For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്‍ കെകെആര്‍ വിട്ടതല്ല, സംഭവിച്ചത് പുറത്താക്കല്‍!! ഈ കാരണം; പിന്നില്‍ രണ്ടു വമ്പന്‍മാര്‍

ആധുനിക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്ന വിശേഷണത്തിലേക്കു അതിവേഗം വളരുകയാണ് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്‍. വിരാട് കോലിയില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത പോസ്റ്റര്‍ ബോയ് എന്ന പദവിയും പതിയിലെ ഗില്ലിലേക്കു വന്നു കൊണ്ടിരിക്കുകയാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായും വിലസുകയാണ് പഞ്ചാബില്‍ നിന്നുള്ള ഈ 25 കാരന്‍.

ലോകോത്തര താരത്തിലേക്കുള്ള ഗില്ലിന്റെ ഈ വളര്‍ച്ച കണ്ട് ഏതെങ്കിലുമൊരു ടീം നിരാശപ്പെടുന്നുണ്ടെങ്കില്‍ അതു മൂന്നു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സായിരിക്കും. കാരണം അവര്‍ വലിയൊരു മണ്ടത്തരം കാണിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ കെകെആറിന്റെ നായകസ്ഥാനത്തു ഗില്ലിനെ കാണാമായിരുന്നു.

പക്ഷെ സൂപ്പര്‍ താരത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച മുന്‍കൂട്ടി കാണുന്നതില്‍ കെകെആര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. 2021ലെ ഐപിഎല്ലിനു ശേഷം ഗില്ലിനെ കൊല്‍ക്കത്ത കൈവിടുകയായിരുന്നു. യഥാര്‍ഥത്തില്‍ ആരായിരുന്നു അന്നു ഗില്ലിന്റെ പുറത്താവലിനു പിന്നിലെ വില്ലന്‍മാരെന്നു ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

SHUBMAN GILL KKR

വില്ലന്മാര്‍ ഇവര്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ നിന്നും ശുഭ്മന്‍ ഗില്‍ സ്വയം വിട്ടതല്ലെന്നും മറിച്ച് പുറത്താക്കപ്പെടുകയായിരുന്നുവെന്നുമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇതിനു പിന്നിലെ വില്ലന്മാര്‍ രണ്ടു പേരാണ്. ഒരാള്‍ അന്നത്തെ കെകെആര്‍ കോച്ചും ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിന്‍െ പരിശീലകനുമായ ബ്രെന്‍ഡന്‍ മക്കെല്ലമാണ്. മറ്റൊരാളാവട്ടെ അന്നത്തെ കെകെആര്‍ ക്യാപ്റ്റനും മുന്‍ ഇംഗ്ലീഷ് നായകനുമായ ഒയ്ന്‍ മോര്‍ഗനുമാണ്.

2021ലെ ഐപിഎല്ലില്‍ അഹമ്മദാബാദില്‍ നടന്ന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു നാണംകെട്ട തോല്‍വി കെകെആറിനു ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഈ മല്‍സരത്തില്‍ ടീമിന്റെ ബാറ്റിങ് പ്രകടനത്തില്‍ മക്കെല്ലം അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു. തിരിച്ചുവരണമെങ്കില്‍ ടീമിന്റെ ടോപ് ഓര്‍ഡര്‍ മാറേണ്ടത് ആവശ്യമാണെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

അന്നു ടീമിന്റെ ഓപ്പണിങ് ജോടികള്‍ ഗില്ലും ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ നിതീഷ് റാണയുമായിരുന്നു. ഇരുവരുടെയും കഴിവുകേടാണ് ടീമിനു വിനയാവുന്നതെന്നാണ് മക്കെല്ലം അന്നു തുറന്നടിച്ചത്. ഡിസിക്കെതിരായ ആ കളിയില്‍ സ്ലോ ഇന്നിങ്‌സായിരുന്നു ഗില്‍ കാഴ്ചവച്ചത്. 38 ബോളില്‍ 43 റണ്‍സിനു താരം പുറത്താവുകയായിരുന്നു.

ഗില്ലിന്റെ ഇന്നിങ്‌സില്‍ മക്കെല്ലവും മോര്‍ഗനും ഒരുപോലെ അതൃപ്തരായിരുന്നു. രൂക്ഷമായാണ് യുവതാരത്തിന്റെ ഇന്നിങ്‌സിനെ മക്കെല്ലം വിമര്‍ശിച്ചത്. നിങ്ങള്‍ക്കു ഒരാളെ മാറ്റിയെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അയാളെ തന്നെ ടീമില്‍ നിന്നും മാറ്റണമെന്നായിരുന്നു മക്കെല്ലത്തിന്റെ വാക്കുകള്‍. ഇപ്പോഴിതാ കെകെആറിന്റെ അണിയറയിലുള്ളവരാണ് ടീമില്‍ നിന്നും ഗില്ലിനെ പുറത്താക്കിയതിനു പിന്നില്‍ മക്കെല്ലവും മോര്‍ഗനുമാണെന്നു വെളിപ്പെടുത്തിയിരിക്കുന്നത്.

കാരണം ഫിയര്‍ലെസ് ക്രിക്കറ്റ് കാഴ്ചവയ്ക്കുന്ന, ആക്രമണോത്സുക ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള, വളരെ ബോള്‍ഡായവരെ ആയിരുന്നു മക്കെല്ലത്തിനും മോര്‍ഗനും ടീമില്‍ ആവശ്യം. ഒരുപാട് കഴിവുണ്ടായിട്ടും ആ സമയങ്ങളില്‍ വളരെ യാഥാസ്ഥിതികമായ സമീപനമാണ് ഗില്‍ സ്വീകരിച്ചിരുന്നത്.

ഡിസിക്കെതിരായ ആ പ്രത്യേക മല്‍സരത്തിലെ സ്ലോ ഇന്നിങ്‌സ് മാത്രമല്ല, മക്കെല്ലത്തിന്റെ അഗ്രസീവ് ശൈലിയിലുള്ള ക്രിക്കറ്റുമായി യോജിക്കുന്ന ശൈലി ആയിരുന്നില്ല ഗില്ലിന്റേത്. ഇതു അദ്ദേഹത്തിനു ടീമിലെ സ്ഥാനം നഷ്ടമാവുന്നതില്‍ നിര്‍ണായകമായ മാറുകയും ചെയ്തു.

SHUBMAN GILL KKR

ജിടിയിലേക്ക് ഗില്‍

ഐപിഎല്ലിന്റെ 2021ലെ സീസണിനു പിന്നാലെ മെഗാ ലേലം നടന്നിരുന്നു. നാലു താരങ്ങളെ മാത്രമേ ഓരോ ഫ്രാഞ്ചൈസിക്കും അപ്പോള്‍ നിലനിര്‍ത്താന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരെ നിലനിര്‍ത്തിയ കെകെആര്‍ ശുഭ്മന്‍ ഗില്ലുള്‍പ്പെടെയുള്ളവരെ ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്നാണ് മെഗാ ലേലത്തില്‍ ഗില്ലിനെ ഐപിഎല്ലിലെ പുതിയ ടീമുകളിലൊന്നായ ഗുജറാത്ത് ടൈറ്റന്‍സ് വാങ്ങിയത്.

സൂപ്പര്‍ താരത്തിലേക്കും ക്യാപ്റ്റനിലേക്കുമുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച തുടങ്ങുന്നതും അവിടെയാണ്. കന്നി സീസണില്‍ ജിടിയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഗില്‍ വഹിച്ചത്. ഐപിഎല്ലില്‍ ഇതിനകം 118 മല്‍സറങ്ങളില്‍ കളിച്ചു കഴിഞ്ഞ ഗില്ലിന്റെ സമ്പാദ്യം 3886 റണ്‍സാണ്. നാലു സെഞ്ച്വറികളും 26 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

Story first published: Thursday, July 10, 2025, 15:49 [IST]
Other articles published on Jul 10, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+