Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

SMAT: അടിയോടടി, ലോക റെക്കോഡ് സ്‌കോര്‍ നേടി ബറോഡ; ചരിത്രത്തില്‍ ഇതാദ്യം

ഇന്‍ഡോര്‍: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ലോക റെക്കോഡ് ബാറ്റിങ് പ്രകടനവുമായി ബറോഡ. സിക്കിമിനെതിരായ മത്സരത്തിലാണ് ബറോഡയുടെ ബാറ്റിങ് വെടിക്കെട്ട്. 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 349 റണ്‍സാണ് ക്രുണാല്‍ പാണ്ഡ്യ നയിക്കുന്ന ബറോഡ അടിച്ചെടുത്തത്. ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലെന്ന റെക്കോഡിലേക്കാണ് ബറോഡ എത്തിയിരിക്കുന്നത്. തുടക്കം മുതല്‍ അടിച്ചുതകര്‍ത്ത ബറോഡ സിക്കിം ബൗളര്‍മാരുടെ ദൗര്‍ബല്യത്തെ മുതലാക്കുകയായിരുന്നു.

ടി20യില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ടീമിന്റെ നായകനെന്ന ചരിത്ര നേട്ടത്തിലേക്കെത്താനും ക്രുണാലിനായി. എന്തായാലും സിക്കി ബൗളര്‍മാരെല്ലാം തല്ലുകൊണ്ടോടിയപ്പോള്‍ ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണ് കാണാനായത്. ക്രുണാല്‍ പാണ്ഡ്യ ബാറ്റ് ചെയ്യാനിറങ്ങിയില്ല. അതിന് മുമ്പ് തന്നെ ടോപ് ഓഡര്‍ താരങ്ങള്‍ ബറോഡയെ വലിയ സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു.

തുടക്കം മുതല്‍ വെടിക്കെട്ട്

സിക്കിമിനെതിരേ കടന്നാക്രമിച്ച് കളിക്കുകയെന്നതായിരുന്നു ബറോഡയുടെ തന്ത്രം. ഇത് കൃത്യമായി നടപ്പിലാക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചു. ഓപ്പണര്‍മാരായ ശാശ്വത് റാവത്തും അഭിമന്യുസിങ് രജപുത്തുമാണ് ഇറങ്ങിയത്. രണ്ട് പേരും തുടക്കം മുതല്‍ കടന്നാക്രമിച്ചു. ശാശ്വത് 16 പന്തില്‍ നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 43 റണ്‍സെടുത്താണ് പുറത്തായത്. 268.75 സ്‌ട്രൈക്ക് റേറ്റിലായിരുന്നു പ്രകടനം. അഭിമന്യുസിങ് 17 പന്തില്‍ 53 റണ്‍സാണ് നേടിയത്.

നാല് ഫോറും 5 സിക്‌സുമാണ് താരം നേടിയത്. 311ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 31 പന്തിലായിരുന്നു ഈ നേട്ടമെന്നതാണ് എടുത്തു പറയേണ്ടത്. ഇരുവരും ചേര്‍ന്ന് നല്‍കിയ ഗംഭീര തുടക്കത്തെ പിന്നാലെ എത്തിയവര്‍ കൃത്യമായി മുതലാക്കിയെന്നതാണ് എടുത്തു പറയേണ്ട കാര്യം. എന്തായാലും ലോക റെക്കോഡിലേക്കുള്ള കുതിപ്പിന്റെ തുടക്കം ഗംഭീരമാക്കാന്‍ ഓപ്പണര്‍മാര്‍ക്കായി.

krunal pandya

ഭാനു പനിയക്ക് കിടിലന്‍ സെഞ്ച്വറി

ഓപ്പണര്‍മാര്‍ മികച്ച പ്രകടനം നടത്തി മടങ്ങിയ ശേഷം ബറോഡയെ മുന്നോട്ട് കൊണ്ടുപോയത് ഭാനു പനിയയാണ്. തകര്‍പ്പന്‍ സെഞ്ച്വറിയോടെ താരം പുറത്താവാതെ നിന്നു. 51 പന്തോടെ അഞ്ച് ഫോറും 15 സിക്‌സും ഉള്‍പ്പെടെയാണ് ഭാനു പനിയ പുറത്താവാതെ നിന്നത്. 262 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഭാനു പനിയയുടെ പ്രകടനം. ബറോഡയെ ചരിത്ര സ്‌കോറിലേക്ക് നയിച്ചതിന് കാരണമായത് ഈ പ്രകടനമാണെന്ന് നിസംശയം പറയാം.

പിന്നാലെ എത്തിയവരെല്ലാം അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. ശിവലിക് ശര്‍മ 17 പന്തില്‍ 55 റണ്‍സാണ് നേടിയത്. മൂന്ന് ഫോറും 6 സിക്‌സും ഉള്‍പ്പെടെയാണ് അദ്ദേഹം മിന്നിച്ചത്. വിഷ്ണു സോളങ്കി 16 പന്തില്‍ 50 റണ്‍സും നേടി. രണ്ട് ഫോറും ആറ് സിക്‌സുമാണ് അദ്ദേഹം പറത്തിയത്. മഹേഷ് പിതിയ 8 റണ്‍സും നേടി. ഇതോടെ ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 349 എന്ന സ്‌കോറിലേക്ക് ബറോഡ എത്തുകയായിരുന്നു.

ഗ്രൂപ്പില്‍ ബറോഡ മൂന്നാമത്

നിലവില്‍ ഗ്രൂപ്പ് ബിയില്‍ ബറോഡ മൂന്നാം സ്ഥാനത്താണുള്ളത്. സൗരാഷ്ട്ര, ഗുജറാത്ത് ടീമുകളാണ് മിന്നും പ്രകടനത്തോടെ തലപ്പത്ത് നില്‍ക്കുന്നത്. ബറോഡ ഇന്ന് വമ്പന്‍ ജയം നേടുമെന്നുറപ്പാണ്. അങ്ങനെ സംഭവിച്ചാല്‍ ബറോഡക്ക് മുന്നേറാന്‍ സാധിക്കും. കര്‍ണാടക, തമിഴ്‌നാട്, ഉത്തരാഖണ്ഡ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ ത്രിപുരയും സിക്കിമും മാത്രമാണ് അല്‍പ്പം ദുര്‍ബലരായുള്ളത്. എന്തായാലും ബറോഡയുടെ ഇന്നത്തെ പ്രകടനം ചരിത്രത്തില്‍ അടയാളപ്പെടുത്താവുന്നതാണ്.

Story first published: Thursday, December 5, 2024, 11:09 [IST]
Other articles published on Dec 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+