ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ മാറ്റങ്ങളാണ് ഇനിയുള്ള കുറച്ചു വര്‍ഷങ്ങള്‍ക്കിടെ സംഭവിക്കാന്‍ പോവുന്നത്. പുതിയ ലുക്കിലുള്ള ഒരു ടീമിനെയാവും അടുത്ത മൂന്ന്- നാലു വര്‍ഷങ്ങള്‍ക്കിടെ നമുക്കു കാണാന്‍ സാധിക്കുക. പല ഇതിഹാസ താരങ്ങളുടെയും വിരമിക്കല്‍ ഇതിനിടെ പ്രതീക്ഷിക്കാം. അടുത്ത വര്‍ഷം പാകിസ്താനില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കു ശേഷമായിരിക്കും ഇന്ത്യന്‍ ഏകദിന ടീമില്‍ അഴിച്ചുപണികള്‍ തുടങ്ങിയേക്കുക.
നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയുമെല്ലാം ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഈ ഫോര്‍മാറ്റ് മതിയാക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യയെ കിരീട വിജയത്തിലേക്കു നയിക്കാന്‍ കഴിഞ്ഞാല്‍ കളി മതിയാക്കാന്‍ രണ്ടു പേര്‍ക്കും ഇതിനേക്കാള്‍ മികച്ചൊരു അവസരം ലഭിക്കാനില്ല. എന്നാല്‍ ചാംപ്യന്‍സ് ട്രോഫി നേടിയില്ലെങ്കില്‍ രോഹിത്തിനും കോലിക്കും വൈകാതെ ടീമില്‍ സ്ഥാനം നഷ്ടമായേക്കാനും സാധ്യതയുണ്ട്. ഭാവിയില്‍ ഇന്ത്യന്‍ ടീം ഏകദിനത്തില്‍ എങ്ങനെയാവും അണിനിരക്കുകയെന്നു നമുക്കു പരിശോധിക്കാം.

ഗില്ലിന്റെ ടീം ഇന്ത്യ
രോഹിത്തിന്റെ വിരമിക്കലിനു ശേഷം ടീമിന്റെ കടിഞ്ഞാണ്‍ വരിക യുവ ബാറ്റിങ് സെന്‍സേഷനും ഓപ്പണറുമായ ശുഭ്മന്‍ ഗില്ലിലേക്ക് ആയിരിക്കും. ഇതിന്റെ ആദ്യ പടിയാണ് ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ അദ്ദേഹത്തിനു വൈസ് ക്യാപ്റ്റന്‍സി നല്‍കിയത്.
ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി ഗില്ലിനെ വളര്‍ത്തിയെടുക്കാനാണ് ബിസിസിഐയുടെ പ്ലാന്‍. ഏകദിനത്തില്‍ ടീമിന്റെ പുതിയ ഓപ്പണിങ് ജോടികള്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമായിരിക്കും. ഗില്ലിനൊപ്പം ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് ജയ്‌സ്വാള്‍. ഫോമും ഫിറ്റ്‌നസും നിലനിര്‍ത്തിയാല്‍ ഗില്ലിനെ അദ്ദേഹം ഓവര്‍ടേക്കും ചെയ്‌തേക്കും.
റിഷഭും സഞ്ജുവുമില്ല
ഓപ്പണിങ് കഴിഞ്ഞാല്‍ മൂന്നാം നമ്പറിലേക്കു നറുക്കു വീഴുക യുവതാരം റുതുരാജ് ഗെയ്ക്വാദിനായിരിക്കും. അടുത്ത വൈസ് ക്യാപ്റ്റനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ട്. നിലവില്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് റുതുരാജ്. നേതൃമികവിന്റെ കാര്യത്തില്‍ ഗില്ലിനേക്കാള്‍ മിടുക്കനെന്നാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.
നാലാം നമ്പറില്‍ കളിക്കുക ശ്രേയസ് അയ്യരായിക്കും. പരിക്കുകള്‍ താരത്തിനു വില്ലനാണെങ്കിലും ഫിറ്റ്‌നസ് കാത്തുസൂക്ഷിച്ചാല്‍ ശ്രേയസ് ടീമിലെ അവിഭാജ്യ ഘടകമായി മാറുമെന്നതില്‍ സംശയമില്ല. അഞ്ചാം നമ്പറില്‍ കളിക്കുക യുവതാരം ധ്രുവ് ജുറേലായിരിക്കും. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹമാവും.

നിലവില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണെങ്കിലും സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ താരത്തിനു സ്ഥാനം നഷ്ടപ്പെടുത്തിയേക്കും. റിഷഭ് തെറിച്ചാല്‍ പിന്നെ ഈ റോളിലേക്കു ഫേവറിറ്റ് ജുറേല്‍ തന്നെയാണ്. ഏകദിനത്തില്‍ സഞ്ജു സാംസണിനു മികച്ച റെക്കോര്‍ഡുണ്ടെങ്കിലും ദേശീയ ടീമിനോടൊപ്പം വലിയ ഭാവിയുണ്ടാവാന്‍ സാധ്യതയില്ല. പ്രായം 30ലേക്കു കടക്കുന്നതും സ്ഥിരതയില്ലാത്ത പ്രകടനങ്ങളുമെല്ലാം അദ്ദേഹത്തിനു തിരിച്ചടിയാണ്.
ഓള്‍റൗണ്ടര്‍മാര്‍ ആരെല്ലാം?
ജുറേലിനു ശേഷം ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരുടെ ഊഴമായിരിക്കും. ആറാം നമ്പറിലുണ്ടാവുക യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗായിരിക്കും. ഹാര്‍ദിക് പാണ്ഡ്യയുടെ പിന്‍ഗാമിയായാണ് താരം ടീമിലെത്തുക. ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും ഏഴാം നമ്പറില്‍ കളിക്കുന്നത്.
യുവതാരം രവി ബിഷ്‌നോയ് ആവും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസ് ബൗളിങ് നിരയില്‍ മൂന്നു പേരുണ്ടാവും. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ അര്‍ഷ്ദീപ് സിങായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. യുവതാരങ്ങളായ മായങ്ക് യാദവും ഹര്‍ഷിത് റാണയുമായിരിക്കും മറ്റു രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍.
ഇന്ത്യയുടെ ഭാവി ഏകദിന 11
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, മായങ്ക് യാദവ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്.