ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ടീമിലെ സൂപ്പര്‍ താരവും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദന. കഴിഞ്ഞ വര്‍ഷം ഏകദിനത്തിലെ മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള ഐസിസി പുരസ്‌കാരമാണ് ഇന്ത്യയുടെ മിന്നും താരത്തെ തേടിയെത്തിരിക്കുന്നത്.
നേരത്തേ അര്‍ഷ്ദീപ് സിങിനു മികച്ച പുരുഷ താരത്തിനുള്ള ടി20 പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ സ്മൃതിയും വനിതാ ക്രിക്കറ്റിലെ റാണിയായി മാറിയിരിക്കുന്നത്.

2024ലെ റണ്‍വേട്ടക്കാരി
കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി നടത്തിയിട്ടുള്ള തകര്‍പ്പന്‍ പ്രകടനമാണ് സ്മൃതി മന്ദനയെ പുരസ്‌കാരത്തിനു അവകാശിയാക്കിയത്. ഏകദിനത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത വനിതാ താരം കൂടിയാണ് അവര്‍. 13 ഇന്നിങ്‌സുകളിലാണ് സ്മൃതി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ഇവയില്‍ നിന്നും 747 റണ്‍സും ഇടംകൈയന്‍ ബാറ്റര്‍ അടിച്ചെടുത്തു.
ലോറ വോള്‍വാര്‍ട്ട് (697 റണ്‍സ്), ടാമി ബ്യുമോണ്ട് (554), ഹെയ്‌ലി മാത്യൂസ് (469) എന്നിവരെ പിന്തള്ളിയാണ് 2024ല്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത വനിതാ താരമായി സ്മൃതി മാറിയത്. കരിയറില്‍ ഇതു രണ്ടാം തവണയാണ് ഐസിസിയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം അവരെ തേടിയെത്തിയത്. നേരത്തേ 2018ലും ഐസിസി പുരസ്‌കാരം സ്മൃതി സ്വന്തമാക്കിയിരുന്നു.
സ്മൃതിയുടെ പ്രകടനം
അന്താരാഷ്ട്ര കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കഴിഞ്ഞ വര്‍ഷം സ്മൃതി മന്ദന കാഴ്ചവച്ചിട്ടുള്ളത്. ഏകദിനത്തില്‍ മുമ്പൊരു വര്‍ഷവും ഇത്രയും റണ്‍സ് (747 റണ്‍സ്) അവര്‍ സ്‌കോര്‍ ചെയ്തിട്ടില്ല. 57.86 എന്ന മികച്ച ശരാശരിയില്‍ 95.15 സ്‌ട്രൈക്ക് റേറ്റിലാണ് സ്മൃതി 750നടുത്ത് റണ്‍സ് കഴിഞ്ഞ വര്‍ഷം അടിച്ചെടുത്തത്.
നാലു സെഞ്ച്വറികളാണ് ഏകദിനത്തില്‍ അവര്‍ 2024ല്‍ വാരിക്കൂട്ടിയത്. വനിതാ ക്രിക്കറ്റില്‍ ഒരു താരം കലണ്ടര്‍ വര്‍ഷത്തില്‍ ഇത്രയുമധികം സെഞ്ച്വറികള്‍ നേടിയതും ഇതാദ്യമായിരുന്നു. ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരേയാണ് സ്മൃതി കഴിഞ്ഞ വര്‍ഷം ഇന്ത്യക്കു വേണ്ടി ആദ്യമായി ഏകിനത്തില്‍ കളിച്ചത്. ജൂണില്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറികളാണ് താരം അടിച്ചെടുത്തത്. വെറും 10 റണ്‍സ് വ്യത്യാസത്തില്‍ മൂന്നാം സെഞ്ച്വറി നഷ്ടമാവുകയും ചെയ്തു.
അതിനു ശേഷം ഒക്ടോബറില്‍ ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയിലും സ്മൃതി തിളങ്ങി. അഹമ്മദാബാദില്‍ നടന്ന കളിയില്‍ താരം സെഞ്ച്വറി കുറിക്കുകയും ചെയ്തു. അതിനു ശേഷം ഓസ്‌ട്രേലിയക്കെതിരേ വീണ്ടുമൊരു സെഞ്ച്വറി കൂടി സ്മൃതി സ്വന്തം പേരില്‍ കുറിച്ചു. 14 ഫോറുകളും ഒരു സിക്‌സുമടക്കം 105 റണ്‍സ് താരം സ്‌കോര്‍ ചെയ്തു. അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയില്‍ രണ്ടു ഫിഫ്റ്റികള്‍ കൂടി നേടിയാണ് അവര്‍ 2024 അവസാനിപ്പിച്ചത്.
പുരുഷ താരമായി ഒമര്‍സായ്
അഫ്ഗാനിസ്താന്റെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ അസ്മത്തുളള ഒമര്‍സായിയാണ് പുരുഷ വിഭാഗത്തില്‍ മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള ഐസിസി പുരസ്‌കാരം. ഏകദിനത്തില്‍ കഴിഞ്ഞ വര്‍ഷം അഫ്ഗാനു വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹത്തെ മുന്നിലെത്തിച്ചത്. 14 ഏകദിനങ്ങളിലാണ് ഒമര്‍സായ് കഴിഞ്ഞ വര്‍ഷം കളിച്ചത്. ഇവയില്‍ നിന്നും 417 റണ്‍സ് സ്‌കോര്‍ ചെയ്ത ഒമര്‍സായ് 17 വിക്കറ്റുകളും പോക്കറ്റിലാക്കിയിരുന്നു.

ടെസ്റ്റിലെ ബെസ്റ്റ് ബുംറ
ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കാണ്. ഈ അവാര്‍ഡ് കൈക്കലാക്കിയ ആദ്യത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറും കൂടിയാണ് അദ്ദേഹം.
2018ല്‍ വിരാട് കോലി ഈ പുരസ്‌കാരം നേടിയ ശേഷം ആദ്യമായാണ് വീണ്ടുമൊരു ഇന്ത്യന്‍ താരം ടെസ്റ്റിലെ കിങായി മാറിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 14.92 ശരാശരിയില്‍ 71 വിക്കറ്റുകള്‍ ബുംറ പിഴുതിരുന്നു. ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ 2024ല്‍ വീഴ്ത്തിയതും അദ്ദേഹം തന്നെയാണ്.