വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നും പോസ്റ്റര്‍ ബോയ് എന്നുമെല്ലാം വിശേഷിപ്പിക്കപ്പെടുന്നയാളാണ് യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍. അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് താരത്തെ ബാറ്റിങ് സെന്‍സേഷനാക്കി മാറ്റിയത്. മൂന്നു ഫോര്‍മാറ്റുകളിലും ഗില്‍ ഇതിനകം സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. ഇവയെല്ലാമാണ് മറ്റു യുവതാരങ്ങളില്‍ നിന്നും ഗില്ലിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്.
ഏകദിനത്തില്‍ 24 മല്‍സരങ്ങളില്‍ നിന്നും 65.55 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ താരം അടിച്ചെടുത്തത് 1311 റണ്‍സാണ്. 107.10 എന്ന സ്‌ട്രൈക്ക് റേറ്റുമുണ്ട്. നാലു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്. ടി20യില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 40.40 ശരാശരിയില്‍ 165.57 സ്‌ട്രൈക്ക് റേറ്റോടെ 202 റണ്‍സും ഗില്‍ നേടിയിട്ടുണ്ട്.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ താരത്തിന്റെ പ്രകടനം തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്നതാണ്. തന്റെ സ്ഥിരം ഓപ്പണിങ് പൊസിഷനില്‍ നിന്നും മാറി മൂന്നാം നമ്പറിലാണ് രണ്ടു ടെസ്റ്റുകളിലും ഗില്‍ ബാറ്റ് ചെയ്തത്. പുതുമുഖ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനായി അദ്ദേഹം തന്റെ റോള്‍ വിട്ടുനല്‍കുകയായിരുന്നു.
എന്നാല്‍ മൂന്നാം നമ്പറില്‍ കളിച്ച രണ്ടിന്നിങ്‌സുകളിലും ഗില്‍ ഫ്‌ളോപ്പായി മാറി. 6, 10 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ടെസ്റ്റില്‍ 18 മല്‍സരങ്ങളില്‍ നിന്നായി 937 റണ്‍സാണ് ഗില്‍ നേടിയത്. രണ്ടു സെഞ്ച്വറികളും നാലു ഫിഫ്റ്റികളുമടക്കമാണിത്. മറ്റു രണ്ടു ഫോര്‍മാറ്റുകളെയും അപേക്ഷിച്ച് ടെസ്റ്റില്‍ അദ്ദേഹത്തിന്റെ പ്രകടനം ആശങ്കയുണ്ടാക്കുന്നതാണ്. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.
ടെസ്റ്റില്‍ ഗില്‍ പുറത്തായ രീതികളാണ് ആശങ്കയുടെ ആദ്യത്തെ കാരണം. ബോള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ തീര്‍ച്ചയായും ചില പ്രശ്‌നങ്ങള്‍ താരത്തിനുള്ളതായി കാണാം. പലപ്പോഴും തന്റെ ഓഫ്സ്റ്റംപ് എവിടെയാണുള്ളതെന്ന് പോലും അറിയാത്ത തരത്തിലാണ് ഗില്‍ ബാറ്റ് ചെയ്യുന്നത്. ഈ കാരണത്താലാണ് എഡ്ജായും ക്ലീന്‍ ബൗള്‍ഡായുമെല്ലാം ഗില്‍ ഇതിനകം പുറത്തായിട്ടുള്ളത്.
വിന്‍ഡീസുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റിലും താരത്തിന്റെ ബാറ്റിങ് ടെക്‌നിക്ക് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ എഡ്ജായ ശേഷം ക്യാച്ച് നല്‍കി ഗില്‍ പുറത്താവുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ ലെങ്ത് ബോളിനെതിരേ പുഷ് ചെയ്യാന്‍ ശ്രമിച്ച് താരം വീണ്ടും എഡ്ജാവുകയായിരുന്നു.
നാട്ടിലും വിദേശത്തുമുള്ള ഗില്ലിന്റെ മോശം ടെസ്റ്റ് റെക്കോര്‍ഡാണ് ഇന്ത്യക്കു ആശങ്കയാവുന്ന രണ്ടാമത്തെ കാര്യം. പുതിയ താരങ്ങള്‍ക്കു സാധാരണയായി കരിയറിന്റെ തുടക്കത്തില്‍ വിദേശത്തു കളിക്കുമ്പോള്‍ ബുദ്ധിമുട്ട് നേരിടാറുണ്ട്. പക്ഷെ ഗില്‍ വിദേശത്തു മാത്രമല്ല, നാട്ടിലെ പരിചിതമായ സാഹചര്യങ്ങളിലും ടെസ്റ്റില്‍ റണ്ണെടുക്കാന്‍ വിഷമിക്കുന്നതായി കാണാം.

നാട്ടില്‍ എട്ടു ടെസ്റ്റുകളില്‍ നിന്നും ഗില്‍ ഇതുവരെ നേടിയത് 32.07 ശരാശരിയില്‍ 417 റണ്‍സാണ്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും മാത്രമേ ഇതിലുള്‍പ്പെട്ടിട്ടുള്ളൂ. വിദേശത്തു 10 ടെസ്റ്റുകളാണ് ഗില്‍ ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 30.58 ശരാശരിയില്‍ 520 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഓസ്ട്രലേിയക്കെതിരായ 2019-20ലെ കന്നി ടെസ്റ്റ് പരമ്പരയില്‍ പ്രതീക്ഷ നല്‍കുന്ന തുടക്കമായിരുന്നു ഗില്ലിന്റേത്. പക്ഷെ പിന്നീട് ഇതു നിലനിര്‍ത്താന്‍ താരത്തിനായില്ല.
ബാറ്റിങില്‍ ലഭിക്കുന്ന മികച്ച തുടക്കങ്ങള്‍ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ സാധിക്കാതെ പോവുന്നതാണ് ടെസ്റ്റില്‍ ഗില്ലിന്റെ മറ്റൊരു പ്രശ്‌നം. ഇതുവരെ കളിച്ചിട്ടുള്ള ടെസ്റ്റുകളെടുത്താല്‍ 32 ഇന്നിങ്‌സുകളില്‍ 15-25 റണ്‍സിനിടെ ആറു തവണ താരം പുറത്തായിട്ടുണ്ട്. കൂടാതെ നാലു തവണ 26-35 റണ്‍സിനിടെ ഔട്ടാവുകയും ചെയ്തു. 40കളില്‍ ഗില്‍ ഔട്ടായത് മൂന്നു തവണയാണ്.
മാത്രല്ല അര്‍ധസെഞ്ച്വറി നേടിയതിനു തൊട്ടുപിന്നാലെ മൂന്നു തവണയും ഗില്ലിന് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരേ (50), ഇംഗ്ലണ്ടിനെതിരേ (50), ന്യൂസിലാന്‍ഡിനെതിരേ (52) എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഈ തരത്തിലുള്ള തുടക്കങ്ങള്‍ വലിയ ഇന്നിങ്‌സുകളാക്കി മാറ്റിയെടുക്കുകയെന്നത് ടെസ്റ്റില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്.