2027ലെ ഐസിസി ഏകദിന ലോകകപ്പില്‍ കൂടി കളിച്ച ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിനോടു പൂര്‍ണമായും ഗുഡ്‌ബൈ പറയുകയെന്ന ഇന്ത്യന്‍ ഇതിഹാസങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും മോഹം നടന്നേക്കില്ല. ലോകകപ്പ് പ്ലാനുകളില്‍ നിന്നും രോക്കോയെ ഒഴിവാക്കി ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരു യുവനിരയെ ലോകകപ്പിനായി തയ്യാറാക്കി നിര്‍ത്താനാണ് ബിസിസഐയുടെ നീക്കമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഈ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ വീണ്ടുമൊരു ലോകകപ്പ് കൂടി കളിക്കുകയെന്ന രോഹിത്തിന്റെയും കോലിയുടെയും മോഹം പൂവണിഞ്ഞേക്കില്ല. ടൂര്‍ണമെന്റിനായി കാത്തുനില്‍ക്കാതെ ഇരുവരും ഏകദിനത്തില്‍ നിന്നുകൂടി വിരമിച്ചേക്കുകയും ചെയ്യും. രോഹിത്തും കോലിയും വിരമിക്കുകയാണെങ്കില്‍ അടുത്ത ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ 11 എങ്ങനെയാവുമെന്നു നോക്കാം.

ടോപ്പ് ഫോറില്‍ ഇവര്‍
രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അഭാവം നികത്താന്‍ നിരവധി യുവതാരങ്ങളാണ് അവസരം കാത്ത് പുറത്തുനില്‍ക്കുന്നത്. അവരില്‍ നിന്നും ബെസ്റ്റിനെ തിരഞ്ഞെടുക്കുകയെന്നതു മാത്രമാണ് ഇന്ത്യ ഇനി ചെയ്യേണ്ടത്. രോഹിത്തിന്റെ അഭാവത്തില്‍ ഏകദിനത്തില്‍ ടീമിന്റെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലായിരിക്കും.
അടുത്തിടെയാണ് രോഹിത്തില്‍ നിന്നും ടെസ്റ്റ് ടീമിന്റെ കടിഞ്ഞാണ്‍ അദ്ദേഹം ഏറ്റെടുത്തത്. കരുത്തരായ ഇംഗ്ലണ്ടിനെ അവരുടെ നാട്ടിലെ ടെസ്റ്റ് പരമ്പരയില്‍ 2-2നു തളച്ച് നായകായുള്ള തുടക്കം ഗില്‍ ഗംഭീരമാക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിലെ മികച്ച പ്രകടനമാണ് ഏകദിനത്തിലും അദ്ദേഹത്തെ ചുമതലയേല്‍പ്പിക്കാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്.
രോഹിത്തിന്റ അഭാവത്തില്‍ യുവ ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളായിരിക്കും ഗില്ലിനൊപ്പം ഇന്ത്യയുടെ പുതിയ ഏകദിന ഓപ്പണര്‍. ടി20യിലും ടെസ്റ്റിലുമെല്ലാം ഓപ്പണറായി കസറിയ അദ്ദേഹം ഇനി ഏകദിനത്തിലും മികവ് ആവര്‍ത്തിക്കുമെന്നാണ് ബിസിസിഐയുട കണക്കുകൂട്ടല്‍. കോലി ഒഴിഞ്ഞിട്ട മൂന്നാം നമ്പറിന്റെ അവകാശി യുവ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശനാണ്.
ഇതിനകം മൂന്നു ഏകദിന ഏകദിന മല്‍സരങ്ങളില്‍ സായ് ഇന്ത്യക്കു വേണ്ടി കളിച്ചു കഴിഞ്ഞു. ഇവയില്‍ രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും അദ്ദേഹം കുറിച്ചിട്ടുണ്ട്. ടി20ക്കു ഏറെ യോജിച്ച ബാറ്റിങ് ശൈലിയാണ് സായിയുടേത്. അതുകൊണ്ടു തന്നെ കോലിയുടെ റോളും ഭംഗിയാക്കാന്‍ താരത്തിനായേക്കും.
മധ്യനിര, ബൗളര്‍മാര്‍
രോക്കോയുടെ പിന്‍ഗാമികളെ കണ്ടെത്തുണമെന്നത് മാറ്റിനിര്‍ത്തിയാല്‍ അടുത്ത ലോകകപ്പിലേക്കു ഇന്ത്യയുടെ നിലവിലെ ലൈനപ്പില്‍ കാര്യമായ മാറ്റങ്ങളൊന്നും ആവശ്യമില്ല. മാലു മുതല്‍ ആറു വരെ സ്ഥാനങ്ങള്‍ ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്‍ ഭദ്രമാണ്. ഇവരില്‍ ആര്‍ക്കെങ്കിലും പരിക്കറ്റാല്‍ മാത്രമേ ടീമില്‍ മാറ്റത്തിന്റെ ആവശ്യമുള്ളൂ.
കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ കിരീടവിജയത്തില്‍ നിര്‍ണായക പങ്കാണ് ശ്രേയസും രാഹുലും വഹിച്ചത്. 2027ലെ ലോകകപ്പിലും ഇവരില്‍ നിന്നും സമാനമായ പ്രകടനം ടീം പ്രതീക്ഷിക്കുന്നുണ്ട്. ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറും രാഹുല്‍ തന്നെയാണ്.

ഹാര്‍ദിക്ക് കഴിഞ്ഞാല്‍ ഏഴം നമ്പറില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാവും കളിച്ചേക്കുക. എട്ടാമനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ റോളില്‍ ഇറങ്ങുന്നത് കുല്‍ദീപ് യാദവായിരിക്കും. അതിനു ശേഷം മൂന്നു പേസര്‍മാര്‍ ടീമിലുണ്ടാവും. ജസ്പ്രീത് ബുംറയാണ് പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. അദ്ദേഹത്തിനു കൂട്ടായി മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് തുടങ്ങിവരെയും ടീമില്‍ കാണാം.
2027ലെ ലോകകപ്പില്‍ ഇന്ത്യന്‍ 11
ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, േ്രശയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.