ഹൈദരാബാദ്: സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ തീപ്പൊരി ഇന്നിങ്‌സുകള്‍ക്കു താന്‍ തയ്യാറായിക്കഴിഞ്ഞെന്നു തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ. സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ടിലാണ് അദ്ദേഹം കൊടുങ്കാറ്റായി മാറിയത്. പഞ്ചാബിനായി ഓപ്പണിങില്‍ ഇറങ്ങിയ അഭി തീപ്പൊരി സെഞ്ച്വറി കുറിക്കുകയായിരുന്നു.
നേരത്തേ ആദ്യത്തെ രണ്ടു കളിയിലും ഒറ്റയക്ക സ്‌കോറിനു പുറത്തായതിന്റെ ക്ഷീണം ഈ മല്‍സരത്തില്‍ അദ്ദേഹം തീര്‍ക്കുകയും ചെയ്തു. ബംഗാളുമായുള്ള മല്‍സരത്തില്‍ വെറും 52 ബോളില്‍ അഭിഷേക് വാരിക്കൂട്ടിയത് 148 റണ്‍സാണ്. പല ബാറ്റിങ് റെക്കോര്‍ഡുകളും ഇതോടെ അദ്ദേഹം തകര്‍ക്കുകയും ചെയ്തിരിക്കുകയാണ്.

അഭിഷേകിന്റെ അഴിഞ്ഞാട്ടം
അഭിമന്യു ഈശ്വരന്‍ നയിച്ച ബംഗാളിനെതിരേ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയായ അഭിഷേക് ശര്‍മയുടെ അഴിഞ്ഞാട്ടമാണ് കണ്ടത്. മുമ്മദ് ഷമിയും ആകാശ്ദീപുമുള്‍പ്പെടുന്ന ബംഗാളിന്റെ മികച്ച ബൗളിങ് ആക്രമണത്തെ അദ്ദേഹം നിലം തൊടീച്ചില്ല.
ഷമി നാലോവറില്‍ 61 റണ്‍സും ആകാശ് ദീപ് 55 റണ്‍സും വിട്ടുകൊടുത്തു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ അഞ്ചു വിക്കറ്റിനു വാരിക്കൂട്ടിയത് 310 റണ്‍സാണ്. അഭിഷേകിനെ കൂടാതെ മറ്റൊരു ഓപ്പണര്‍ പ്രഭ്‌സിമ്രന്‍ സിങും (35 ബോളില്‍ 70) കസറി.
ഫോറുകളേക്കാള്‍ സിക്‌സറുകളിലാണ് അഭിഷേക് മിന്നിച്ചത്. 16 കൂറ്റന്‍ സിക്‌സറുകള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഫോറുകളാവട്ടെ എട്ടെണ്ണം മാത്രമേയുണ്ടായില്ലുള്ളൂ. 284.63 എന്ന കണ്ണഞ്ചിക്കുന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ അവിശ്വസനീയ റണ്‍വേട്ട.
ഫിഫ്റ്റിയിലെത്താന്‍ വെറും 12 ബോളും സെഞ്ച്വറിക്കായി 32 ബോളുകളും മാത്രമേ അഭിഷേകിനു വേണ്ടി വന്നുള്ളൂ. ഈ ഫിഫ്റ്റിയോടെ തന്റെ വഴികാട്ടിയും ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറുമായ യുവരാജ് സിങിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും അദ്ദേഹമെത്തി.
2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഒരോവറില്‍ ആറു സിക്‌സറുകളുമായി ലോക റെക്കോര്‍ഡ് കുറിച്ച കളിലായിരുന്നു യുവി 12 ബോളില്‍ ഫിഫ്റ്റിയടിച്ചത്. ഈ നേട്ടത്തിനൊപ്പം ഇപ്പോള്‍ അഭിഷേകും പങ്കാളിയായിയിരിക്കുകയാണ്. ടി20 കരിയറിലെ എട്ടാമത്തെ സെഞ്ച്വറി കൂടിയാണ് ഈ മല്‍സരത്തില്‍ അദ്ദേഹം കണ്ടെത്തിയത്.
മുന്‍ ഇതിഹാസ ബാറ്റര്‍ വിരാട് കോലിയുടെ വമ്പന്‍ റെക്കോര്‍ഡിനു തൊട്ടരികെയും അഭിഷേക് എത്തിയിരിക്കുകയാണ്. ഒമ്പതു ടി20 സെഞ്ച്വറികളുമായാണ് കോലി തലപ്പത്തു നില്‍ക്കുന്നത്. രണ്ടു താരങ്ങളുടെയും ടി20 കരിയര്‍ താരതമ്യം ചെയ്യുമ്പോള്‍ 240 ഇന്നിങ്‌സുകള്‍ കോലി കൂടുതലായി കളിച്ചിട്ടുണ്ടെന്നതാണ് കൗതുകകരമായ കാര്യം.

ട20യിലെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ച്വറിയെന്ന ഇന്ത്യന്‍ താരങ്ങളുടെ എലൈറ്റ് ക്ലബ്ബിലും അഭിഷേക് വീണ്ടും ഇടം നേടിയിരിക്കുകയാണ്. റിഷഭ് പന്ത്, വൈഭവ് സൂര്യവംശി എന്നിവരാണ് നേരത്തേ ഇത്രയും ബോളില്‍ സെഞ്ച്വറിയടിച്ച മറ്റു ഇന്ത്യക്കാര്‍.
ഈ എലൈറ്റ് ലിസ്റ്റില്‍ നേരത്തേ തന്നെ തലപ്പത്തുള്ളയാളാണ് അഭിഷേക്. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേങിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡിന്റെ രണ്ടു അവകാശികളില്‍ ഒരാളാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം മേഘാലയക്കെതിരേയാണ് വെറും 28 ബോളില്‍ അഭിഷേക് സെഞ്ച്വറി കുറിച്ചത്.
ഇത്ര തന്നെ ബോളില്‍ സെഞ്ച്വറിയടിച്ച ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേലും ഈ റെക്കോര്‍ഡ് പങ്കിടുകയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരം കൂടിയായ അദ്ദേഹം കഴിഞ്ഞ വര്‍ഷം ത്രിപുരയ്‌ക്കെതിരേയായിരുന്നു ഈ കിടിലന്‍ ഇന്നിങ്‌സ് കളിച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് മുഷ്താഖ് അലിയില്‍ തന്നെ സര്‍വീസസിനെതിരേ 31 ബോളിലും ഉര്‍വില്‍ സെഞ്ച്വറി നേടിയിരുന്നു.