ഇന്ത്യന്‍ ക്രിക്കറ്റ് തലമുറ മാറ്റത്തിന്റെ അടുത്തെത്തി നില്‍ക്കുകയാണ്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പോടെ ദേശീയ ടീമില്‍ പല മാറ്റങ്ങളും നമുക്കു പ്രതീക്ഷിക്കാം. നിലവില്‍ ടീമിന്റെ ഭാഗമായിട്ടുള്ള പല സീനിയര്‍ കളിക്കാര്‍ക്കും വഴിമാറിക്കൊടുക്കേണ്ടതായി വരും. പകരം ഇവരുടെ റോള്‍ ഏറ്റെടുക്കാന്‍ പ്രതിഭാശാലികളായ യുവതാരങ്ങള്‍ തയ്യാറായി നില്‍ക്കുകയാണ്.
അണ്ടര്‍ 25 വിഭാഗത്തില്‍ വളരെയധികം പ്രതീക്ഷ നല്‍കുന്ന, ഭാവിയില്‍ സൂപ്പര്‍ താരങ്ങളായി ഉയര്‍ന്നുവരാന്‍ ശേഷിയുള്ള ചില ഇന്ത്യന്‍ താരങ്ങളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഇവര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം. ആദ്യത്തെയാള്‍ 20 കാരനായ മധ്യനിര ബാറ്റര്‍ തിലക് വര്‍മയാണ്. ഐപിഎല്ലിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയിലൂടെ അരങ്ങേറുകയും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

നാലു ഇന്നിങ്‌സുകളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 73 ശരാശരിയോടെ 146 റണ്‍സ് തിലക് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. 139.04 സ്‌ട്രൈക്ക് റേറ്റോടെയാണിത്. ദേശീയ ടീമിനൊപ്പം മാത്രമല്ല ഓവറോള്‍ ടി20 റെക്കോര്‍ഡ് നോക്കിയാലും അത് മികച്ചതാണെന്നു കാണാം. 51 മല്‍സരങ്ങളില്‍ 42 ശരാശരിയും 142.18 സ്‌ട്രൈക്ക് റേറ്റും തിലകിനുണ്ട്.
ലിസ്റ്റ് എ ക്രിക്കറ്റില്‍ 25 മല്‍സരങ്ങളില്‍ നിന്നും 56.18 ശരാശരിയില്‍ 1236 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കും ആക്രമിച്ചും പ്രതിരോധിച്ചും കളിക്കാനുള്ള കഴിവും തിലകിനെ സ്‌പെഷ്യലാക്കുന്നു.
21 കാരനായ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് വളരെയേറെ പ്രതീക്ഷ നല്‍കുന്ന മറ്റൊരു യുവതാരം. തിലക് വര്‍മയ്‌ക്കൊപ്പം വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെ ജയ്‌സ്വാളും അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. കന്നി ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച ജയ്‌സ്വാള്‍ രണ്ടാം ടി20യില്‍ ഫിഫ്റ്റിയും കുറിച്ചിരുന്നു.
കഴിഞ്ഞ ഐപിഎല്ലിലെ എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരം ജയ്‌സ്വാളിനായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനായി 14 മല്‍സരങ്ങളില്‍ നിന്നും 163.61 സ്‌ട്രൈക്ക് റേറ്റോടെ താരം വാരിക്കൂട്ടിയത് 625 റണ്‍സായിരുന്നു. ഈ പ്രകടനം ജയ്‌സ്വാളിനെ ഇന്ത്യന്‍ ടീമിലുമെത്തിക്കുകയായിരുന്നു. ടെസ്റ്റില്‍ 88.66ഉം ടി20യില്‍ 85ഉം ശരാശരി ഇപ്പോള്‍ താരത്തിനുണ്ട്. ഫോം തുടരാനായാല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനുള്ള ശേഷിയുള്ള ബാറ്ററാണ് ജയ്‌സ്വാള്‍.
നിലവില്‍ ദേശീയ ടീം പ്ലാനിന്റെ ഭാഗമല്ലാത്ത യുവ ഓപ്പണര്‍ പൃഥ്വി ഷായാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. 23 കാരനായ താരം ഒരു സമയത്തു എല്ലാവരും പ്രശംസ കൊണ്ട് മൂടിയ ക്രിക്കറ്ററായിരുന്നു. പക്ഷെ ഫിറ്റ്‌നസില്ലായ്മയും വിവാദങ്ങളുമെല്ലാം പൃഥ്വിയുടെ കരിയറിനെ തളര്‍ത്തി. മൂന്നു ഫോര്‍മാറ്റുകളിലും ഇതിനകം ഇന്ത്യക്കായി കളിച്ച അദ്ദേഹത്തിനു ഇനി ടീമിലേക്കു മടങ്ങിവരാന്‍ സാധിക്കുമോയെന്നതാണ് ചോദ്യം.
ലിസ്റ്റ് എ ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡാണ് പൃഥ്വിയുടേത്. 56 മല്‍സരങ്ങളില്‍ നിന്നും 55.30 ശരാശരിയില്‍ 2931 റണ്‍സ് താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്. അടുത്തിടെ ഇംഗ്ലണ്ടിലെ റോയല്‍ ലണ്ടന്‍ കപ്പ് ഏകദിന ടൂര്‍ണമെന്റില്‍ 159 ബോളില്‍ 244 റണ്‍സുമായും പൃഥ്വി കസറിയിരുന്നു.

23 കാരനായ ശുഭ്മന്‍ ഗില്ലാണ് ഈ ലിസ്റ്റിലെ നാലാമന്‍. ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലുമായി 50ന് മുകളില്‍ മല്‍സരങ്ങളില്‍ ഗില്‍ ഇതിനകം കളിച്ചുകഴിഞ്ഞു. എന്നാല്‍ ഏകദിന ഫോര്‍മാറ്റിലാണ് താരം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളതെന്നു കാണാം. വെറും 19 ഇന്നിങ്‌സുകളില്‍ നിന്നും 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ഗില്ലിനു ഈ ഫോര്‍മാറ്റില്‍ 62.47 എന്ന ഗംഭീര ശരാശരിയുമുണ്ട്.
ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും ടി20യിലും ടെസ്റ്റിലും സെഞ്ച്വറികളും ഗില്‍ ഇതിനകം നേടിക്കഴിഞ്ഞു. വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം എല്ലാ ഫോര്‍മാറ്റുകളിലും ടീമിന്റെ അവിഭാജ്യ ഘടകവുമാണ്.
23 കാരനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് ഈ ലിസ്റ്റിലെ അഞ്ചാമന്‍. പൃഥ്വിയെപ്പോലെ തന്നെ 18ാം വയസ്സില്‍ അരങ്ങേറുകയും ഇതിനകം തന്നെ മൂന്നു ഫോര്‍മാറ്റുകളിലും കളിക്കുകയും ചെയ്തിട്ടുള്ള താരമാണ് വാഷിങ്ടണ്‍.
ടെസ്റ്റില്‍ നാലു മല്‍സരങ്ങളില്‍ 66.25 ശരാശരിയുള്ള അദ്ദേഹം മൂന്നു ഫിഫ്റ്റികളും നേടിയിട്ടുണ്ട്. ടി20യില്‍ 25 മല്‍സരങ്ങളില്‍ നിന്നും 29 വിക്കറ്റെടുത്ത വാഷിങ്ടണിനു 152.85 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റുമുണ്ട്. പക്ഷെ ഏകദിനത്തില്‍ ഇനിയും തന്റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനായിട്ടില്ല.