IND vs AUS: സ്മിത്ത് ഇനി ഇതിഹാസങ്ങള്‍ക്കൊപ്പം, വമ്പന്‍ നേട്ടം- അതും ഏറ്റവും വേഗത്തില്‍!
സിഡ്‌നി: ഇന്ത്യക്കെതിരേ പുരോഗമിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറിയടിച്ചതോടെ എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത്. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് 338 റണ്‍സ് വരെയെത്തിച്ചത് സ്മിത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു. 226 ബോളില്‍ 16 ബൗണ്ടറികളോടെ 131 റണ്‍സാണ് താരം നേടിയത്. ഈ സെഞ്ച്വറിയോടെ പല നാഴികക്കല്ലുകളും സ്മിത്ത് പിന്നിടുകയും ചെയ്തു. 2017നു ശേഷം ഇന്ത്യക്കെതിരേ ടെസ്റ്റില്‍ ഒരു ഓസീസ് താരത്തിന്റെ ആദ്യ സെഞ്ച്വറി കൂടിയാണ് അദ്ദേഹം കുറിച്ചത്.

ഇതിഹാസങ്ങള്‍ക്കൊപ്പം
ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ ഇതിഹാസ താരങ്ങളുടെ ലിസ്റ്റില്‍ സ്മിത്തും ഇപ്പോള്‍ ഇടം പിടിച്ചിരിക്കുകയാണ്. എട്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് സിഡ്‌നിയില്‍ അദ്ദേഹം തികച്ചത്.
ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്, വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ അതികായന്‍മാരായ വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഗാരി സോബേഴ്‌സ് എന്നിവര്‍ക്കൊപ്പമെത്തിയിരിക്കുകയാണ് സ്മിത്ത്. ഒരു സെഞ്ച്വറി കൂടി നേടുന്നതോടെ അദ്ദേഹം ഇവരെ പിന്തള്ളി ലോക റെക്കോര്‍ഡിന് അവകാശിയാവും.

ഏറ്റവും വേഗത്തില്‍ നേട്ടം
എലൈറ്റ് ലിസ്റ്റില മറ്റു വമ്പന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും വേഗത്തില്‍ എട്ടു സെഞ്ച്വറികള്‍ നേടിയത് സ്മിത്താണ്. ഇതിനു വേണ്ടി 25 ഇന്നിങ്‌സുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ.
30 ഇന്നിങ്‌സുകളില്‍ എട്ടു സെഞ്ച്വറിയടിച്ച സോബേഴ്‌സിന്റെ റെക്കോര്‍ഡ് സ്മിത്ത് പഴങ്കഥയാക്കുകയായിരുന്നു. റിച്ചാര്‍ഡ്‌സിനു എട്ടു സെഞ്ച്വറികളിലെത്താന്‍ 41 ഇന്നിങ്‌സുകളും പോണ്ടിങിന് 51 ഇന്നിങ്‌സുകളും വേണ്ടി വന്നിരുന്നു.

ബ്രാഡ്മാന് പിന്നില്‍
ടെസ്റ്റ് കരിയറിലെ 27ാമത്തെ സെഞ്ച്വറിയാണ് സ്മിത്ത് സിഡ്‌നിയില്‍ കണ്ടെത്തിയത്. ഏറ്റവും വേഗത്തില്‍ ഇത്രയും സെഞ്ച്വറികളടിച്ച രണ്ടാമത്തെ താരമായി അദ്ദേഹം മാറുകയും ചെയ്തു.
നാട്ടുകാരനായ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ മാത്രമേ സ്മിത്തിനു മുന്നിലുള്ളൂ. വെറും 70 ഇന്നിങ്‌സുകളിലായിരുന്നു മുന്‍ ഓസീസ് ഇതിഹാസം 27 സെഞ്ച്വറികള്‍ നേടിയതെങ്കില്‍ സ്മിത്ത് 136 ഇന്നിങ്‌സുകളിലാണ് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് (141 ഇന്നിങ്‌സ്) ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികളെന്ന കോലിയുടെ റെക്കോര്‍ഡിനൊപ്പം സ്മിത്ത് എത്തുകയും ചെയ്തു. 24 സെഞ്ച്വറികളോടെ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് ഇവര്‍ക്കു പിന്നിലുളളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications