ലഖ്‌നൗ: മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സ്‌ഫോടനാത്മക ബാറ്റിങ് പലപ്പോഴും പ്രശംസിക്കപ്പെടാറുണ്ടെങ്കിലും വിക്കറ്റ് കീപ്പിങ് മികവിനു അര്‍ഹിച്ച അംഗീകാരം കിട്ടാറില്ല. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയോളം കഴിവുള്ള താരമാണ അദ്ദേഹം.
ഇപ്പോഴിതാ സഞ്ജു ഇതു വീണ്ടും തെളിയിച്ചിരിക്കുകയാണ്. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിനായി അദ്ദേഹത്തിന്റെ ഒരു മിന്നല്‍ സ്റ്റംപിങാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഈ വീഡിയോയും വൈറലായി മാറിയിരിക്കുകയാണ്.

എന്തൊരു സ്റ്റംപിങ്
ലഖ്‌നൗവിലെ എകാന സ്റ്റേഡിയത്തില്‍ ഛത്തീസ്ഗഡുമായുള്ള മല്‍സരത്തിലാണ് കേരളാ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ മിന്നല്‍ സ്റ്റംപിങ് കണ്ടത്. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം അരങ്ങേറുകയും ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്ത വിഘ്‌നേഷ് പുത്തൂരിന്റെ ബൗളിങിലായിരുന്നു ഇത്.
കേരളാ കുപ്പായത്തില്‍ വിഘ്‌നേഷ് അരങ്ങേറിയ മല്‍സരം കൂടിയായിരുന്നു ഇത്. അദ്ദേഹത്തിനു ക്യാപ്പ് സമ്മാനിച്ചത് സഞ്ജു തന്നെയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഡിന്റെ ഇന്നിങ്‌സിലെ 15ാമത്തെ ഓവറിലായിരുന്നു സഞ്ജുവിന്റെ കണ്ണഞ്ചിപ്പിക്കുന്ന സ്റ്റംപിങ് പ്രകടനം
തൊട്ടുമുമ്പത്തെ ഓവറില്‍ ക്യാപ്റ്റന്‍ അമന്‍ദീപ് ഘാരെയെ (41) നഷ്ടമായതോടെ ഛത്തീസ്ഗഡ് അഞ്ചിനു 98 റണ്‍സിലേക്കു വീണിരുന്നു. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയത് വിഘ്‌നേഷാണ്. പുതുതായി ക്രീസിലെത്തിയ ഇടംകൈയന്‍ ബാറ്ററായ അജയ് മണ്ഡല്‍ ഓവറിലെ രണ്ടാമത്തെ ബോളില്‍ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ചു.
വിഘ്‌നേഷിന്റെ ബൗളിങില്‍ സഞ്ജുവിന്റെ സ്റ്റംപിങ്. വീഡിയോ കാണാം
ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി സിക്‌സര്‍ പറത്താനായിരുന്നു മണ്ഡലിന്റെ പ്ലാന്‍. പക്ഷെ അതു അമ്പെ പാളി. പിച്ച് ചെയ്ത ശേഷം ബോള്‍ ടേണ്‍ ചെയ്തപ്പോള്‍ അതു താരത്തിനു കണക്ട് ചെയ്യാനുമായില്ല. അബദ്ധം മനസ്സിലാക്കിയ മണ്ഡല്‍ ക്രീസിലേക്കു തിരിഞ്ഞ് ബാറ്റ് താഴെ വയ്ക്കാന്‍ ശ്രമിക്കുമ്പോഴേത്തും സഞ്ജു സ്റ്റംപിങ് നടത്തിക്കഴിഞ്ഞിരുന്നു.
അത്ര മാത്രം ചടുലമായിരുന്നു അദ്ദേഹത്തിന്റെ നീക്കം. ഷോട്ട് മിസ്സായ ബാറ്റര്‍ക്കു തിരിയാനുള്ള അവസരം പോലും സഞ്ജു നല്‍കിയില്ല. ബോള്‍ അദ്ദേഹത്തിന്റെ ഗ്ലൗസുകളിലക്കു വന്നതും സ്റ്റംപിങ് നടത്തിയതും ഒരേ സെക്കന്റലായിരുന്നു. എംഎസ് ധോണിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സ്റ്റംപിങ് കൂടിയായിരുന്നു ഇത്.
കേരളത്തിനു വേണ്ടി കന്നി ടി20 മല്‍സരത്തില്‍ തന്നെ വിഘ്‌നേഷിനു ബൗളിങില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയമായ കാര്യം. നാലോവര്‍ ക്വാട്ട തികച്ച അദ്ദേഹം 7.25 ഇക്കോണമി റേറ്റില്‍ രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു.

ബാറ്റിങിലും മിന്നിച്ച് സഞ്ജു
ക്യാപ്റ്റന്‍സിയിലും വിക്കറ്റ് കീപ്പിങിലും മാത്രമല്ല, ബാറ്റിങിലും ഇതു സഞ്ജു സാംസണിന്റെ ദിവസമായിരുന്നു. ഛത്തീസ്ഗഡ് നല്‍കിയ 121 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം ഇതു അനായാസം മറികടക്കാന്‍ കേരളത്തെ സഹായിക്കുകയും ചെയതു.
എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സഞ്ജുവും ടീമും ആഘോഷിച്ചത്. അര്‍ഹിച്ച ഫിഫ്റ്റി നഷ്ടമായെങ്കിലും കേരളത്തിന്റെ റണ്‍ചേസ് എളുപ്പമാക്കിയത് സഞ്ജുവിന്റെ പ്രകടനമായിരുന്നു. വെറും 15 ബോളില്‍ 286.67 സ്‌ട്രൈക്ക്് റേറ്റില്‍ അദ്ദേഹം വാരിക്കൂട്ടിയത് 43 റണ്‍സാണ്. അഞ്ചു സിക്‌സറും രണ്ടു ഫോറും ഇതിലുള്‍പ്പെടും.
സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളിയായ രോഹന്‍ കുന്നുമ്മലും മോശമാക്കിയില്ല. 17 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം 33 റണ്‍സെടുത്ത് താരം പുറത്തായി. ഓപ്പണിങ് വിക്കറ്റില്‍ സഞ്ജു- രോഹന്‍ ജോടി 26 ബോളില്‍ 72 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ കേരളം വിജയമുറപ്പിച്ചിരുന്നു. 10.4 ഓവറില്‍ രണ്ടു വിക്കറ്റിനു കേരളം വിജയ റണ്‍സും കുറിക്കുകയായിരുന്നു.