ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാറ്റത്തിലൂടെ കടന്ന് പോവുകയാണ്. പല അഴിച്ചുപണികളും ഇതിനോടകം ഇന്ത്യ ടീമില്‍ വരുത്തിക്കഴിഞ്ഞു. പല സീനിയര്‍ താരങ്ങളും പതിയെ പടിയിറങ്ങാന്‍ തയ്യാറെടുക്കുകയാണ്. രോഹിത് ശര്‍മയും വിരാട് കോലിയും ടി20യില്‍ നിന്ന് വിരമിച്ചു. വരുന്ന് മൂന്ന്, നാല് വര്‍ഷത്തിനുള്ളില്‍ ക്രിക്കറ്റില്‍ നിന്ന് ഇരുവരും പൂര്‍ണ്ണമായി വിരമിക്കാനും സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ഇന്ത്യക്ക് ഇവരുടെ ഉത്തമ പകരക്കാരെ കണ്ടെത്തേണ്ടതായുണ്ട്.
ഫിറ്റ്‌നസ് പരിശോധിക്കുമ്പോള്‍ കോലിയെക്കാള്‍ മുമ്പ് രോഹിത് ശര്‍മയാവും വിരമിക്കുക. രോഹിത് വിരമിച്ചാല്‍ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിനെയത് പ്രതികൂലമായി ബാധിച്ചേക്കും. രോഹിത് ശര്‍മ ഗംഭീര റെക്കോഡുള്ള ഓപ്പണറാണ്. അനായാസം സിക്‌സര്‍ പറത്തുന്ന രോഹിത്തിന്റെ വിടവ് നികത്തുക ഇന്ത്യക്ക് എളുപ്പമല്ല. രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് എങ്ങനെയാവും. മൂന്ന് ഫോര്‍മാറ്റിലേയും സാധ്യതാ ഓപ്പണിങ് പരിശോധിക്കാം.
ടി20യില്‍ രോഹിത് ശര്‍മ വിരമിച്ചാല്‍ ആ സ്ഥാനത്തേക്ക് ശുബ്മാന്‍ ഗില്ലിനെ പരിഗണിക്കാന്‍ സാധ്യതയില്ല. യശ്വസി ജയ്‌സ്വാളിന് സീറ്റുറപ്പാണ്. ജയ്‌സ്വാളിനൊപ്പം തല്ലിപ്പറത്താന്‍ ശേഷിയുള്ള താരത്തെയാവും ഇന്ത്യ ടി20യിലേക്ക് പരിഗണിക്കുക. ഈ റോളില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്നത് അഭിഷേക് ശര്‍മയെയാണ്. ഐപിഎല്ലിലൂടെ ഇതിനോടകം വെടിക്കെട്ട് നടത്തിയ താരം സിംബാബ് വെ പര്യടനത്തിലൂടെ ഇന്ത്യക്കായി അരങ്ങേറ്റവും കുറിച്ചു.
ഇടം കൈയന്‍ താരം അതിവേഗം റണ്‍സുയര്‍ത്തുന്ന താരമാണ്. ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും തിളങ്ങാന്‍ അഭിഷേകിന് കഴിവുണ്ട്. അന്താരാഷ്ട്ര ടി20 സെഞ്ച്വറി രണ്ടാം ഇന്നിങ്‌സില്‍ത്തന്നെ നേടിയ അഭിഷേക് യുവരാജ് സിങ്ങിന്റെ ശിഷ്യനാണ്. ഭാവിയില്‍ ഇന്ത്യയുടെ ടി20യിലെ ഓപ്പണിങ് കൂട്ടുകെട്ട് യശ്വസി ജയ്‌സ്വാളും അഭിഷേക് ശര്‍മയുമാവുമെന്ന് നിസംശയം പറയാം. രണ്ട് പേരും ബൗളിങ്ങില്‍ക്കൂടി മികവ് കാട്ടേണ്ടതായുണ്ട്.

ഇനി ഏകദിനത്തിലേക്ക് വരുമ്പോള്‍ അഭിഷേക് ശര്‍മക്ക് അവസരം ലഭിക്കുക പ്രയാസമാവും. നിലവില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണ് ഏകദിനത്തിലെ ഓപ്പണര്‍മാര്‍. രോഹിത് ശര്‍മ വിരമിച്ചാല്‍ ഏകദിനത്തിലെ ഓപ്പണര്‍ റോളിലേക്കും യശ്വസി ജയ്‌സ്വാള്‍ എത്തിയേക്കും. ശുബ്മാന്‍ ഗില്‍ ഏകദിനത്തില്‍ തിളങ്ങാന്‍ കരുത്തുള്ള താരമാണ്. ഏകദിനത്തില്‍ ഇതിനോടകം ഇരട്ട സെഞ്ച്വറിയടക്കം നേടാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്.
പതിയെ തുടങ്ങി അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശുബ്മാന്‍ ഗില്ലിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ ഏകദിനത്തില്‍ വലിയ ഭാവി ശുബ്മാന്‍ ഗില്ലിനുണ്ട്. വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ അടുത്ത സൂപ്പര്‍ ഹീറോയെന്ന വിശേഷണം ഇതിനോടകം ശുബ്മാന്‍ ഗില്ലിന് ലഭിച്ചിട്ടുണ്ട്. ബാക്കപ്പ് ഓപ്പണറായി റുതുരാജ് ഗെയ്ക് വാദിനെയാവും ഇന്ത്യ പരിഗണിക്കുക. ക്ലാസിക് താരമായ റുതുരാജിന് ഇന്ത്യ വേണ്ടത്ര അവസരം ഇതുവരെ നല്‍കിയിട്ടില്ല.
ടെസ്റ്റിലേക്ക് വരുമ്പോള്‍ ഇന്ത്യയുടെ ഓപ്പണര്‍ റോളില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം റുതുരാജ് ഗെയ്ക് വാദാവും ഉണ്ടാവുക. ശുബ്മാന്‍ ഗില്‍ ഇതിനോടകം മൂന്നാം നമ്പറിലേക്ക് മാറിക്കഴിഞ്ഞു. ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം കസറാന്‍ ശേഷിയുള്ള ക്ലാസിക് താരമാണ് റുതുരാജ്. ജയ്‌സ്വാള്‍ ഒരുവശത്ത് കടന്നാക്രമിക്കുമ്പോള്‍ റുതുരാജിനെ ടെസ്റ്റ് ഓപ്പണറായി പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. സാഹചര്യത്തിനനുസരിച്ച് ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇന്ത്യ മാറ്റം വരുത്തുമെന്നുറപ്പ്.
നിലവിലെ സാഹചര്യത്തില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക് വാദ്, അഭിഷേക് ശര്‍മ എന്നിവര്‍ക്കാവും അവസരം ലഭിക്കുക. ബാക്കപ്പ് ഓപ്പണര്‍മാരായി ഇഷാന്‍ കിഷന്‍, വെങ്കടേഷ് അയ്യര്‍ എന്നിവരെയും ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. ഇവരിലാര് വന്നാലും രോഹിത്തിന്റെ വിടവ് നികത്തുക പ്രയാസമായിരിക്കുമെന്ന് പറയാം.