Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു കിടുവല്ലേ, ഞാനും കട്ട ഫാനാണ്; കാരണം വെളിപ്പെടുത്തി സ്മൃതി മന്ദാന

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളികളുടെ അഭിമാനമാണ് സഞ്ജു സാംസണ്‍. 2015 മുതല്‍ ഇന്ത്യന്‍ ടീമിലുണ്ടായിട്ടും വേണ്ടത്ര പരിഗണന ലഭിക്കാതെ തഴയപ്പെട്ടുനിന്ന സഞ്ജു സാംസണ് 2024ലാണ് തന്റെ കരുത്തിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചത്. മൂന്ന് സെഞ്ച്വറികളാണ് ടി20യില്‍ അദ്ദേഹം നേടിയത്. ഇതില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികളും ഉള്‍പ്പെടും. സഞ്ജുവിന്റെ ഈ വര്‍ഷത്തെ റെക്കോഡ് പ്രകടനം വരുന്ന വര്‍ഷങ്ങളിലും വലിയ അവസരങ്ങള്‍ നേടിക്കൊടുക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമെന്ന് വിളിക്കാനാവില്ലെങ്കിലും വലിയ ആരാധക പിന്തുണ ലഭിക്കുന്ന താരമാണ് സഞ്ജു സാംസണ്‍. ഇന്ത്യക്കകത്തും പുറത്തും കളിക്കാന്‍ പോകുമ്പോഴും വലിയ സ്വീകരണമാണ് സഞ്ജുവിന് ലഭിക്കാറുള്ളത്. പല താരങ്ങളും സഞ്ജുവിന്റെ ശൈലിയെ ഇഷ്ടപ്പെടുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ വനിതാ ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളായ സ്മൃതി മന്ദാന താന്‍ സഞ്ജുവിന്റെ വലിയ ആരാധികയാണെന്ന് ഒരിക്കല്‍ പറയുകയുണ്ടായി. സഞ്ജുവിനെ ഇഷ്ടപ്പെടാനുള്ള കാരണവും സ്മൃതി തുറന്ന് പറഞ്ഞിരുന്നു. അത് എന്താണെന്ന് അറിയാം.

സഞ്ജുവിന്റെ ശൈലിയോട് ഇഷ്ടം

സഞ്ജു സാംസണിന്റെ ബാറ്റിങ് ശൈലി വളരെ ഇഷ്ടമാണ്. ഭയമില്ലാതെ എത്ര അനായാസമായാണ് അദ്ദേഹം റണ്‍സുയര്‍ത്തുന്നത്. കണ്ടിരിക്കാന്‍ തോന്നുന്ന ആക്രമണ ശൈലിയാണ് സഞ്ജുവിന്റേത്. സഞ്ജുവിന്റെ ബാറ്റിങ് കാണാനാണ് ഞാന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരങ്ങള്‍ കാണാന്‍ തുടങ്ങിയത്. ഇപ്പോള്‍ രാജസ്ഥാന്റെ ആരാധികയായി ഞാന്‍ മാറിയത് സഞ്ജു കാരണമാണ്. ആക്രമിച്ച് കളിക്കുന്ന താരങ്ങളുടെ ബാറ്റിങ് കാണാനാണ് കൂടുതല്‍ ഇഷ്ടം.

രോഹിത് ശര്‍മ, എംഎസ് ധോണി, വിരാട് കോലി എന്നിവരുടെയെല്ലാം ബാറ്റിങ്ങുകള്‍ പരമാവധി കാണാന്‍ ശ്രമിക്കാറുണ്ട്' മന്ദാന പറഞ്ഞു. ഇന്ത്യന്‍ വനിതാ ടീമിലെ ആക്രമണകാരിയായ ബാറ്റ്‌സ് വുമണാണ് മന്ദാന. ഓപ്പണറായ താരം അടിച്ചുതകര്‍ത്ത് കളിക്കുന്നു. സഞ്ജു ഉള്‍പ്പെടെ ആക്രമിച്ച് കളിക്കുന്ന താരങ്ങളെയാണ് കൂടുതല്‍ ഇഷ്ടമെന്നാണ് മന്ദാന പറയുന്നത്. വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിയുടെ ക്യാപ്റ്റനാണ് മന്ദാന. ആര്‍സിബിയെ കിരീടത്തിലേക്കെത്തിക്കാനും മന്ദാനക്കായിരുന്നു.

sanju samson

സഞ്ജു 2024ല്‍ നിറഞ്ഞാടി

സഞ്ജു സാംസണിന്റെ കരിയര്‍ നോക്കുമ്പോള്‍ വലിയ തിരിച്ചടികള്‍ കാണാനാവും. കേരളത്തില്‍ നിന്ന് ഐപിഎല്ലിലേക്കെത്തിയ സഞ്ജുവിന് വഴിത്തിരിവ് നല്‍കുന്നത് രാജസ്ഥാന്‍ റോയല്‍സാണ്. രാഹുല്‍ ദ്രാവിഡ് നല്‍കിയ പിന്തുണയില്‍ രാജസ്ഥാനിലേക്കെത്തിയ സഞ്ജു തകര്‍പ്പന്‍ പ്രകടനങ്ങളോടെ എല്ലാവരുടേയും ശ്രദ്ധ നേടിയെടുത്തു. ജസ്പ്രീത് ബുംറയേയും ലസിത് മലിംഗയേയുമെല്ലാം പഞ്ഞിക്കിട്ട സഞ്ജു ഐപിഎല്ലിലൂടെ കരിയര്‍ വളര്‍ത്തി.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്തേക്കെത്തിയതോടെ സഞ്ജു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. നായകനായി രാജസ്ഥാനെ ഫൈനലിലേക്കെത്തിക്കാനും അദ്ദേഹത്തിനായി. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരം സീറ്റ് സഞ്ജുവിന് ലഭിച്ചിരുന്നില്ല. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷമാണ് സഞ്ജുവിനെ ടി20 ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഈ അവസരം സഞ്ജു നന്നായി മുതലാക്കി. ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടി.

പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അവരുടെ തട്ടകത്തില്‍ രണ്ട് സെഞ്ച്വറികളും നേടി സഞ്ജു എല്ലാവരേയും ഞെട്ടിച്ചു. ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് ടി20 സെഞ്ച്വറി നേടുന്ന ആദ്യത്തെ ബാറ്റ്‌സ്മാനായും സഞ്ജു മാറി. ഇനി ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയാണ് വരാനിരിക്കുന്നത്. സഞ്ജുവിന് തകര്‍പ്പന്‍ പ്രകടനത്തോടെ മുന്നേറാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

ഐപിഎല്ലില്‍ കപ്പടിക്കണം

സഞ്ജുവിന്റെ കരിയറില്‍ ഇനിയും മുന്നോട്ട് പോകാന്‍ രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്‍ കിരീടത്തിലേക്ക് എത്തിക്കേണ്ടതായുണ്ട്. മെഗാ ലേലത്തില്‍ വലിയ അഴിച്ചുപണികള്‍ നടത്തിയ രാജസ്ഥാന്‍ കൂടുതല്‍ കരുത്തോടെയാണ് പുതിയ സീസണിലേക്കെത്തുന്നത്. സഞ്ജുവിന് കീഴില്‍ കപ്പിലേക്കെത്താന്‍ രാജസ്ഥാന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവില്‍ ടി20യില്‍ മാത്രമാണ് ഇന്ത്യ സഞ്ജുവിന് സീറ്റ് നല്‍കുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മിന്നിക്കാന്‍ സഞ്ജുവിന് വരുന്ന ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്.

Story first published: Tuesday, December 24, 2024, 14:13 [IST]
Other articles published on Dec 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+