സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈ കപ്പടിച്ചിരിക്കുകയാണ്. ശ്രേയസ് അയ്യര്‍ നയിച്ച മുംബൈ മധ്യ പ്രദേശിനെ തകര്‍ത്താണ് കിരീടത്തിലേക്കെത്തിയത്. അഞ്ച് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ഇന്ത്യന്‍ ക്രിക്കറ്റിലെ മുംബൈയുടെ ആധിപത്യം ഒരിക്കല്‍ക്കൂടി വെളിവാക്കുന്ന തരത്തിലായിരുന്നു ടീമിന്റെ കിരീടം. മുംബൈയെ കിരീടത്തിലേക്കെത്തിച്ചതോടെ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി മികവാണ് വലിയ ചര്‍ച്ചയായി മാറുന്നത്.
അവസാന ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കപ്പിലേക്കെത്തിക്കാന്‍ ശ്രേയസ് അയ്യര്‍ക്കായിരുന്നു. ഇക്കഴിഞ്ഞ മെഗാ ലേലത്തിന് മുമ്പ് കെകെആര്‍ ശ്രേയസിനെ ഒഴിവാക്കിയപ്പോള്‍ 26.75 കോടിക്കാണ് പഞ്ചാബ് കിങ്‌സ് ശ്രേയസിനെ വാങ്ങിയത്. ഇന്ത്യയുടെ അടുത്ത നായകനായിപ്പോലും ശ്രേയസ് അയ്യരെ ഇപ്പോള്‍ വാഴ്ത്തുകയാണ്. എന്നാല്‍ ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈ തോറ്റത് കേരളത്തിനെതിരേ മാത്രമാണെന്നതാണ് എടുത്തു പറയേണ്ടത്.
സഞ്ജു സാംസണായിരുന്നു കേരളത്തിന്റെ നായകന്‍ എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ശ്രേയസിന്റെ ക്യാപ്റ്റന്‍സി വലിയ പ്രശംസ ഏറ്റുവാങ്ങുമ്പോള്‍ ശ്രേയസിനെക്കാള്‍ മികച്ച നായകനാണ് സഞ്ജു സാംസണെന്ന് അഭിപ്രായപ്പെടുകയാണ് ആരാധകര്‍.
മുംബൈയെ വിറപ്പിച്ച ക്യാപ്റ്റന്‍സി
മുംബൈ ആറില്‍ അഞ്ച് മത്സരവും ജയിച്ചാണ് പ്ലേ ഓഫിലേക്കെത്തിയത്. എന്നാല്‍ കേരളത്തോടെ 43 റണ്‍സിന് തോല്‍ക്കേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം അഞ്ച് വിക്കറ്റിന് 234 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് 9 വിക്കറ്റിന് 191 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. കരുത്തുറ്റ മുംബൈ ബാറ്റിങ് നിരയെ തളക്കാന്‍ നായകനെന്ന നിലയില്‍ സഞ്ജുവിന് സാധിച്ചു. കൃത്യമായ ബൗളിങ് ചെയ്ഞ്ചിലൂടെയും ഫീല്‍ഡിങ് വിന്യാസത്തിലൂടെയും മുംബൈയെ വിറപ്പിക്കാന്‍ സഞ്ജുവിനായി.
നായകനെന്ന നിലയില്‍ ബാറ്റുകൊണ്ട് സഞ്ജുവിന് തിളങ്ങാനായില്ല. എന്നാല്‍ കേരളത്തിന്റെ ബൗളിങ്ങിന്റെ സമയത്ത് കിടിലന്‍ ക്യാപ്റ്റന്‍സിയാണ് സഞ്ജു കാഴ്ചവെച്ചത്. എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരുടെ ദൗര്‍ബല്യം മനസിലാക്കി തന്ത്രം മെനയാന്‍ സഞ്ജുവിന് കഴിവുണ്ട്. ശ്രേയസ് അയ്യരെക്കാളും തന്ത്രശാലിയായ താരമാണ് സഞ്ജുവെന്ന് പറയാന്‍ സാധിക്കും. എന്നാല്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നതും പരിഗണന ലഭിക്കുന്നതും സഞ്ജു സാംസണെക്കാള്‍ കൂടുതല്‍ ശ്രേയസ് അയ്യര്‍ക്കാണെന്ന് പറയാം.

ഐപിഎല്ലിലും സഞ്ജു ശ്രേയസിനെ കടത്തിവെട്ടി
അവസാന ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് കപ്പിലേക്കെത്തിയത്. ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ കളിച്ച കെകെആര്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഒന്നുമല്ലാതാക്കിയാണ് വിജയം നേടിയെടുത്തത്. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചിരുന്നു. 223 എന്ന വമ്പന്‍ ടോട്ടല്‍ കെകെആര്‍ പടുത്തുയര്‍ത്തിയിട്ടും അതിനെ മറികടന്ന് ജയിക്കാന്‍ സഞ്ജുവിന്റെ രാജസ്ഥാന് സാധിച്ചു.
ശ്രേയസിനെക്കാള്‍ മികച്ച രീതിയില്‍ തന്ത്രം മെനഞ്ഞ് മത്സരഫലം മാറ്റാന്‍ സഞ്ജുവിന് കഴിവുണ്ട്. എന്നാല്‍ കപ്പിലേക്കെത്താനുള്ള ഭാഗ്യം ഇതുവരെ ലഭിച്ചിട്ടില്ല. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി എല്ലാവരും അംഗീകരിക്കുന്നുണ്ടെങ്കിലും ശ്രേയസ് അയ്യര്‍ക്ക് ലഭിക്കുന്നതുപോലെ ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് സഞ്ജുവിന് പിന്തുണ ലഭിക്കില്ല. സഞ്ജുവിന്റെ ക്യാപ്റ്റന്‍സി നോക്കുമ്പോള്‍ ഇന്ത്യയെ നയിക്കാനുള്ള യോഗ്യതയുണ്ട്. എന്നാല്‍ ഇത്തരമൊരു അവസരം ഒരിക്കലും ലഭിച്ചേക്കില്ല.
സഹതാരങ്ങളുടെ ഇഷ്ട നായകന്‍
സഞ്ജു സാംസണിന് കൂടെ കളിച്ചവരെല്ലാം അദ്ദേഹത്തിന്റെ നായക മികവില്‍ അത്ഭുതപ്പെട്ടുവെന്ന് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അത്രത്തോളം സഹതാരങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയിട്ടുള്ള നായകനാണ് സഞ്ജു സാംസണ്‍. ശ്രേയസ് അയ്യരെക്കാള്‍ കൂടുതല്‍ സഹതാരങ്ങളോട് സൗഹൃദത്തോടെ പെരുമാറുകയും എല്ലാവരുടേയും ഇഷ്ടം പിടിച്ചു പറ്റുകയും ചെയ്യാന്‍ സഞ്ജു സാംസണിന് സാധിക്കുന്നുണ്ട്. എന്നാല്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി കൂടുതല്‍ ആഘോഷിക്കപ്പെടാന്‍ കാരണം അദ്ദേഹം മുംബൈ താരമാണെന്നതിനാലാണ്. കഴിവും മികവും നോക്കുമ്പോള്‍ ടി20 ഫോര്‍മാറ്റില്‍ സഞ്ജു ശ്രേയസിനെക്കാള്‍ മികച്ചവനാണെന്ന് തന്നെ പറയാം.