കൊല്‍ക്കത്ത: ഐപിഎല്ലിന്റെ ലേലത്തില്‍ അപ്രതീക്ഷിത തുകയാണ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനു ലഭിച്ചത്. 10 കോടി രൂപയ്ക്കാണ് താരത്തെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. കിങ്‌സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും രംഗത്തിറങ്ങിയതോടെയാണ് മോറിസിന്റെ വില ഇത്രയും വര്‍ധിച്ചത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു അദ്ദേഹം. 11 കോടി രൂപയ്ക്കായിരുന്നു താരത്തെ ഡല്‍ഹി നിലനിര്‍ത്തിയത്. എന്നാല്‍ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്നതോടെ മോറിസിനെ ഡല്‍ഹി ഒഴിവാക്കുകയായിരുന്നു.

10 കോടി രൂപയ്ക്കു മോറിസിനെ വാങ്ങാനുള്ള ആര്‍സിബിയുടെ തീരുമാനത്തെ വിമര്‍ശിച്ചു രംഗത്തു വന്നിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ താരം സൈമണ്‍ ഡൗള്‍. ട്വിറ്ററിലൂടെയാണ് ആര്‍സിബിയുടെ നീക്കത്തെ അദ്ദേഹം കുറ്റപ്പെടുത്തിയത്. ലേലത്തിലുള്ളവരുടെ അറിവില്ലായ്മ കണ്ടപ്പോള്‍ ശരിക്കും അമ്പരന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്രിസ് വോക്‌സിനെ വാങ്ങിയത് ചൂതാട്ടം തന്നെയാണ്. ഇപ്പോഴിതാ മോറിസിനും ആര്‍സിബി അനാവശ്യമായി പണം ചെലവഴിച്ചിരിക്കുന്നു. എന്താണ് നടക്കുന്നതെന്നും ഡൗള്‍ ട്വീറ്റ് ചെയ്തു.
ദക്ഷിണാഫ്രിക്കയില്‍ അടുത്തിടെ സമാപിച്ച എംസാന്‍സി സൂപ്പര്‍ ലീഗ് ടി20 ടൂര്‍ണമെന്റിലാണ് മോറിസ് അവസാനമായി കളിച്ചത്. 10 മല്‍സരങ്ങള്‍ കളിച്ച താരം നേടിയത് 11 വിക്കറ്റുകള്‍ മാത്രമാണ്. ബാറ്റിങിലും മോറിസ് നിറംമങ്ങിയിരുന്നു. 122 റണ്‍സാണ് താരം നേടിയത്. ഐപിഎല്ലില്‍ മോറിസിന്റെ നാലാമത്തെ ടീമാണ് ആര്‍സിബി. ഡല്‍ഹിയെക്കൂടാതെ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്.