തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിയില്‍ കേരളാ ടീമില്‍ നിന്നും സഞ്ജു സാംസണിനെ തഴഞ്ഞ കേരളാ ക്രിക്കറ്റ് അസോസിയേഷനെതിരേ രംഗത്തു വന്നിരിക്കുകയാണ് അച്ഛന്‍ സാംസണ്‍ വിശ്വനാഥ്. കെസിഎയിലെ ചിലര്‍ക്കു മകനോടു ഇഷ്ടക്കേടുണ്ടെന്നും ഈ കാരണം കൊണ്ടു മാത്രമാണ് മകനെ ടീമിലെടുക്കാതിരുന്നതെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തു. മാതൃഭൂമി ഡോട്ട്‌കോമിനോടു (Mathrubhumi.com) സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളത്തിന്റെ പരിശീലന ക്യാംപില്‍ സഞ്ജു പങ്കെടുത്തിരുന്നില്ല. പക്ഷെ ഇക്കാര്യം ഇമെയില്‍ മുഖേന അദ്ദേഹം കെസിഎയെ അറിയിച്ചിരുന്നു. എന്നാല്‍ പിന്‍മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയില്ലെന്നും അതിനാല്‍ ടീമിലേക്കു പരിഗണിച്ചില്ലെന്നുമാണ് കെസിഎ വിശദീകരിച്ചത്.

പരിശീലനത്തിന് പോവാത്തവരും കളിച്ചു
സഞ്ജു മാത്രമല്ല കേരളാ ടീമിന്റെ പരിശീലന ക്യാംപില്‍ പങ്കെടുക്കാതിരുന്നതെന്നും മറ്റു ചിലര്‍ കൂടി ഇക്കൂട്ടത്തിലുണ്ടെന്നുമാണ് സാംസണ്‍ വിശ്വനാഥ് പറയുന്നത്. ക്യാംപില്‍ നിന്നു വിട്ടുനിന്ന ചിലരും വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി കളിച്ചിട്ടുണ്ട്. പക്ഷെ അവരുടെ പേരുകള്‍ ഞാന്‍ പറയില്ല.
റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?
വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജുവിനെ കളിപ്പിക്കേണ്ടയെന്നതു നേരത്തേയെടുത്ത തീരുമാനമാണ്. ക്യാംപിന് മുമ്പ് തന്നെ ഇക്കാര്യം എനിക്കറിയാം. ഇനി അവന്‍ ക്യാംപില്‍ പോയാലും കേരളാ ടീമിലെടുക്കില്ല. ആരാണ് ഈ തീരുമാനത്തിനു പിന്നിലെന്നും എനിക്കറിയാം. അതു ജയേഷ് ജോര്‍ജോ, വിനോദോ അല്ല. ഇവര്‍ക്കിടയിലുള്ള മറ്റു ചിലരുണ്ട്.
കാണുന്ന ഇടത്തെല്ലാം പോയി ഇവരെ സല്യൂട്ട് ചെയ്യണം. എവിടെയെങ്കിലും ഒരു പിഴവുണ്ടായാല്‍ അവര്‍ ഇതു വിഷയമാക്കുകയും ചെയ്യും. കെസിഎയ്ക്കു എന്തോ ഒരു വിഷമം എന്റെ മക്കളോടുണ്ട്. പക്ഷെ തങ്ങളാരും ഇതുവരെ കെസിഎക്കെതിരേ പറഞ്ഞിട്ടില്ലെന്നും സാംസണ്‍ വിശ്വനാഥ് വ്യക്തമാക്കി.
നേരിട്ട് ചോദിക്കാമായിരുന്നു
സഞ്ജു സാംസണിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിഹാരം ചെയ്യാന്‍ തയ്യാറാണെന്നു സാംസണ്‍ വിശ്വനാഥ് വ്യക്തമാക്കി. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ അതു നേരിട്ടു തന്നെ വിളിച്ച് ചോദിക്കാമായിരുന്നു. കെസിഎയോടുള്ള അഭ്യര്‍ഥനയാണിത്. നിങ്ങളാണ് എന്റെ മക്കളെ ഇത്രയുമാക്കിയത്. കെസിഎക്കെതിരേ ഞങ്ങള്‍ ഒരിക്കലും, ഒരിടത്തും ഒന്നും പറഞ്ഞിട്ടില്ല. കെസിഎയ്ക്കു പണ്ടു മുതല്‍ തന്നെ ഒരു ബുദ്ധിമുട്ട് എന്റെ മക്കളോടുണ്ട്.

സഞ്ജുവിനേക്കാള്‍ മുമ്പ് എന്റെ മൂത്ത മകന്‍ സാലി കേരളത്തിന്റെ അണ്ടര്‍ 19 ടീമിനായി കളിക്കുകയും സെഞ്ച്വറി നേടുകയുമെല്ലാം ചെയ്തിട്ടുണ്ട്. അണ്ടര്‍ 19 ക്രിക്കറ്റില്‍ കേരളത്തിന്റെ മികച്ച താരമായിരുന്നു അവന്‍. പക്ഷെ രഞ്ജി ട്രോഫി ടീമില്‍ അവനു ഇടം നല്‍കാതെ തഴഞ്ഞു. അതിനു ശേഷം കേരളത്തിന്റെ അണ്ടര്‍ 25 ടീമിലെടുത്തപ്പോഴും ഒരു കളിയിലും അവസരം നല്‍കാതെ പുറത്തിരുത്തുകയായിരുന്നു.
സഞ്ജുവിന്റെ നല്ല കാലം തീരും? ഇഷാന്റെ ഗതിയാവും!! വരാനിരിക്കുന്നത് ഈ തിരിച്ചടികള്‍
ഞങ്ങള്‍ സ്‌പോര്‍ട്‌സ്മാന്‍മാരാണ്. പക്ഷെ സ്‌പോര്‍ട്‌സ് ബിസിനസില്‍ ഞങ്ങള്‍ക്കു താല്‍പ്പര്യമില്ല. ഞങ്ങള്‍ ഇതിലേക്കു കടക്കുമെന്നും ഏതെങ്കിലുമൊരു സ്ഥാനങ്ങളോ. കസേരകളോയൊക്കെ പിടിച്ചെടുക്കുമെന്നൊക്കെയാണ് ചിലര്‍ കരുതുന്നത്. ഞങ്ങള്‍ അതിലേക്കു ചിന്തിക്കുന്നില്ല.
ഒരിക്കല്‍ മകന് രണ്ടു കാല്‍മുട്ടിനും പരിക്കേറ്റ സമയത്തു അവധി ചോദിക്കാന്‍ വിളിച്ചപ്പോള്‍ അന്നു കെസിഎ പ്രസിഡന്റായിരുന്ന ടിസി മാത്യു വളരെ മോശമായിട്ടാണ് എന്നോടു സംസാരിച്ചത്. കെസിഎ ചെയ്തിട്ടുള്ള നന്‍മകളൊന്നും മറന്നിട്ടില്ല. സഞ്ജുവിനെ കളിക്കാന്‍ അനുവദിക്കണമെന്നു മാത്രമാണ് കെസിഎയോടുള്ള ആവശ്യമെന്നും സാംസണ്‍ വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.