IND vs ENG: അഞ്ചു കോടിയുടെ മൂല്യം, ഇന്ത്യയുടെ ആറാമത്തെ പട്ടേല്‍!- ആരാണ് അക്ഷര്‍, അടുത്തറിയാം
ഒടുവില്‍ ഇന്ത്യക്കു ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയൊരു താരത്തെക്കൂടി ലഭിച്ചിരിക്കുകയാണ്. നേരത്തേ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം കണ്ടു ശീലിച്ചിട്ടുള്ള ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ടെസ്റ്റിലെ ഇന്ത്യയുടെ പുതിയ 'എന്‍ട്രി'. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാനിറങ്ങിയതോടെ 302ാമത്തെ അരങ്ങേറ്റക്കാരനായി 27 കാരന്‍ മാറി.
ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും മികച്ച സംഭാവന ഈ ടെസ്റ്റില്‍ അക്ഷറില്‍ നിന്നും ടീം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. പരിക്കു കാരണം ടീമില്‍ ഇല്ലാത്ത സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ കുറവ് നികത്താനാണ് അദ്ദേഹത്തെ ഇന്ത്യ കൊണ്ടു വന്നിരിക്കുന്നത്. അക്ഷറിനെ നമുക്കൊന്നു അടുത്തറിയാം.

അഞ്ചു കോടിയുടെ മൂല്യം
ഐപിഎല്ലില്‍ അഞ്ചു കോടിയുടെ മൂല്യമുള്ള താരമാണ് അക്ഷര്‍. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിക്കുന്നതില്‍ അക്ഷര്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. 15 മല്‍സരങ്ങളില്‍ നിന്നും 6.41 ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റെടുത്ത അദ്ദേഹം ബാറ്റിങിലും ചില വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു.
2019ലെ ലേലത്തിലായിരുന്നു അഞ്ചു കോടി രൂപയ്ക്കു അക്ഷറിനെ ഡിസി വാങ്ങിയത്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തെ തുടര്‍ന്നു വരാനിരിക്കുന്ന സീസണിലും താരത്തെ ഡിസി നിലനിര്‍ത്തിയിരിക്കുകയാണ്.

ഏകദിനവും ടി20യും കളിച്ചു
ഇന്ത്യക്കു വേണ്ടി 38 ഏകദിനങ്ങളിലും 11 ടി20കളിലും അക്ഷര്‍ ഇതിനകം കളിച്ചു കഴിഞ്ഞു. എന്നാല്‍ ടെസ്റ്റില്‍ അരങ്ങേറാന്‍ അദ്ദേഹത്തിനു ഇത്രയും കാലം കാത്തിരിക്കേണ്ടി വരികയായിരുന്നു. ഏകദിനത്തില്‍ 45ഉം ടി20യില്‍ ഒമ്പതും വിക്കറ്റുകള്‍ അക്ഷര്‍ നേടിയിട്ടുണ്ട്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചിട്ടുള്ളത്. ഫസ്റ്റ് ക്ലാസില്‍ 39 മല്‍സരങ്ങളില്‍ നിന്നും 27.38 ശരാശരിയില്‍ 134 വിക്കറ്റുകളും 1665 റണ്‍സും അക്ഷറിന്റെ പേരിലുണ്ട്. ഒരു സെഞ്ച്വറിയും 13 ഫിഫ്റ്റികളും നേടാനും അദ്ദേഹത്തിനു കഴിഞ്ഞു.

ആറാമത്തെ പട്ടേല്‍
ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള ആറാമത്തെ പട്ടേല്‍ കൂടിയാണ് അക്ഷര്‍. ജാസു പട്ടേല്‍, ബ്രിജേഷ് പട്ടേല്‍, റഷീദ് പട്ടേല്‍, പാര്‍ഥീവ് പട്ടേല്‍, മുനാഫ് പട്ടേല്‍ എന്നിവരാണ് നേരത്തേ ഇന്ത്യക്കായി കളിച്ചിട്ടുള്ള മറ്റു പട്ടേലുമാര്‍.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലൂടെ തന്നെ അക്ഷര്‍ അരങ്ങേറ്റം കുറിക്കേണ്ടതായിരുന്നു. പക്ഷെ പരിക്കു കാരണം അവസാന നിമിഷം താരത്തിനു പിന്മാറേണ്ടി വരികയായിരുന്നു. പകരം റിസര്‍വ് ടീമിലെ ഷഹബാസ് നദീമിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത് അക്ഷര്‍ തിരിച്ചെത്തിയതോടെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ടീമിലുള്‍പ്പെടുത്തുകയും ചെയ്തു. ബൗളിങിനൊപ്പം ബാറ്റിങിലും താരം ടീമിനായി മികച്ച പ്രകടനം നടത്തുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റും ആരാധകരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications