ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പേര് വെട്ടിയതോടെ യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന്റെ ടി20 കരിയര്‍ അവസാനിച്ചെന്നാണ് പലരും വിശ്വസിക്കുന്നത്. പക്ഷെ ഇതല്ല യാഥാര്‍ഥ്യം. ഗില്ലിനെ അത്ര പെട്ടെന്നൊന്നും കൈവിട്ടു കളയാന്‍ കോച്ച് ഗൗതം ഗംഭീറിനും ബിസിസിഐയ്ക്കുമൊന്നും താല്‍പ്പര്യമില്ല.
ഈ വര്‍ഷം തന്നെ ഇന്ത്യന്‍ ടി20 ക്യാപ്റ്റനായി അദ്ദേഹം തിരിച്ചെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കു ശേഷം ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റനായി ബിസിസിഐ കണ്ടു വച്ചിരിക്കുന്നയാളാണ് ഗില്‍. ഈ കാരണത്താലാണ് കഴിഞ്ഞ ഏഷ്യാ കപ്പിലൂടെ വൈസ് ക്യാപ്റ്റനായി അദ്ദേഹത്തെ ടീമിലേക്കു തിരികെ വിളിക്കുകയും ചെയ്തത്.

പക്ഷെ ഏഷ്യാ കപ്പിലും പിന്നാലെ ഓസ്ട്രലേിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ പരമ്പരകളിലും ബാറ്റിങില്‍ ഗില്‍ വന്‍ ഫ്‌ളോപ്പായി. ഇതോടെയാണ് ടി20 ലോകകപ്പില്‍ അദ്ദേഹത്തിനു ടീമില്‍ ഇടം ലഭിക്കാതെയും പോയത്. പക്ഷെ പുതിയ ടി20 നായകനായി ഗില്ലിന്റെ മാസ് മടങ്ങിവരവ് ഉടനെ പ്രതീക്ഷിക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഗില്‍ സ്ഥിരം ക്യാപ്റ്റനാവും
ടി20 ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിനു പിന്നീട് രണ്ടു മാസത്തിലേറെ അന്താരാഷ്ട്ര മല്‍സരങ്ങളൊന്നുമില്ല. കാരണം മാര്‍ച്ച് അവസാനം മുതല്‍ മേയ് 31 വരെ ഐപിഎല്ലിന്റെ പുതിയ സീസണ്‍ നടക്കാനിരിക്കുകയാണ്. ഐപിഎല്ലിനു ശേഷമുള്ള ടി20 പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന്റെ നായകനായി ശുഭ്മന്‍ ഗില്‍ മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ട്. സൂര്യകുമാര്‍ യാദവിനെ മാറ്റിയാണ് അദ്ദേഹത്തെ ക്യാപ്റ്റന്‍സിയേല്‍പ്പിക്കുക.
ടി20 ലോകകപ്പ് വരെ മാത്രമേ സൂര്യ ക്യാപ്റ്റനായി തുടര്‍ന്നേക്കുകയുള്ളൂ. മോശം ഫോമും പ്രായവുമെല്ലാം അദ്ദേഹത്തിനു തിരിച്ചടിയാണ്. 36ാം വയസ്സിലേക്കു കടക്കുന്ന സൂര്യക്കു മുന്നില്‍ ഇനി കരിയര്‍ അധികം ബാക്കിയില്ല. അവസാനമായി കളിച്ച 22 ടി0കളിലും ഒരു ഫിഫ്റ്റി പോലും ഇല്ലാതിരുന്നിട്ടും നായകനായതു കൊണ്ടു മാത്രം ടീമില്‍ പിടിച്ചുനില്‍ക്കുന്നയാളാണ് അദ്ദേഹം.
അതിനാല്‍ ലോകകപ്പിനു ശേഷം ക്യാപ്റ്റന്‍സിയില്‍ നിന്നു മാത്രമല്ല, ടീമില്‍ നിന്നും സൂര്യ ഒഴിവാക്കപ്പെട്ടേക്കും. 2028ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ട് ഗില്ലിനു കീഴില്‍ പുതിയൊരു ടീമിനെ തയ്യാറാക്കി നിര്‍ത്താനാണ് കോച്ച് ഗൗതം ഗംഭീറിന്റെയും ബിസിസിഐയുടെയും പ്ലാനെന്നു ഇന്ത്യ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള പോസിറ്റീവ് പ്രതികരണത്തെ തുടര്‍ന്നാണ് ഗില്ലിനെ നായകസ്ഥാനത്തേക്കു കൊണ്ടുവരാനുള്ള നീക്കം നടക്കുവന്നത്.

ഗില്‍ ടി20 ക്യാപ്റ്റനാവണമന്ന ആഗ്രഹമാണ് ഗംഭീറിനുള്ളത്. ഈ കാരണത്താല്‍ തന്നെയാണ് ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായി ഈ വര്‍ഷം അദ്ദേഹത്തെ നിയമിച്ചത്. ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ ശേഷമുള്ള ഗില്ലിന്റെ മികച്ച പ്രകടനവും ഇതിനു വഴിയൊരുക്കി.
ടി20യിലും ടീമിനെ നന്നായി നിക്കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്ന വിശ്വാസമാണ് ഗംഭീറിനുള്ളത്. അദ്ദേഹത്തെ കൂടാതെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറിനും ഗില്ലിനോടു പ്രത്യേക താല്‍പ്പര്യമുണ്ട്.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഗില്ലിനെ ഉള്‍പ്പെടുത്തണമെന്ന അഭിപ്രായമാണ് ഗംഭീറിനും അഗാര്‍ക്കറിനുമുണ്ടായിരുന്നതെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ സെലക്ഷന്‍ കമ്മിറ്റിയിലെ മൂന്നു പേരും നായകന്‍ സൂര്യയും ഇതിനെ അനുകൂലിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെയാണ് ഗില്ലിനെ ഒഴിവാക്കുകയെന്ന തീരുമാനത്തിലേക്ക് അവര്‍ എത്തിച്ചേര്‍ന്നത്.