്‍ ഇന്ത്യക്ക് ഇനി പ്രതീക്ഷ വേണ്ട.

ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കഴിഞ്ഞ രണ്ട് തവണയും കളിച്ച ടീമാണ് ഇന്ത്യ. രണ്ട് തവണയും കപ്പിലേക്കെത്താന്‍ ഇന്ത്യക്കായിരുന്നില്ല. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് കരക്കിരുന്ന് ഫൈനല്‍ കാണാനാണ് വിധി. ഫൈനല്‍ പ്രതീക്ഷ അസ്തമിച്ചതോടെ ഇനി ഇന്ത്യയുടെ ലക്ഷ്യം ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്തുകയാവും. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നേടിയിരുന്നു. ഇത്തവണയും അത് നേടാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ പരമ്പര സമനിലയിലാക്കിയാലും നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ പരമ്പര ട്രോഫി നിലനിര്‍ത്താനാവും. മെല്‍ബണില്‍ ഇന്ത്യ അഞ്ചാം ദിനം ഇറങ്ങുമ്പോള്‍ സമനിലക്കായാവും കളിക്കുകയെന്നുറപ്പാണ്. നാലാം ടെസ്റ്റിലും അഞ്ചാം ടെസ്റ്റിലും സമനില നേടാനായാല്‍ ഇന്ത്യക്ക് പരമ്പര നിലനിര്‍ത്താന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഇനി ഓസീസ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്.
പണികിട്ടിയത് കിവീസ് പരമ്പരയില്‍
ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മോഹം പൊലിഞ്ഞത് കിവീസ് പരമ്പരയിലൂടെയാണെന്ന് പറയാം. ന്യൂസീലന്‍ഡിനെതിരായ മൂന്ന് മത്സര പരമ്പര ഇന്ത്യ നാണംകെട്ട് തോറ്റു. ഈ പരമ്പരയില്‍ ഇന്ത്യ വൈറ്റ് വാഷ് നേരിട്ടതാണ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചത്. സ്വന്തം നാട്ടില്‍ പരമ്പരയില്‍ സമ്പൂര്‍ണ്ണ തോല്‍വി വഴങ്ങിയതാണ് ഇന്ത്യയെ പിന്നോട്ടടിച്ചത്. ഈ നാണക്കേടാണ് ഇന്ത്യയുടെ ഫൈനല്‍ സ്വപ്‌നം തകരുന്നതില്‍ നിര്‍ണ്ണായകമായതെന്ന് പറയാം. എന്തായാലും ഓസീസ് ടെസ്റ്റ് പരമ്പരയോടെ രോഹിത് ശര്‍മക്ക് ടെസ്റ്റ് നായകസ്ഥാനം ഒഴിയേണ്ടിവരുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.