IND vs AUS: ടെസ്റ്റില്‍ യോര്‍ക്കര്‍ മാത്രം പോരാ! പകരം ചെയ്യേണ്ടത്- കോച്ചിന്റെ ഉപദേശം
നിശ്ചിത ഓവര്‍ ക്രിക്കറ്റിനു പിന്നാലെ ടെസ്റ്റിലും ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ തയ്യാറെടുക്കുന്ന യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റ് ടി നടരാജന് കോച്ചിന്റെ നിര്‍ണായക ഉപദേശം. സിഡ്‌നിയില്‍ ഈ മാസം ഏഴിന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിലൂടെ നട്ടു ടെസ്റ്റിലും ഇന്ത്യക്കു വേണ്ടി കന്നി മല്‍സരം കളിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റു പിന്‍മാറിയ ഉമേഷ് യാദവിന്റെ പകരക്കാരനായാണ് 29കാരനായ ഇടംകൈയന്‍ പേസര്‍ക്കു ദേശീയ ടീമില്‍ ഇടംലഭിച്ചത്. ഇതേ പര്യടനത്തില്‍ തന്നെ ഏകദിനം, ടി20 എന്നിവയിലും നട്ടു അരങ്ങേറിയിരുന്നു.

നടരാജന്‍ വളരെ ആത്മാര്‍ഥമായി പരിശ്രമിക്കുന്ന ക്രിക്കറ്ററാണെന്നു അദ്ദേഹത്തിന്റെ മുന്‍ കോച്ചും ഇപ്പോള്‍ തമിഴ്‌നാട് ടീമിന്റെ മുഖ്യ പരിശീലകനുമായ ദിവാകര്‍ വാസു ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. ഇന്ത്യന്‍ ബൗളിങ് കോച്ചായ ഭരത് അരുണിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് നട്ടുവിനെ സഹായിക്കും. വളരെ വേഗത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ മിടുക്കനാണ് അവന്‍. ഇടംകൈന്‍ പേസര്‍ ആയതു കൊണ്ടു തന്നെ വളരെ സ്വാഭാവികമായ ബൗളിങ് ആംഗിള്‍ നട്ടുവിനുണ്ട്. റെഡ് ബോള്‍ കൊണ്ടും അവനു നന്നായി ബൗള്‍ ചെയ്യാനാവും. എങ്കിലും നടരാജനെ സംബന്ധിച്ച് ഇതു കൂടുതല്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയമാണെന്നും വാസു വിശദമാക്കി.
ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാട് ടീമിന്റെ താരമാണ് നടരാജന്‍. കഴിഞ്ഞ സീസണ്‍ മുതല്‍ വാസുവിന്റെ ശിക്ഷണത്തിലാണ് പേസര്‍ കളിക്കുന്നത്. നടരാജന്റെ കാര്യത്തില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ടെസ്റ്റിലും അവന്‍ കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എല്ലാ വിജയാശംസകളും നേരുകയാണ്. പക്ഷെ ടെസ്റ്റില്‍ വളരെ വേഗത്തില്‍ അവന്‍ ക്ലിക്കാവുമെന്ന് ഞാന്‍ പറയുന്നില്ല. ടെസ്റ്റില്‍ എങ്ങനെ ബൗള്‍ ചെയ്യാമെന്നതിനെക്കുറിച്ച് അവന്‍ പഠിക്കണം. വളരെ വേഗത്തില്‍ അവനു അതിനു കഴിയുമെന്നു എനിക്കുറപ്പുണ്ട്. ടെസ്റ്റ് ക്രിക്കറ്റിനു നടരാജന്‍ തയ്യാറായിക്കഴിഞ്ഞോയെന്നു നമുക്ക് കാണേണ്ടിയിരിക്കുന്നു. അവസരം ലഭിച്ചാല്‍ അതു എങ്ങനെ മുതലെടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും അതെന്നും വാസു പറഞ്ഞു.
ബോള്‍ സ്വിങ് ചെയ്യിക്കാന്‍ നടരാജന്‍ പഠിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ സ്ഥിരതയാര്‍ന്ന ലൈനില്‍ ബൗള്‍ ചെയ്യണം. ടെസ്റ്റ് ക്രിക്കറ്റ് എളുപ്പമല്ല. ടെസ്റ്റ് ക്രിക്കറ്റിലേക്കു വന്നാല്‍ സ്ലോവര്‍ ബോളുകളും യോര്‍ക്കറുകളും അത്ര ഫലപ്രദമാവണമെന്നില്ല. ഏകദേശം 130 കിമി വേഗത്തില്‍ ബൗള്‍ ചെയ്യുന്ന അവന് ബൗണ്‍സറുകള്‍ ഒരു ഓപ്ഷനാണെന്നു ഞാന്‍ കരുതുന്നില്ല. സ്വിങ് ചെയ്യിക്കാനും ആംഗിള്‍ മെച്ചപ്പെടുത്താനുമാണ് നടരാജന്‍ ശ്രമിക്കേണ്ടത്. അതായിരിക്കും ടെസ്റ്റില്‍ വിജയിക്കാന്‍ അവനെ സഹായിക്കുകയെന്നും വാസു ഉപദേശിക്കുന്നു.
അത്ര വേഗവും, അത്ര നന്നായി സ്വിങ് ചെയ്യാനുമറിയാത്ത നടരാജന്‍ ടെസ്റ്റില്‍ സ്‌ട്രൈക്ക് ബൗളറായി മാറുമെന്നു പ്രതീക്ഷിക്കരുത്. ടീമില്‍ സ്‌ട്രൈക്ക് ബൗളര്‍മാര്‍ വേറെയുണ്ട്. ബൗള്‍ ചെയ്ത് വിക്കറ്റുകളെടുക്കാന്‍ കഴിയുന്ന ബൗളറായി നട്ടുവിനെ ഉപയോഗിക്കാവുന്നതാണെന്നും വാസു അഭിപ്രായപ്പെട്ടു. കഴിഞ്ഞ സീസണിലെ രഞ്ജിയില്‍ തമിഴ്‌നാടിനു വേണ്ടി എല്ലാ മല്‍സരങ്ങളിലും നടരാജന്‍ കളിച്ചിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications