
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു ചില ദേശീയ മാധ്യമങ്ങളില്‍ ഒരു റിപ്പോര്‍ട്ട് വന്നത്. ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനം സൗരവ് ഗാംഗുലി രാജി വച്ചിരിക്കുന്നു, പകരം ജയ് ഷാ സ്ഥാനമേറ്റെടുത്തുവെന്നായിരുന്നു വാര്‍ത്ത. വളരെ പെട്ടെന്നു തന്നെ ഇതു വൈറലായി മാറുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് ഇതൊരു വ്യാജ വാര്‍ത്തയാണെന്നു തെളിഞ്ഞത്. ബിസിസിഐ എന്ന പേരില്‍ തന്നെയുള്ള ഒരു വ്യാജ അക്കൗണ്ടില്‍ വന്ന ട്വീറ്റാണ് ഈ വാര്‍ത്തയുടെ ഉറവിടം.
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സൗരവ് ഗാംഗുലി ബിസിസിഐ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞിരിക്കുന്നു. ഭാവി സംരഭങ്ങള്‍ക്കു ഞങ്ങള്‍ ഗാംഗുലിക്കു എല്ലാവിധ ഭാവുകങ്ങളും നേരുകയാണ്. ജയ് ഷായായിരിക്കും പുതിയ ബിസിസിഐ ചെയര്‍മാന്‍. ഇങ്ങനെയായിരുന്നു ബിസിസിഐയുടോ ലോഗോയോടു കൂടിയുള്ള അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റ്.

ഇതാദ്യമായിട്ടല്ല സൗരവ് ഗാംഗുലി ബിസിസിഐ തലപ്പത്ത് നിന്നും രാജി വയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍. മുമ്പും ഇങ്ങനെയൊരു റിപ്പോര്‍ട്ട് ദേശീയ മാധ്യമങ്ങളില്‍ വന്നിരുന്നു. ഈ വര്‍ഷം ജൂണ്‍ ഒന്നിനായിരുന്നു ഇങ്ങനെയൊരു റിപ്പോര്‍ട്ട് വന്നത്. ഗംഗുലിയുടെ ഒരു ട്വീറ്റായിരുന്നു ഇതിലേക്കു നയിച്ചത്. 1992ല്‍ ക്രിക്കറ്റിനോപ്പമുള്ള എന്റെ യാത്രയാരംഭിച്ചിട്ട് 2022ല്‍ 30 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. അന്നു മുതല്‍ ക്രിക്കറ്റ് എനിക്കു ഒരുപാട് നല്‍കിയിട്ടുണ്ട്. ഏറ്റവും പ്രധാനമായി നിങ്ങളുടെയെല്ലാം പിന്തുണ എനിക്കു ലഭിച്ചു. ഈ യാത്രയില്‍ എന്നാടൊപ്പം പങ്കാളിയായ ഓരോ വ്യക്തിയോടും നന്ദി അറിയിക്കുകയാണ്. ഈ യാത്രയില്‍ എന്നെ പിന്തുണയ്ക്കുകയും സഹായിക്കുകയും ഇന്നു ഞാന്‍ ഇവിടെ എത്തിച്ചേര്‍ന്നതും അവര്‍ കാരണമാണ്. ഒരുപാട് ജനങ്ങള്‍ക്കു സഹായമേകുന്ന എന്തെങ്കിലും ആരംഭിക്കാന്‍ ഇന്നു ഞാന്‍ പ്ലാന്‍ ചെയ്യുകയാണ്. ഞാന്‍ ജീവിതത്തിലെ പുതിയ അധ്യായത്തിലേക്കു കടന്നാലും നിങ്ങളുടെയെല്ലം പിന്തുണ തുടര്‍ന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്.

ഇതോടെയാണ് അദ്ദേഹം സ്ഥാനമൊഴിയുകയാണെന്ന് എല്ലാവരും ഉറപ്പിച്ചത്. മാത്രമല്ല ബിജെപിക്കൊപ്പം രാഷ്ട്രീയത്തില്‍ ഇറങ്ങാനാണ് ദാദയുടെ ശ്രമമെന്നും പലരും കഥകള്‍ മെനഞ്ഞു. എന്നാല്‍ അധികം വൈകാതെ തന്നെ ജയ് ഷാ ഇതേക്കുറിച്ച് പ്രതികരിച്ചതോടെ അഭ്യൂഹങ്ങള്‍ അവസാനിക്കുകയായിരുന്നു. ഗാംഗുലിയും ഇതേക്കുറിച്ച് പിന്നീട് വിശദീകരണം നല്‍കിയിരുന്നു.
രാഷ്ട്രീയത്തില്‍ ചേരാന്‍ ഒരു ഉദ്ദേശവുമില്ല. ഊഹോപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 2008 മുതല്‍ എനിക്കു അമിത് ഷായെ അറിയാം. കളിച്ചിരുന്ന കാലത്തു ഞാന്‍ അദ്ദേഹത്തെ നേരില്‍ കാണുകയും ചെയ്യാറുണ്ടായിരുന്നു. അതിനേക്കാള്‍ കൂടുതലായി ഒന്നും തന്നെയില്ലെന്നായിരുന്നു ഗാംഗുലി എന്‍ഡിടിവിയോടു പ്രതികരിച്ചത്.